യാത്രക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സുമായി റെയില്‍വേ

Posted on: August 23, 2016 12:14 am | Last updated: August 23, 2016 at 12:14 am

railwayതിരുവനന്തപുരം: യാത്രക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി റെയില്‍വേ. സെപ്തംബറോടെ പദ്ധതി തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 12 ലക്ഷം യാത്രക്കാര്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ്‌വരുത്തുന്നത്. ഐ ആര്‍ സി ടി സി വഴി ട്രെയിന്‍ ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പൈലറ്റ് പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. ഓരോ ടിക്കറ്റിലും നിശ്ചിത തുക ഇന്‍ഷ്വറന്‍സ് ഇനത്തില്‍ ഈടാക്കും. ഇന്‍ഷ്വറന്‍സ് വേണോ വേണ്ടയോ എന്ന കാര്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇന്‍ഷ്വറന്‍സ് ഇല്ലാതെയും ടിക്കറ്റെടുക്കാം. യാത്രക്കിടയിലുണ്ടാകുന്ന അപകടമരണം, അംഗവൈകല്യം, ആശുപത്രിവാസം എന്നിവക്കെല്ലാം ഇന്‍ഷ്വറന്‍സ് ലഭിക്കും.
ജീവഹാനിയോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ പത്ത് ലക്ഷം രൂപ ലഭിക്കുന്ന വിധത്തിലാണ് ഇന്‍ഷ്വറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ഭാഗികമായ വൈക്യല്യങ്ങള്‍ക്ക് 7.5 ലക്ഷവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകള്‍ക്ക് പരമാവധി അഞ്ച് ലക്ഷവും ലഭിക്കും. ട്രെയിനപകടം മാത്രമല്ല ഭീകരാക്രമണം, കൊള്ള, കലാപം എന്നിവ മൂലമുള്ള അത്യാഹിതങ്ങള്‍ക്കും ഈ പദ്ധതി അനുസരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. അഞ്ച്‌വയസ്സില്‍ താഴെ പ്രായമായ കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ബുക്കിംഗ് സമയത്ത് കുട്ടികളുടെ വിവരങ്ങള്‍ നല്‍കി അവര്‍ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാം.
ഇന്‍ഷുറന്‍സ് ആവശ്യമുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം അവകാശികളെ സംബന്ധിച്ച വിവരങ്ങള്‍കൂടി നല്‍കണം. യാത്ര ചെയ്യുന്ന ക്ലാസ്, ദൂരം എന്നിവ പരിഗണിച്ചായിരിക്കും യാത്രക്കാരില്‍നിന്ന് റെയില്‍വേ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക ഈടാക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരവും നിശ്ചയിക്കുക. 17 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് മൂന്ന് ഇന്‍ഷ്വറന്‍സ് കമ്പനികളെ ഐ ആര്‍ സി ടി സി അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ-ടിക്കറ്റുകള്‍ക്ക് പുറമേ കൗണ്ടറുകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്കും യാത്രക്കാരുടെ ലഗേജുകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനും ആലോചനയുണ്ട്. പൈലറ്റ് പദ്ധതി വിലയിരുത്തിയ ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. സ്ലീപ്പര്‍ ക്ലാസിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ പ്രീമിയവും അതിനനുസരിച്ചുള്ള നഷ്ടപരിഹാരവുമായിരിക്കും ലഭിക്കുക. ഉയര്‍ന്ന ക്ലാസ്സിലെ യാത്രക്കാര്‍ക്ക് പ്രീമിയം തുകയും നഷ്ടപരിഹാരവും കൂടും. ഇന്‍ഷ്വറന്‍സ് പദ്ധതി കൂടി ആരംഭിക്കുന്നതോടെ ഐ ആര്‍ സി ടി സി വെബ്‌സൈറ്റിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.