സ്വാശ്രയ മെഡി. പ്രവേശനം സങ്കീര്‍ണമാകുന്നു; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്
  • ഫീസ് നിശ്ചയിക്കാന്‍ ഇന്ന് യോഗം
Posted on: August 22, 2016 9:33 am | Last updated: August 22, 2016 at 12:41 pm

medical entranceതിരുവനന്തപുരം:മെഡിക്കല്‍ പ്രവേശനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി ഇറക്കിയ ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാറും കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകളും നിലപാടെടുത്തതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാകുന്നു. കോടതി നടപടികളുമായി പ്രവേശനം നീണ്ടു പോകുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.

സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എം ബി ബി എസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ഇതിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നാളെ ഹരജി നല്‍കും. അതേസമയം, മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എം ബി ബി എസ് കോഴ്‌സിന്റെ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജയിംസ് കമ്മിറ്റി ഇന്ന് യോഗം ചേരും. വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ നയമെന്ന് കെ കെ ശൈലജ പറഞ്ഞു.

ഈ വിഷയത്തില്‍ മാനേജ്‌മെന്റുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഉദ്ദേശ്യമില്ല. ഫീസ് വര്‍ധനയെന്ന ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കാം. എന്നാല്‍, സീറ്റുകള്‍ ഏറ്റെടുത്ത നിലപാടില്‍ വിട്ടുവീഴ്ചയില്ല. ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത് മാനേജുമെന്റുകളാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. ചര്‍ച്ചക്ക് മുന്‍കൈ എടുക്കേണ്ടത് മാനേജ്‌മെന്റുകളാണ്. ദന്തല്‍ സീറ്റുകളുടെ കാര്യത്തിലെന്നപോലെ മെഡിക്കല്‍ സീറ്റുകളുടെ കാര്യത്തിലും ഫീസ് വര്‍ധനയും ഏകീകരണവും സര്‍ക്കാറിന്റെ പരിഗണനയിലാണ്. ശരിയായ തീരുമാനം ഇക്കാര്യത്തില്‍ എടുത്തേ മതിയാകുവെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏകനയം മാത്രമാണുള്ളതെന്നും മന്ത്രി ശൈലജ പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.

നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സീറ്റുകള്‍ ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവ് ദുരന്തമാണെന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. മെഡിക്കല്‍ കോളജുകളിലെ ഫീസ് ഏകപക്ഷീയമായി ആരോഗ്യ മന്ത്രിക്ക് തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാറിലെ പാളിച്ചകള്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയവും മാനേജ്‌മെന്റുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണെന്നും മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യക്തിഗത മാനേജ്‌മെന്റുകളും മാനേജ്‌മെന്റ് അസോസിയേഷനുകളുമാണ് ഹരജി നല്‍കുന്നത്. ഭരണഘടനാ അവകാശങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞു. പ്രവേശന പ്രക്രിയ തുടങ്ങി, അപേക്ഷകള്‍ വരെ സ്വീകരിച്ചപ്പോള്‍ ഉറപ്പ് ലംഘിച്ച സര്‍ക്കാറിനെ വിശ്വസിക്കാനാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്ന ഉത്തരവ് ഉണ്ടാകുന്നത്. മെഡിക്കല്‍, ബി ഡി എസ് സീറ്റുകളിലെ പ്രവേശനമായിരിക്കും സര്‍ക്കാര്‍ നടത്തുക. അമ്പത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നും ശേഷിക്കുന്ന എന്‍ ആര്‍ ഐ, മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നീറ്റ് ലിസ്റ്റില്‍ നിന്നും നടത്തുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

പൂര്‍ണമായും മെറ്റിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനം നടപ്പിലാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഈ നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിച്ച മുന്നോട്ട് പോകാന്‍ തുടങ്ങിയതോടെ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാറും മാനേജ്‌മെന്റുകളും ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു.
അതേസമയം, മെഡിക്കല്‍ സീറ്റുകളിലേക്കുള്ള ഫീസ് ഏകീകരണത്തെയും സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നിലപാടിനെയും സ്വാഗതം ചെയ്യുന്നതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.