Connect with us

National

ദേശീയ, സംസ്ഥാന പാര്‍ട്ടി പദവി: അവലോകനം 10 വര്‍ഷത്തിലൊരിക്കല്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന പദവി അവലോകനം ചെയ്യുന്നതിന്റെ ഇടവേള പത്ത് വര്‍ഷമാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തു. ഇപ്പോള്‍ ഇത് അഞ്ച് വര്‍ഷമാണ്. ഇതോടെ, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ദേശീയ പാര്‍ട്ടി പദവി അനിശ്ചിതത്വത്തിലായ ബി എസ് പി, സി പി ഐ, എന്‍ സി പി തുടങ്ങിയ കക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം നീളും. ഈ പാര്‍ട്ടികള്‍ക്ക് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
ദേശീയ, സംസ്ഥാന പാര്‍ട്ടികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ വ്യത്യാസം വരുത്തുന്നില്ലെന്ന് കമ്മീഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പകരം രണ്ട് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലാവധിയിലായിരിക്കും പദവി റിവ്യൂ ചെയ്യുക. ഇതോടെ അവലോകന ഇടവേള പത്ത് വര്‍ഷമാകും. തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കല്‍ ഉത്തരവിലെ ഖണ്ഡിക ആറ് സി ആണ് ഭേദഗതി ചെയ്തിരിക്കുന്നത്. 1968ല്‍ നിലവില്‍ വന്ന ഉത്തരവാണിത്. ഈ ഉത്തരവ് 2011ലാണ് അവസാനം ഭേദഗതി ചെയ്തത്.
ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ നേരിടുന്ന രാഷ്ട്രീയ തിരിച്ചടി ദേശീയ, സംസ്ഥാന പദവികളെ ബാധിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്നതാണ് ഈ ഭേദഗതിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകര്‍ഷകമാക്കുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ഭരണ കക്ഷികള്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടാറുണ്ട്. ഈ ഘട്ടങ്ങളില്‍ ഇവയുടെ പദവി തുലാസിലാകുകയും ചെയ്യും. പത്ത് വര്‍ഷമാകുന്നതോടെ ഈ അവസ്ഥയില്‍ നിന്ന് തത്കാലം കരകയറാനും അടുത്ത തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനും സാധിക്കും.
ഇപ്പോള്‍ ബി എസ് പി, ബി ജെ പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സി പി ഐ, സി പി എം, എന്‍ സി പി എന്നിവക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ 64 എണ്ണമാണ്.

Latest