വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കുന്ന ഉപഭോക്താക്കള്‍ക്ക് ബോര്‍ഡിന്റെ ഇരുട്ടടി

Posted on: August 23, 2016 12:13 am | Last updated: August 23, 2016 at 12:13 am

KSEB logoആലപ്പുഴ: വൈദ്യുതി ചാര്‍ജ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കള്‍ക്കുള്ള കമ്മീഷന്‍ തുക കൂടി ഉപഭോക്താക്കള്‍ നല്‍കിയാലേ ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാന്‍ ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയൂ.
ഫെഡറല്‍ബാങ്ക് ഗേറ്റ് വേ, ടെക്‌പ്രോസസ് എന്നീ ഏജന്‍സികളാണ് നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നിര്‍വഹിച്ചുവരുന്നത്. കഴിഞ്ഞ മാസം വരെ ഈ ഏജന്‍സികള്‍ മുഖേന വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടച്ചുവന്നിരുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍തുക മാത്രം അടച്ചാല്‍ മതിയായിരുന്നു.
നല്ലൊരു വിഭാഗം ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്കുള്ള കമ്മീഷന്‍ ബോര്‍ഡ് തന്നെയാണ് നല്‍കിപ്പോന്നത്.എന്നാല്‍ ഈ ഇനത്തില്‍ മാത്രം 69 കോടി രൂപ വൈദ്യുതി ബോര്‍ഡിന് ബാധ്യതയുണ്ടായതായും ഇക്കാരണത്താല്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സൗകര്യം നല്‍കിക്കൊണ്ട് ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ്.
ബില്‍ തുകയുടെ .75 ശതമാനത്തോളം വരും ഓണ്‍ലൈന്‍ സേവനദാതാക്കളുടെ സര്‍വീസ് ചാര്‍ജ്.ചെറിയ തുകക്കുള്ള ബില്‍ അടക്കുന്ന ഉപഭോക്താക്കള്‍ പോലും വൈദ്യുതി ബോര്‍ഡിന്റെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ഒഴിവാകില്ല. കഴിഞ്ഞ ദിവസം 1394 രൂപയുടെ വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാന്‍ ശ്രമിച്ചപ്പോള്‍ 1405 രൂപ നല്‍കേണ്ടി വന്നതായി ആലപ്പുഴ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് അഡോറ അനക്‌സില്‍ മുഹമ്മദ്ഗുല്‍ഷാന്‍ പറയുന്നു. എന്നാല്‍ തുക അടച്ച രശീതി ലഭിച്ചപ്പോഴാകട്ടെ, 1394 രൂപയുടേതും.
സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറുന്ന നടപടിയാണ് ബോര്‍ഡിന്റേതെന്ന് മുഹമ്മദ് ഗുല്‍ഷാന്‍ പരാതിപ്പെടുന്നു.സ്ഥിരമായി ഓണ്‍ലൈനായി ബില്‍ തുക അടക്കുന്ന തനിക്ക് ഇത് ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും ഓണ്‍ലൈന്‍ പേയ്‌മെന്റിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമ്പോള്‍ വൈദ്യുതി ബോര്‍ഡ് മാത്രം ഇതിന്റെ ബാധ്യത ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുകയാണ്. അതേസമയം, വൈദ്യുതി ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ബാങ്കുകളില്‍ നിന്ന് ഇ പേയ്‌മെന്റ് ആയി പണം അടക്കുന്നവര്‍ക്ക് സര്‍വീസ് ചാര്‍ജ് ബാധകമാകില്ലെന്ന് അധികൃതര്‍ പറയുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഡെപ്പോസിറ്റ് തുക വര്‍ധിപ്പിച്ചു കൊണ്ട് അഡീഷനല്‍ ബില്ലുകള്‍ നല്‍കി ഉപഭോക്താക്കളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കുന്നതിന് പുറമെയാണ് ഓണ്‍ലൈന്‍ പേയ്‌മെന്റിന്റെ പേരിലുള്ള വൈദ്യുതി ബോര്‍ഡിന്റെ പുതിയ തട്ടിപ്പ്. വൈദ്യുതി ബോര്‍ഡിന്റെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്തൃ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുതുടങ്ങിയിട്ടുണ്ട്.