Connect with us

National

ഐടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: ഐടി ജീവനക്കാരി ജിഗിഷ ഷോഘിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്ക് വധശിക്ഷയും മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ബല്‍ജീത്ത് മാലിക്കിന് ജീവപര്യന്തം ശിക്ഷയും മൂന്നു ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.

2009 മാര്‍ച്ച് 18നാണ് ഹെവിറ്റ് അസോസിയേറ്റ് സ്ഥാപനത്തിന്റെ നോയ്ഡയിലെ ഓപ്പറേഷന്‍ മാനേജരായ ജിഗിഷ(28) കൊല ചെയ്യപ്പെടുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ഓഫീസ് കാറില്‍ വസന്ത് വിഹാറിലുള്ള വീടിനു സമീപം വന്നിറങ്ങിയ ജിഗിഷയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ജിഗിഷയുടെ ആഭരണങ്ങളും എടിഎം കാര്‍ഡുകളും അപഹരിച്ച മൃതദേഹം ഹരിയാനയിലെ സുരജ്കുന്ദില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവശേഷം ഒരാഴ്ചയ്ക്ക് ശേഷം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. ആറുവര്‍ഷത്തെ വിചാരണയ്ക്ക്‌ശേഷം കഴിഞ്ഞ മാസം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥിനെ വെടിവച്ചുകൊന്ന കേസിലെയും പ്രതികളാണിവര്‍.