Connect with us

National

പാക്, ബംഗ്ലാദേശ് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വിസ

Published

|

Last Updated

ന്യൂഡല്‍ഹി:ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഇവര്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങുന്നതിനും ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും സഹായകരമാം വിധം നിയമം പരിഷ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. നിലവില്‍ ഇവര്‍ക്ക് നല്‍കി വരുന്ന വിസയുടെ കാലാവധി രണ്ട് വര്‍ഷമാണ്. ഇതിന് പകരം ഇവര്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല വിസ (എല്‍ ടി വി) നല്‍കാനും ഒപ്പം ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി വിഭാഗങ്ങള്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയെല്ലാം നല്‍കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അവര്‍ക്ക് രാജ്യത്ത് ജോലി നോക്കാനും സ്വന്തം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടാനും അനുമതി നല്‍കിയിട്ടുണ്ട്.

ഇത്തരം അഭയാര്‍ഥികളെ സഹായിക്കുന്നതിനായി ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ഈ ഒമ്പത് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest