Connect with us

Kerala

കോണ്‍ഗ്രസിലെ ഭിന്നസ്വരം മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി: മുസ്‌ലിം ലീഗ്

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസിലെ ഭിന്നസ്വരം മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഒരുമിച്ച് പോക്ക് അനിവാര്യമാണെന്നും മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു. മുസ്്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ശക്തമായി നില്‍ക്കേണ്ട കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തിരുത്തി പോകേണ്ടത് ആവശ്യമാണ്.

കോണ്‍ഗ്രസിലെ ഐക്യമില്ലായ്മ യു ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ ഹൈമാന്‍ഡിന് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് എ കെ ആന്റണിയുടെ വാക്കുകളില്‍ നിന്ന് ബോധ്യമാകുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍മുസ്ലീംലീഗ് ഇടപെടില്ല. അത് അവര്‍ തന്നെതാണ് പരിഹരിക്കേണ്ടതെന്നും ഇരുവരും പറഞ്ഞു.

കെ എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചക്ക്  ലീഗ് ഇപ്പോള്‍ മുന്‍കൈയെടുക്കില്ല. സമയമാവുമ്പോള്‍ വിഷയത്തില്‍ ഇടപെടും. കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറിയെ നിയമിക്കാനും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിരിച്ചുവിട്ട തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും ജില്ലാ ജനറല്‍ സെക്രട്ടറിയെയും ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി ഇ ടി പറഞ്ഞു.

കേരളത്തില്‍ വീണ്ടും മദ്യം ഒഴുക്കുക എന്ന ലക്ഷ്യത്തോടെ ഇടതുമുണി ഗവണ്‍മെന്റ് കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റ് കൊണ്ടുവന്ന മദ്യ നിരോധന നയങ്ങളെ തകിടം മറിക്കുകയാണെങ്കില്‍ അതിനെതിരായി ജനകീയ പ്രക്ഷോഭത്തിന് ലീഗ് നേതൃത്വം നല്‍കും. ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നരേന്ദ്രമോദി ഗവണ്‍മെന്റും അതിന്റെ രാഷ്ട്രീയ നേതൃത്വവും നടത്തുന്ന അതിക്രമങ്ങള്‍ ദിനേന വര്‍ദിച്ചു വരുന്നത് ആശങ്കാജനകമാണെന്നും ഇതിനെതിരെ ഗാന്ധി ജയന്തി ദിനത്തില്‍ ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരെ “”ജനകീയ സദസ്സ് “” എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായും ഇ ടി പറഞ്ഞു.

തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടിട്ട് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്നും ഇതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രമേത്തിലൂടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.