ഒമാനില്‍ ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം

Posted on: August 22, 2016 3:26 pm | Last updated: August 22, 2016 at 3:26 pm
SHARE

labours gulfമസ്‌കത്ത്:വിദേശികള്‍ തൊഴില്‍ വിസ എടുക്കുമ്പോഴും വിസ പുതുക്കുമ്പോഴും നല്‍കേണ്ട ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധമായി മാനവവിഭവ മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ്. ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റിന് മുമ്പില്‍ സമര്‍പ്പച്ചതായി മാനവ വിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്‌രിയുടെ ഉപദേഷ്ടാവ് സഈദ് ബിന്‍ നാസര്‍ അല്‍ സഅദി വ്യക്തമാക്കി.

നിലവില്‍ 201 റിയാലാണ് ലേബര്‍ ക്ലിയറന്‍സിന് ഈടാക്കുന്നത്. ഇത് അതാത് കമ്പനികള്‍ നല്‍കുകയാണ് ചെയ്യുന്നത്. രാജ്യത്തെ വിദേശികളുടെ എണ്ണം ഏറെ വര്‍ധിച്ചെങ്കിലും ലേബര്‍ ക്ലിയറന്‍സ് നിരക്ക് ഉയര്‍ത്തിയിരുന്നില്ലെന്ന് നാസര്‍ അല്‍ സഅദി പറഞ്ഞു. ജി സി സിയില്‍ ഏറ്റവും കുറഞ്ഞ ലേബര്‍ ക്ലിയറന്‍സ് ഫീസ് ഈടാക്കുന്ന രാജ്യമാണ് ഒമാന്‍. ഇപ്പോള്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായ സമയാണെന്നും നാസര്‍ അല്‍ സഅദി വ്യക്തമാക്കി.

ഒമാനിലുള്ള പ്രവാസികള്‍ വിസ പുതുക്കുമ്പോള്‍ മാസ ശമ്പളത്തിന്റെ മൂന്ന് ശതമാനം ഫീസായി ഈടാക്കാന്‍ നേരത്തെ മജ്‌ലിസ് ശൂറ അംഗം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പ്രതിമാസ ശമ്പളത്തിന്റെ മൂന്ന് ശതമാനം എന്നതോതില്‍ രണ്ടുവര്‍ഷത്തേക്ക് ഈടാക്കാനാണ് ശിപാര്‍ശ.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് വിവിധ മേഖലകളില്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നത്.

ഇത്തരത്തില്‍ വിവിധ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. വരുമാന നികുതി വര്‍ധിപ്പിക്കുക, സര്‍ക്കാറിന്റെ ചെലവുകള്‍ ചുരുക്കുക, സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് ചെലവ് വര്‍ധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ നടപടികളാണ് ബജറ്റില്‍ പ്രധാധമായും നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സേവന നിരക്കുകളും പിഴകളും വര്‍ധിപ്പിച്ച് മന്ത്രാലയങ്ങള്‍ ഉത്തരവിറക്കിയിരുന്നു. ഫിനാന്‍ഷ്യന്‍ അഫയേഴ്‌സ് ആന്റ് എനര്‍ജി റിസോഴ്‌സ് കൗണ്‍സിലിന്റെയും സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗിന്റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here