ജി എസ് ടി പരിശീലനം തുടങ്ങി; കേരളത്തിന് വന്‍ നേട്ടമാകും

Posted on: August 23, 2016 12:11 am | Last updated: August 23, 2016 at 12:11 am
SHARE

GSTതിരുവനന്തപുരം: ചരക്കുസേവന നികുതി (ജി എസ് ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് . ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, സി ആന്‍ഡ് എ ജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി എസ് ടി നടപ്പാക്കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാവുക. ജി എസ് ടി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും, ഐടി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തും സമഗ്രമായ സാങ്കേതിക മാറ്റങ്ങള്‍ക്ക് വാണിജ്യ നികുതി വകുപ്പ് തുടക്കം കുറിച്ചതായും ധനമന്ത്രി പറഞ്ഞു.
30-35 ശതമാനമായിരുന്ന നികുതിഭാരം 20 ശതമാനത്തോളമായി കുറയുകയാണ്. ഉത്പന്നങ്ങളുടെ പരമാവധി വില്‍പ്പന വിലയില്‍ ആനുപാതികമായ കുറവുണ്ടാകുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയാലേ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകൂ. അവശ്യസാധനങ്ങളുടെ നികുതി ഇനിയും കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നികുതി സംബന്ധിച്ച് വ്യാപാരികളെയും ഉപഭോക്താക്കളെയും വിശ്വാസത്തിലെടുത്ത് ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുംവിധം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വ്യക്തത നേടിയിരിക്കണം.
ജി എസ് ടി പരിശീലന പദ്ധതി ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തെ വ്യാപാരി വ്യവസായികളും ട്രേഡിംഗ് മാനേജ്‌മെന്റ് ധനകാര്യ വിധഗ്ധരുമായുള്ള ആശയവിനിമയിത്തിലൂടെയും സമവായത്തിലൂടെയുമാകും പ്രായോഗിക തലത്തില്‍ ജി എസ് ടി നടപ്പാക്കുകയെന്ന് ് ഐസക് ചൂണ്ടിക്കാട്ടി. ഇതിനായുള്ള പ്രാഥമിക പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു.
പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ വ്യാപാരി വ്യവസായികള്‍, ചാര്‍ട്ടേര്‍ഡ് ആന്റ് കോസ്റ്റ് അക്കൗണ്ട്‌സ്, കമ്പനി സെക്രട്ടിമാര്‍, ടാക്‌സ് പ്രാക്ടീഷണേഴ്‌സ്, ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ആശയ വിനിമയത്തിനുള്ള വേദി സര്‍ക്കാര്‍ ഒരുക്കും.
കോവളത്ത് ഉദയ സമുദ്രയില്‍ നടക്കുന്ന പരിശീലന പരിപാടി 26ന് സമാപിക്കും. കേന്ദ്ര സര്‍ക്കാരും, നാഷനല്‍ അക്കാദമി ഓഫ് കസറ്റംസ് എക്‌സൈസ് ആന്‍ഡ് നര്‍ക്കോട്ടിക്‌സും സംസ്ഥാന വാണിജ്യ നികുതി വകുപ്പും ചേര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കായുള്ള ജി എസ് ടി ട്രെയ്‌നേഴ്‌സ് ട്രെനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ സംസ്ഥാന വാണിജ്യ നികുതി കമ്മീഷണര്‍ ഡോ. രാജന്‍ ഖോബ്രഗഡേ സ്വാഗതം പറഞ്ഞു.
സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ചീഫ് കമ്മിഷണര്‍ എം വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ രാജന്‍ ഖോബ്രാഗഡെ, വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ത്യാഗരാജ ബാബു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here