Connect with us

Kerala

ഹജ്ജ് സര്‍വീസ് കോഴിക്കോട് നിന്ന് പുനരാരംഭിക്കും: മുഖ്യമന്ത്രി

Published

|

Last Updated

നെടുമ്പാശ്ശേരി: അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമില്ലാത്തതിന്റെ പേരിലാണ് ഹജ്ജ് സര്‍വീസ് കൊച്ചിയിലേക്ക് മാറ്റിയത്. സ്ഥലം ഏറ്റെടുത്ത് റണ്‍വേ വികസനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭൂവുടമകളുമായി പ്രാരംഭ ചര്‍ച്ച നടന്നിട്ടുണ്ട്. ഉടന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. ബലപ്രയോഗത്തിലൂടെ ആരെയും ഒഴിപ്പിക്കില്ല. മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വലിയ വിമാനങ്ങള്‍ കോഴിക്കോട് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായിട്ടില്ല. ഈ വിവരം കേന്ദ്ര വ്യോമയാന മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് നല്‍കിയെങ്കിലേ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാനാകൂവെന്ന നിലപാടിലാണ് കേന്ദ്രം. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇന്നസെന്റ് എം പി, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എസ് ശര്‍മ, വി കെ ഇബ്‌റാഹിംകുഞ്ഞ്, എ എം ആരിഫ്, മുന്‍ എം പി. പി രാജീവ്, എം എ യൂസുഫലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി പി അബ്ദുല്ല കോയ മദനി, എം ഐ അബ്ദുല്‍ അസീസ്, സലാഹുദ്ദീന്‍ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, വി ജെ കുര്യന്‍ ഐ എ എസ്, ജില്ലാ കലക്ടര്‍മാരായ എ ഷൈനമോള്‍, മുഹമ്മദ് സഫറുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest