ഇന്ത്യ ജാതി ചോദിക്കുന്നു

Posted on: August 23, 2016 6:00 am | Last updated: August 22, 2016 at 11:56 pm

റിയോ ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ 67ാം സ്ഥാനം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള രാജ്യത്തിന് ഒരു സ്വര്‍ണം പോലും സ്വന്തമാക്കാന്‍ കഴിയാതെപോയി എന്നത് അത്ര അഭിമാനകരമല്ല. എങ്കിലും വെള്ളിയും വെങ്കലവും നേടിയതുകൊണ്ട് വെറുംകൈയോടെ മടങ്ങുന്ന അവസ്ഥ ഒഴിവായി.
ഈ പതിതാവസ്ഥയേക്കാള്‍ രാജ്യത്തെ നിരാശപ്പെടുത്തിയ മറ്റൊന്ന് ഈ ഒളിമ്പിക്‌സ് കാലത്തുണ്ടായി. വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം കരോളിന്‍ മാരിനോട് ഇന്ത്യയുടെ പി വി സിന്ധു മത്സരിക്കുമ്പോള്‍ സ്വന്തം നാട്ടുകാര്‍ ആ കായിക താരത്തിന്റെ ജാതി തിരയുന്ന തിരക്കിലായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ തീവണ്ടി യാത്രയിലെ അനുഭവം പോലെ, ആളെ കണ്ടിട്ട് ജാതി മനസ്സിലാകാതിരുന്നപ്പോള്‍ ആളുകള്‍ ഗൂഗിളില്‍ തപ്പിനോക്കി. ഗൂഗിള്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടാണ് അശ്ലീലമായ ആ ജിജ്ഞാസ വ്യക്തമാക്കുന്നത്. ഗൂഗിളില്‍ ”പി വി സിന്ധു’ എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം ലഭിക്കുന്ന നാല് സെര്‍ച്ച് റിസല്‍ട്ടുകളിലൊന്ന് ‘പി വി സിന്ധു കാസ്റ്റ്’ എന്നാണ്. ഒളിമ്പിക്‌സിന് പരിശീലനം തുടങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ ജാതി തിരഞ്ഞുകൊണ്ടിരുന്നത്രേ. ഒരാഴ്ചക്കിടെ സെര്‍ച്ചിംഗിന്റെ എണ്ണം ഇരട്ടിയിലധികമായി; ഫൈനല്‍ മത്സരം നടന്ന ദിവസം അത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ 150,000 പേരാണ് സിന്ധുവിന്റെ ജാതി ചോദിച്ച് ഗൂഗിളില്‍ കയറിയത്. ജൂലൈയില്‍ 90,000 പേരും. ആഗസ്റ്റില്‍ സെര്‍ച്ച് എണ്ണം മുന്‍ മാസങ്ങളിലേക്കാള്‍ പത്തിരട്ടി വര്‍ധിച്ചു. ആ കായിക താരത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ കായിക വിവരങ്ങളെക്കുറിച്ചോ ഒന്നുമല്ല സ്വന്തം നാട്ടുകാര്‍ക്ക് കൗതുകം. സിന്ധുവിന്റെ ജാതിക്ക് പുറമെ പരിശീലകന്റെ ജാതി കൂടി പരതി നോക്കാന്‍ ആളുകള്‍ ആവേശം കാട്ടിയിട്ടുണ്ട്.
ഒരു കായിക താരത്തിന്റെ ജാതി അന്വേഷിക്കുന്നതിന്റെ സാംഗത്യമെന്താണ്? അതും ഇത്തരമൊരു ഘട്ടത്തില്‍? അശ്ലീലമായ ജിജ്ഞാസയില്‍ ചൂഴ്ന്നു നില്‍ക്കുന്ന മനോവൈകൃതം മാത്രമാണോ അത്? അതിനപ്പുറം ആളുകളെ കള്ളികളില്‍ മാത്രം കാണുന്ന ഇടുങ്ങിയ രാഷ്ട്രീയത്തിന്റെ ഒറ്റയാന്‍ പതിപ്പുകള്‍ അല്ലേ ഇത്? രൂഢമൂലമായ ജാതിവെറിയുടെയും അസഹിഷ്ണുതയുടെയും സഹജ പ്രതികരണമായി തന്നെയാണ് ഇതിനെ കാണേണ്ടത്. ഭരണാധികാരികളും ഔദ്യോഗിക സംവിധാനങ്ങളും എന്തൊക്കെ പുകഴ്ചകള്‍ പറയുമ്പോഴും ഇന്ത്യയുടെ തനിസ്വരൂപമാണ് ഇവിടെ തെളിയുന്നത്. പൊള്ളയായ പൊങ്ങച്ചപ്പറച്ചിലുകള്‍ക്ക് ഈ പച്ചപ്പരമാര്‍ഥത്തെ മറച്ചുവെക്കാനാകില്ല. യാദൃച്ഛികമെങ്കിലും, ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ 100ാം വാര്‍ഷികത്തിലാണ് ഇങ്ങനെയൊരസംബന്ധം നടക്കുന്നത് എന്നത് കൗതുകകരമാണ്.
ദളിതുകള്‍ കണ്ണാടി നോക്കാന്‍ തുടങ്ങുകയും അവര്‍ സ്വത്വത്തെക്കുറിച്ച് ജാഗരൂകരാകുകയും ചെയ്തു തുടങ്ങിയിരിക്കുന്ന സന്ദര്‍ഭമാണിത്. ഗുജറാത്തിലടക്കം അവര്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. ഇനിയും ഇത് വയ്യെന്ന പുതിയ തലമുറയുടെ പ്രഖ്യാപനം സവര്‍ണരെ ചകിതരാക്കുന്നുണ്ട്. ഉച്ചനീചത്വങ്ങളില്ലാത്ത വഴിയന്വേഷിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നുണ്ട്. ഈ പശ്ചാത്തലം കൂടി ചേര്‍ത്ത് വായിച്ചാലേ കായിക താരത്തിന്റെ പിറകെ ജാതി തേടിപ്പോയതിന്റെ നാനാര്‍ഥങ്ങള്‍ വ്യക്തമാകുകയുള്ളൂ.
ഇവിടെയിപ്പോള്‍ ഏറെക്കുറെ എല്ലാവരും സ്വകാര്യമായെങ്കിലും ജാതിയിലേക്ക് ചുരുങ്ങുകയും അതിന്റെ മിഥ്യാഭിമാനത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ പലതായി പിളരുന്നുവെന്ന് തന്നെയല്ലേ ഇതിന്റെ അര്‍ഥം? അങ്ങനെ രാഷ്ട്രവും പലതായി പിളരുന്നു. ഒരു സുഭിക്ഷമായ രാജ്യം എന്ന സങ്കല്‍പ്പം തന്നെ എത്ര വിദൂരത്താക്കും ഈ വിഭജനങ്ങള്‍?
പരസ്യമായ അയിത്തം വയ്യാത്തതു കൊണ്ട് അത് നടക്കുന്നില്ല എന്നേയുള്ളൂ. സാമൂഹികമായ അസ്പര്‍ശ്യതയും ഈറയും പുച്ഛവും അവഗണനയും എല്ലാം ഹൃദയഭേദകമായി ഇന്നും അരങ്ങേറുന്നുണ്ട്. ഉന്നത തലങ്ങളില്‍ പരിഷ്‌കരിച്ച രൂപത്തില്‍ ഇവ നടമാടുന്നുമുണ്ട്. പ്രഥമ പൗരനായിട്ട് പോലും അവഗണിക്കപ്പെട്ടല്ലോ മരിച്ചുകിടന്നപ്പോള്‍ നമ്മുടെ കെ ആര്‍ നാരായണന്‍. അതിന്റെ സൈബര്‍ സാക്ഷ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്.
സത്യത്തില്‍ എല്ലാറ്റിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ഇപ്പോഴും ജാതി തന്നെയാണ്്. എന്നാണ് നമുക്ക് ഈ ‘ജാതി’യെ മുറിച്ചുകടക്കാനാകുക? ഒന്നൊത്തൊരുമിച്ച് നീങ്ങാന്‍ കഴിയുക? ജാതിവിവേചനങ്ങള്‍ക്കെതിരായ ഒരുപാട് നീക്കങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് എന്നത് ശരിയാണ്. മതപരിവര്‍ത്തനത്തിന് തടയിടുക എന്ന പരിമിത ലക്ഷ്യത്തില്‍ പര്യവസാനിക്കുന്നു എന്നതാണ് അതില്‍ പലതിന്റെയും ഒരു പരിമിതി. അത്തരം ഹ്രസ്വദൂര ലക്ഷ്യങ്ങളെയും മറികടക്കാന്‍ കഴിയുന്ന ഒരു മുന്നേറ്റത്തിനേ ഇനി ഈ ദുരന്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാകൂ.