റിയോയില്‍ ജയ്ഷ നേരിട്ടത് കടുത്ത അവഗണന; വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല

Posted on: August 22, 2016 6:29 pm | Last updated: August 23, 2016 at 2:00 pm
SHARE

jaishaറിയോ ഡി ജനീറോ: ഒളിമ്പിക്‌സിനിടെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയെന്ന് വെളിപ്പെടുത്തല്‍. വനിതകളുടെ മാരത്തണില്‍ മത്സരിച്ച ഒപി ജയ്ഷക്ക് മത്സരത്തിനിടെ വെള്ളം നല്‍കാന്‍ പോലും ഇന്ത്യന്‍ അധികൃതര്‍ ആരും ഉണ്ടായിരുന്നില്ല.

മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും കുടിവെള്ളവും എനര്‍ജി ജെല്ലുകളും നല്‍കാന്‍ അതത് രാജ്യങ്ങളുടെ ഡസ്‌കുകള്‍ ഉണ്ടാവും. എന്നാല്‍ ഇന്ത്യന്‍ ഡസ്‌കുകളില്‍ ദേശീയ പതാകയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.

മറ്റ് രാജ്യങ്ങളുടെ ഡസ്‌കുകളില്‍ നിന്ന് കുടിവെള്ളവും മറ്റുമെടുത്താല്‍ അയോഗ്യയാക്കപ്പെടും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ കൗണ്ടറാണ് ഒരു പരിധി വരെയെങ്കിലും ആശ്വാസമായതെന്ന് ജയ്ഷ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റര്‍ ദൂരം ഓടിയ ജയ്ഷ ഫിനിഷിംഗ് ലൈനില്‍ തളര്‍ന്നു വീഴുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജയ്ഷക്ക് ബോധം വീണത്. അപ്പോഴും ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ല. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്.