നിങ്ങളുടെ പശുവിന്റെ വാല്‍ നിങ്ങള്‍ എടുത്തോളൂ; ഞങ്ങള്‍ക്ക് ഭൂമി തരൂ

പോരാട്ട വീറ് നിറഞ്ഞു നിന്ന ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ഇക്കുറി ഉനയില്‍ നിന്ന് ഉയര്‍ന്നു കേട്ടു. തോട്ടിപ്പണിയും ചത്ത പശുക്കളെ മറവു ചെയ്യലുമടക്കമുള്ള, തങ്ങളുടെ മേല്‍ ജാത്യധികാരം കല്‍പ്പിച്ചുനല്‍കിയിരിക്കുന്ന 'കുലവൃത്തികള്‍' ഇനി മേല്‍ ചെയ്യില്ലെന്ന ദളിതരുടെ പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നതിനാല്‍ അത് ഏറെ ചരിത്രപ്രസിദ്ധമാണ്. ഞങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കുക. ഞങ്ങള്‍ കൃഷി ചെയ്ത് ജീവിച്ചോളാം എന്ന പ്രതിജ്ഞയാണ് യാത്രയിലുടനീളവും ഉനയിലെ റാലിയിലും ദളിതര്‍ ഉയര്‍ത്തിയത്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ- സാംസ്‌കാരിക ചരിത്രത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒന്നാണെന്നതാണ് യാഥാര്‍ഥ്യം. ജാത്യധീശത്വത്തിന്നെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടാന്‍ ഈ മുന്നേറ്റത്തിന് സാധിക്കുകയാണെങ്കില്‍, ഇന്ത്യ എന്ന ആശയവും രാഷ്ട്ര നിര്‍മാണവും പുതിയ ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും.
Posted on: August 23, 2016 6:00 am | Last updated: August 23, 2016 at 12:01 am
SHARE

unaഇന്ത്യയുടെ ദേശീയ പതാകക്ക് 2016 ആഗസ്റ്റ് 15ഓടെ, സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍ വര്‍ധിച്ചതും പ്രതീകാത്മകവും യാഥാര്‍ഥ്യപൂര്‍ണവുമായ ഒരു മാനം കൂടി കൈവന്നിരിക്കുന്നു. സവര്‍ണ- ബ്രാഹ്മണാധികാര ഹിന്ദുത്വ ശക്തികളുടെയും ജാത്യധീശത്വത്തിന്റയും പീഡനത്തില്‍ നിന്ന് എല്ലാക്കാലത്തേക്കുമുള്ള വിമോചനം മുന്നില്‍ കണ്ടുകൊണ്ടുള്ള ദളിതരുടെ സമര പ്രഖ്യാപനമായിട്ടാണ് ഗുജറാത്തിലെ ഉനയില്‍ സ്വാതന്ത്ര്യക്കൊടി ഉയര്‍ത്തിയത്. ചില സര്‍ക്കാര്‍ ആപ്പീസുകളില്‍, മാറാല തൂത്തുവാരുന്ന ചൂലിന്റെ മുളവടിയുടെ പിന്‍ഭാഗത്ത് ദേശീയ പതാക ഉയര്‍ത്തി എന്നതിന്റെ പേരില്‍ ശിപായിയുടെ പേരിലും, പതാക തല തിരിച്ചു കെട്ടി എന്നതിന്റെ പേരില്‍ മന്ത്രിയുടെ പേരിലും കേസെടുത്തു അല്ലെങ്കില്‍ ആക്ഷേപം ഉയര്‍ന്നു വന്നു എന്ന മട്ടിലുള്ള കൗതുക വാര്‍ത്തകളാണ് സാധാരണ സ്വാതന്ത്ര്യ ദിനത്തിന് പിറ്റേന്ന് നാം വായിക്കാറുള്ളത്. അതിന് പതിനാറാം തീയതി പത്രവുമില്ലല്ലോ. പതിനേഴാം തീയതിയാണ് നാം ഇത്തരം ‘കൗതുക വാര്‍ത്ത’കള്‍ വായിക്കാറുള്ളത്. പിന്നെ ചെങ്കോട്ട പ്രസംഗവും ഗാര്‍ഡ് ഓഫ് ഓണറുകളും. എന്നാല്‍, കേവല വിഡ്ഢിക്കൗതുകം ഇല്ലാത്തതും പോരാട്ട വീറ് നിറഞ്ഞു നില്‍ക്കുന്നതുമായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ഇക്കുറി ഉനയില്‍ നിന്ന് ഉയര്‍ന്നു കേട്ടു. തോട്ടിപ്പണിയും ചത്ത പശുക്കളെ മറവു ചെയ്യലുമടക്കമുള്ള, തങ്ങളുടെ മേല്‍ ജാത്യധികാരം കല്‍പ്പിച്ചുനല്‍കിയിരിക്കുന്ന ‘കുലവൃത്തികള്‍’ ഇനി മേല്‍ ചെയ്യില്ലെന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നതിനാലാണ് അത് ഏറെ ചരിത്രപ്രസിദ്ധമാകുന്നത്. തന്റെ ജന്മം തന്നെയാണ് താന്‍ നേരിട്ട മാരകവും മരണാസന്നവുമായ അപകടം എന്ന കാവ്യാത്മകമായ വാചകം ആത്മഹത്യാക്കുറിപ്പിലെഴുതിവെച്ച് സ്വയം മരണം വരിച്ച ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ അമ്മ രാധികയും, ഉനയില്‍ പശുസംരക്ഷകരുടെ ഭീകര മര്‍ദനത്തിനിരയായ ദളിത് യുവാവിന്റെ പിതാവ് ബാലു സരവയ്യയും സംയുക്തമായാണ് ആ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്. ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം, ഇന്ത്യ ഇനിയും ആര്‍ജ്ജിക്കാനിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളുടെ മുന്നോടിയായിത്തീരുകയും ചെയ്തു.
അഹമ്മദാബാദില്‍ നിന്ന് ആഗസ്റ്റ് നാലിന് ആരംഭിച്ച് പത്ത് ദിവസം കാല്‍ നടയായി ഗുജറാത്തിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് അസ്മിത യാത്ര ഉനയിലെത്തിയത്. ദളിത് പോരാട്ടങ്ങള്‍ക്ക് ഉജ്വല നേതൃത്വം നല്‍കുന്ന പോരാളിയും നേതാവുമായ ജിഗ്നേഷ് മേവാനിയാണ് അസ്മിത യാത്രക്ക് മുഖ്യ നേതൃത്വം നല്‍കിയത്. 1940കളില്‍, അഹമ്മദാബാദിലെ തന്നെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു കുറുക്കാനായി മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടെ ഓര്‍മ പല തരത്തിലും ഈ യാത്രയും ഉയര്‍ത്തുകയുണ്ടായി. പ്രാരംഭവും ലക്ഷ്യവും മാത്രമല്ല, മാര്‍ഗമധ്യേയുള്ള പല പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ടും അവയെ തുറന്നു കാണിച്ചുകൊണ്ടുമുള്ളതായിരുന്നു ഈ രണ്ട് യാത്രകളുമെന്നതാണ് പ്രത്യേകത. അസ്മിത യാത്രയെ വഴിമധ്യേ സവര്‍ണര്‍ പല തവണ ആക്രമിച്ചു. നിരവധി ദളിത് പോരാളികള്‍ക്കാണ് പരിക്കേറ്റിരുന്നത്. ഉനയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവും റാലിയും കഴിഞ്ഞ് തിരിച്ചുവരുന്ന പ്രവര്‍ത്തകരെ സംസ്ഥാനമൊട്ടാകെ സവര്‍ണ ഗുണ്ടകള്‍ വ്യാപകമായി ആക്രമിച്ചു. കല്ലുകളും വടികളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ ദളിതര്‍ യാത്ര ചെയ്തിരുന്ന കാറുകളും ബൈക്കുകളും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. പോലീസ് നോക്കിനിന്നതേയുള്ളൂ.
അഹമ്മദാബാദില്‍ നിന്ന് ധോല്‍ക്ക, കോത്ത്, ദണ്ഡൂക്ക, ബാര്‍വാല, ബോത്താഡ്, ഗദാഢ, സവര്‍ കുണ്ഡ്‌ല, രജൂല എന്നീ പ്രദേശങ്ങള്‍ വഴിയാണ് അസ്മിത യാത്ര ഉനയിലെത്തിച്ചേര്‍ന്നത്. 81 കി. മീ ആയിരുന്നു ദൂരം. ഈ യാത്രയില്‍ പങ്കെടുത്തവരുടെ നേര്‍ വിവരണങ്ങള്‍ മുഴുവനായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വരും നാളുകളില്‍ ജനാധിപത്യ വാദികള്‍ അതിന്നായി കാതോര്‍ത്തിരിക്കുന്നു. ഉന ദളിത് അത്യാചാര്‍ ലഡത് സമിതിയാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. ഞങ്ങള്‍, ദളിത് സമുദായാംഗങ്ങള്‍; ചത്ത പശു അടക്കമുള്ള മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവു ചെയ്യുകയോ അഴുക്കുചാലുകളും മനുഷ്യരുടെ വിസര്‍ജനാലയങ്ങളും വൃത്തിയാക്കുകയോ ചെയ്യുന്നതല്ല. പകരം ഞങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കുക. ഞങ്ങള്‍ കൃഷി ചെയ്ത് ജീവിച്ചോളാം എന്ന പ്രതിജ്ഞയാണ് യാത്രയിലുടനീളവും ഉനയിലെ റാലിയിലും അവര്‍ ഉയര്‍ത്തിയത്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒന്നാണെന്നതാണ് യാഥാര്‍ഥ്യം.
ഉന താലൂക്കില്‍പ്പെട്ട മോട്ട സമാധിയാല എന്ന ചെറു ഗ്രാമത്തിലാണ് കഴിഞ്ഞ ജൂലൈ 11ന് ഗോ രക്ഷകര്‍ എന്ന പേരില്‍ ചാടി വീണ ഫാസിസ്റ്റുകള്‍ നാല് ദളിതരെ അതിക്രൂരമായി തല്ലിച്ചതച്ചത്. മാരകമായ ഈ ആക്രമണമാണ് ഗുജറാത്തില്‍ വ്യാപകമായ ദളിത് പ്രതിരോധ പോരാട്ടത്തിന് വഴി വെച്ചത്. ആഗസ്റ്റ് 13ന് മുന്നൂറോളം ദളിത് സമരക്കാര്‍ മോട്ട സമാധിയാലയിലെ പൊടി പാറുന്ന ചൗക്കില്‍ ഒത്തു കൂടി. വെരാവലില്‍ നിന്നാരംഭിച്ച് അവിടെ സമാപിച്ച നൂറ് കിലോമീറ്റര്‍ വരുന്ന ഒരു ബൈക്ക് റാലി കഴിഞ്ഞു നില്‍ക്കുകയാണവര്‍. കേവല്‍ റാത്തോഡ് എന്ന വളര്‍ന്നു വരുന്ന ഒരു ദളിത് നേതാവാണവരോട് പ്രസംഗിച്ചത്. ഇവിടെ കൂടിയവരില്‍ എത്ര ബുദ്ധമതക്കാരുണ്ട്? അദ്ദേഹം ചോദിച്ചു. മൂന്നിലൊന്ന് പേര്‍ കൈകളുയര്‍ത്തി. പക്ഷെ, അതില്‍ ഔദ്യോഗികമായി ബുദ്ധമതക്കാര്‍ എത്ര കാണും? അപ്പോള്‍ കൈയുയര്‍ത്താന്‍ പത്തോ പതിനഞ്ചോ ആളുകളേ ഉണ്ടായിരുന്നുള്ളൂ. കേവലിന്റെ തീപ്പൊരി പ്രസംഗം അവിടെയാണാരംഭിക്കുന്നത്. നാം ബാബാസാഹേബ് അംബേദ്ക്കറെ വഞ്ചിച്ചുകൊണ്ടേ ഇരിക്കുകയാണ്. അദ്ദേഹമാണ് നമുക്ക് നാവും അവകാശങ്ങളും സംഘാടനാമികവും എല്ലാം എല്ലാം പകര്‍ന്നു നല്‍കിയത്. എന്നിട്ടും നാം ഹിന്ദുമതത്തില്‍ തുടര്‍ന്നാല്‍ വരുംകാലത്ത് നമ്മുടെ മക്കള്‍ നമുക്ക് മാപ്പു നല്‍കുമോ? കൈയടികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
ഇത്തരത്തിലുള്ള നിരവധി റാലികള്‍ ഗുജറാത്തിലുടനീളം നടന്നുവരികയാണ്. ഡിസംബറിനുള്ളില്‍ അഞ്ച് സ്ഥലത്തെങ്കിലും കേന്ദ്രീകൃത മതപരിവര്‍ത്തന റാലികള്‍ സംഘടിപ്പിക്കുമെന്നും ഏതാണ്ട് 60,000ത്തിലധികം ദളിത് സമുദായാംഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരസ്യമായി മതം മാറ്റം ചെയ്യുമെന്നുമാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര, പാലന്‍പൂര്‍ എന്നിവിടങ്ങളിലടക്കം നിരവധി നഗരങ്ങളില്‍ ഈ മതപരിവര്‍ത്തന സമ്മേളനങ്ങള്‍ നടക്കാന്‍ പോകുകയാണ്.
ഒരേ കൃഷിയിടങ്ങളില്‍ പണിയെടുക്കുമ്പോള്‍ തന്നെ, ദളിതരേക്കാള്‍ ഉയര്‍ന്ന സമുദായക്കാര്‍ക്ക് കൂടിയ കൂലിയും ദളിതര്‍ക്ക് കുറഞ്ഞ കൂലിയുമാണ് കൊടുക്കുന്നത്. ഭക്ഷണവും വെള്ളവും വെവ്വേറെ. ദളിത് സ്ത്രീകളോടുള്ള പെരുമാറ്റം വളരെ അപമാനകരമാണ്. കൂലി അവരുടെ കൈയില്‍ വെച്ചു കൊടുക്കുന്നതിനു പകരം, എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.
ജിഗ്നേഷ് മേവാനി നേതൃത്വം നല്‍കുന്ന ഉന ദളിത് അത്യാചാര്‍ ലഡത് സമിതി, മുപ്പത് ദിവസത്തെ സമയമാണ് സംസ്ഥാന സര്‍ക്കാരിന് കൊടുത്തിരിക്കുന്നത്. ഭൂരഹിതരായ ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമിവീതം നല്‍കണമെന്നാണ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം. നിങ്ങള്‍ നിങ്ങളുടെ പശുവിന്റെ വാല്‍ എടുത്തോളൂ; ഞങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കൂ എന്നാണ് അവിടെയുയര്‍ന്നു വന്ന ഒരു സുപ്രധാന മുദ്രാവാക്യം. സെപ്തംബര്‍ 15നകം ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയലടക്കമുള്ള കൂടുതല്‍ സമരമുറകളിലേക്ക് നീങ്ങാനാണ് തീരുമാനം.
ജൂലൈ 31ന് അഹമ്മദാബാദില്‍ കൂടിയ ദളിത് മഹാ സമ്മേളനത്തിലാണ് ഉന ദളിത് അത്യാചാര്‍ ലഡത് സമിതി രൂപവത്കരിക്കുന്നത്. ചത്ത പശുക്കളുടെ ശവം മറവു ചെയ്യലും തോട്ടിപ്പണിയുമടക്കമുള്ള ദളിതര്‍ക്കു മേല്‍ സവര്‍ണര്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടിരിക്കുന്ന തൊഴിലുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനവും അവിടെയാണെടുത്തത്. അതിനു ശേഷം ആഗസ്റ്റ് അഞ്ചിനാരംഭിച്ച ദളിത് അസ്മിതാ യാത്ര, നാനൂറിലധികം കി. മീറ്ററുകള്‍ സഞ്ചരിച്ച് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങളില്‍ സമര സന്ദേശമെത്തിച്ചു. ഇതിന്റെ ഭാഗമായുള്ള മുഖ്യ ജാഥയാണ് ഉനയിലെത്തിയത്.
1956ല്‍, ആറ് ലക്ഷം ദളിതരാണ് അംബേദ്ക്കര്‍ നേതൃത്വം നല്‍കിയ മഹാ സമ്മേളനത്തില്‍ വെച്ച് ബുദ്ധമതത്തിലേക്ക് മതം മാറിയത്. ആവേശകരമായ ആ ഓര്‍മയിലാണ് പുതിയ മതപരിവര്‍ത്തന സമ്മേളനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍, ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങളിലും നിലവിലുള്ള കര്‍ശനമായ മതപരിവര്‍ത്തന നിയന്ത്രണ നിയമങ്ങള്‍ ഇത്തരം സമരഫലങ്ങളെ പുറകോട്ടടിപ്പിക്കുന്നുമുണ്ട്. ഗുജറാത്തില്‍ നിലനില്‍ക്കുന്ന നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഗുജറാത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ ജനസംഖ്യ 7.1 ശതമാനമാണ്. അവരില്‍ ബഹുഭൂരിപക്ഷവും കടുത്ത ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ഭൂ/ഭവനരാഹിത്യത്തിലും കുടുങ്ങിക്കിടക്കുകയുമാണ്. അംബാനിക്കും അദാനിക്കും ടാറ്റക്കും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി, തുഛ വിലക്കോ വെറുതെയോ കൊടുത്ത് ‘ഗുജറാത്ത് മോഡല്‍’ കെട്ടിപ്പടുക്കുന്നതിനിടയിലാണ് ഈ ക്രൂരമായ അവഗണന നടമാടുന്നതെന്നും ശ്രദ്ധിക്കണം. മനുഷ്യ മലം ചുമന്നു മാറ്റുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന 55,000 ദളിതര്‍ ഗുജറാത്തിലുണ്ടെന്നാണ് നവ് സര്‍ജന്‍ ട്രസ്റ്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. സ്‌കൂളുകളില്‍ പോലും കക്കൂസുകള്‍ കഴുകുന്ന ജോലി ദളിത് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്ന പ്രവണത വ്യാപകമാണ്. മുംബൈ, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് പോയി ആശാരിപ്പണി, പെയിന്റിംഗ്, നിര്‍മാണത്തൊഴിലുകള്‍ എന്നീ മാന്യമായ ജോലികളിലേര്‍പ്പെടാന്‍ ഭാഗ്യം സിദ്ധിച്ച ഏതാനും ദളിതരും ഗുജറാത്തിലുണ്ടെന്ന്, സമരത്തോടൊപ്പം സഞ്ചരിച്ച സി പി ഐ എം നേതാവായ വിജൂ കൃഷ്ണന്‍ ബോധി കോമണ്‍സിലെഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിജൂ കൃഷ്ണന്‍ സഖാക്കളോടൊപ്പം സഞ്ചരിച്ച വാഹനങ്ങളും മറ്റ് വാഹനങ്ങളും പലയിടത്തും തടഞ്ഞു നിര്‍ത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. പോലീസ് എല്ലായിടത്തും നോക്കിനിന്നതേയുള്ളൂ. ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധനും ഈ വാഹനത്തിലുണ്ടായിരുന്നു. ഇതൊക്കെയും പ്രതിരോധത്തിന്റെ വീറ് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറും ഉന റാലിയില്‍ പങ്കെടുത്തു. മുസ്‌ലിം ന്യൂനപക്ഷത്തില്‍പ്പെട്ട അനവധി പേരും റാലിയില്‍ പങ്കാളികളായിരുന്നു.
ഉജ്വലമായ ഐക്യം കെട്ടിപ്പടുത്ത്, ജാത്യധീശത്വത്തിന്നെതിരായ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടാന്‍ ഗുജറാത്തിലെ പ്രസ്ഥാനത്തിന് സാധിക്കുകയാണെങ്കില്‍, ഇന്ത്യ എന്ന ആശയവും രാഷ്ട്ര നിര്‍മാണവും പുതിയ ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും.
(Reference: 1. The Una dalit struggle and what it holds for the future – By Vijoo Krishnan (Aug 17, 2016. beta.bodhicommons.org
2. Next act in Gujarat’s Dalit uprising : Plans for mass conversions to Buddhism – By Aarefa Johari (Aug 19, 2016. scroll.in)

LEAVE A REPLY

Please enter your comment!
Please enter your name here