പി വി സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്

Posted on: August 22, 2016 11:00 am | Last updated: August 22, 2016 at 2:58 pm

p v sindhuഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.


വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി സ്റ്റേഡിയത്തിലേക്ക് എത്തിക്കും. സ്റ്റേഡിയത്തില്‍ തെലുങ്കാനയും ആന്ധ്രപ്രദേശും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവുവും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടിയതിനു പിന്നാലെ പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 കോടി രൂപയും ചടങ്ങില്‍വച്ച് നല്‍കും. വിമാനത്താവളം മുതല്‍ സ്‌റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ വാദ്യാഘോഷങ്ങളോടെയാണ് ജന്മനാട് ഇന്ത്യയുടെ അഭിമാന താരത്തിന് സ്വാഗതമേകിയത്.