സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മുടി രണ്ടായി പിന്നിക്കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

Posted on: August 22, 2016 12:25 pm | Last updated: August 22, 2016 at 2:36 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഡയറക്റ്റര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി ഒതുക്കിവെക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്‌ക്കര്‍ഷിക്കാം.

മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന സി യു എന്നിവരുടെ നിര്‍ദ്ദേശം.

പിരിച്ചുകെട്ടുന്നത് മൂലം മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും മുടിയില്‍ ചെറിയ കായകള്‍ രൂപപ്പെടുകയും തുടര്‍ന്ന് മുടി പൊട്ടിപ്പോകുകയും ചെയ്യുന്നതായും ഇതൊഴിവാക്കുന്നതിന് പെണ്‍കുട്ടികള്‍ രാവിലെ കുളിക്കാതെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിതരാകുന്നതായും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുടി രണ്ടായി പിരിച്ചുകെട്ടാന്‍ രക്ഷിതാക്കളുടെ സഹായം തേടേണ്ടിവരുന്നെന്നും ഈ നിബന്ധന ലിംഗവിവേചനം കൂടിയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

രാവിലെ കുളിച്ചതിനുശേഷം മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെങ്കില്‍ മുടി ശരിക്ക് ഉണങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം ദുര്‍ഗന്ധം ഉണ്ടാകുമെന്നും നനവോടെ പിരിച്ചുകെട്ടുന്നത് മുടിയുടെ വളര്‍ച്ചയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന പരാതിക്കാരിയുടെ ആശങ്ക കമ്മീഷന്‍ സഗൗരവം വീക്ഷിച്ചു. രാവിലെ പഠനത്തിനും പഭാതകൃത്യങ്ങള്‍ക്കുമുളള സമയത്തിനിടെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ സമയം കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മുടി വേര്‍തിരിച്ച് പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നത് ബാലാവകാശ ലംഘനമായേ കാണാന്‍ കഴിയൂയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഒരുമാസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.