മലയാളികളെ ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ വന്‍ തട്ടിപ്പ്

Posted on: August 22, 2016 10:43 am | Last updated: August 22, 2016 at 10:43 am

ബെംഗളൂരു :ഐ ടി മേഖലയില്‍ ആകര്‍ഷക ശമ്പളം ലഭിക്കുമെന്ന തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുന്ന സംഘം ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തി. ജോലിക്ക് വേണ്ടി അപേക്ഷ നല്‍കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ശരിയാക്കിത്തരാമെന്നാണ് കമ്പനി ഉടമകളുടെ വാഗ്ദാനം. ജോലിക്ക് ഹാജരാകാന്‍ നിശ്ചിത തീയതിയും നല്‍കും. ഉദ്യോഗാര്‍ഥിയില്‍ നിന്ന് നല്ലൊരു തുക ഉടമകള്‍ മുന്‍കൂറായി ഈടാക്കുകയും ചെയ്യും.

കേരളത്തില്‍ നിന്ന് മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് ബെംഗളൂരുവില്‍ എത്തുന്ന വലിയൊരു വിഭാഗം ഉദ്യോഗാര്‍ഥികളാണ് ഇവരുടെ ചതിക്കുഴിയില്‍ വീഴുന്നത്. ഇത്തരം ലോബിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാന്‍ പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ ജോലി തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതികള്‍ ദിവസം തോറും പോലീസിന് ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. മാനഹാനി ഭയന്ന് തട്ടിപ്പിനിരയായ പലരും സംഭവം പുറത്തുപറയാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, ഈ തീയതിക്ക് ജോലിക്ക് പോയാല്‍ ഉടമ സ്ഥാപനം പൂട്ടി സ്ഥലം വിട്ടുപോയിട്ടുണ്ടാകും. ഉദ്യോഗാര്‍ഥികളില്‍ ജോലിയെ സംബന്ധിച്ച് കൂടുതല്‍ വിശ്വാസ്യത വരുത്താന്‍ വിശദമായ ഇന്റര്‍വ്യൂവും മറ്റ് നടപടിക്രമങ്ങളുമാണ് കമ്പനി ഉടമകള്‍ കര്‍ശനമാക്കുന്നത്. എന്നാല്‍, ഇവരുടെ മോഹ വലയത്തില്‍ കുടുങ്ങി സാമ്പത്തിക നഷ്ടം സംഭവിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്.

പത്തനംതിട്ട അടൂര്‍ സ്വദേശിയായ സാബു എന്നയാള്‍ ഇത്തരത്തില്‍ മലയാളികളായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപയാണ്. ഐ ടി കമ്പനിയില്‍ ജോലിയും ജോലിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകളും തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങുന്നത്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയതോടെ സാബു ഒളിവില്‍ പോയിരിക്കുകയാണ്. മലയാളികളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഇയാള്‍ കരുക്കള്‍ നീക്കിയിരുന്നത്.

വ്യക്തികളുടേയും. വിവിധ സ്ഥാപനങ്ങളുടേയും, സംഘടനകളുടേയും ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ മോഷ്ടിക്കുക, വെബ്‌സൈറ്റുകള്‍ തട്ടിയെടുത്ത് വന്‍ തുക പ്രതിഫലം ആവശ്യപ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘത്തെ കുറിച്ചും നിരവധി പരാതികളാണ് കേരള പോലീസിന് ലഭിക്കുന്നത്.
പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും വെബ്‌സൈറ്റുകള്‍ നന്നാക്കാനും, ഉണ്ടാക്കി നല്‍കാനും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘവും സജീവമായിട്ടുണ്ട്. തട്ടിപ്പിന്റെ സൂത്രധാരന്മാരായുള്ള രണ്ട് ആളുകള്‍ അയര്‍ലന്‍ഡിലെ മലയാളികളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ചില പരാതിക്കാരുടെ മൊഴികള്‍ പോലീസിന് ലഭ്യമാവുകയും ചെയ്തു. അയര്‍ലന്‍ഡ് മലയാളികളായ രണ്ട് പേര്‍ക്കെതിരെ 2014ല്‍ ദില്ലി പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നിലവിലിരിക്കെ ഡസന്‍ കണക്കിന് തട്ടിപ്പുകളാണ് പിന്നീടും ഇതേ പ്രതികള്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അയര്‍ലന്‍ഡിലെ പ്രതികള്‍ ഒരു മലയാള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുകയും അതിന്റെ മറവിലൂടെ ബിസിനസ് തട്ടിപ്പുകള്‍ നടത്തുകയുമാണ് ചെയ്തു വരുന്നത്. മലയാളം ഓണ്‍ലൈന്‍ പത്രത്തിന്റെ ഉടമസ്ഥരായി ഇവര്‍ പരസ്യമായി രംഗത്തുവരാറില്ല. പ്രതികള്‍ അയര്‍ലന്‍ഡിലെ ഒരു മലയാളി വനിതാ നേഴ്‌സിനെ ഉപയോഗിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇവര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹോട്ടല്‍, നഴ്‌സിംഗ് മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘവും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നഴ്‌സിംഗ് മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവല്ല സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചങ്ങനാശേരി പെരുന്ന റെഡ്‌സ്‌ക്വയറില്‍ അല്ലന്‍സ് ഇന്റര്‍നാഷനല്‍ ട്രാവല്‍ ഏജന്‍സി നടത്തിവന്ന തിരുവല്ല സ്വദേശികളായ ജാന്‍സി ബെന്നി(46), ഭര്‍ത്താവ് ബെന്നി ചാക്കോ(52) എന്നിവര്‍ക്കെതിരെയാണ് ചങ്ങനാശേരി പോലീസ് കേസെടുത്തിരുന്നത്.

നീലംപേരൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹോട്ടല്‍ മാനേജ്‌മെന്റ്, നഴ്‌സിംഗ് ജോലികള്‍ വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നും 7.80 ലക്ഷം രൂപ വീതം വാങ്ങിയിട്ട് ജോലി ലഭ്യമാക്കിയില്ലെന്നാണ് പരാതി. നാല് യുവാക്കള്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ജോലിയും മൂന്ന് യുവതികള്‍ക്ക് നഴ്‌സിംഗ് ജോലിയും വാഗ്ദാനം നല്‍കിയാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.