നമ്മുടെ കാശ്മീര്‍, അവരുടെ ബലൂചിസ്ഥാന്‍

കാശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണക്കുള്ള മറുപടിയായി ബലൂചിസ്ഥാനിനെ ഉയര്‍ത്തിക്കാട്ടുക വഴി, കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയാണെന്നും അത് രാജ്യത്തിന് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, അയല്‍ക്കാരന് മുതലെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതാണോ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ എത്ര വലുതായാലും അതിലും വലുത് അയല്‍ക്കാരന്റെ വീട്ടിലുണ്ടെന്ന് പ്രഘോഷിച്ച് ഹര്‍ഷം കൊള്ളുന്നതാണോ മികവ് എന്നത് രാഷ്ട്ര നേതാക്കള്‍ ആലോചിക്കേണ്ടതാണ്, അവരെ നിശ്ചയിക്കുന്ന ജനങ്ങളും.
Posted on: August 22, 2016 6:01 am | Last updated: August 21, 2016 at 10:03 pm

modi-sharifയുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ അല്‍പ്പം അധികമേ വരൂ ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍. അവിടുത്തെ ന്യൂനപക്ഷം. 2015ല്‍ നിയമം നടപ്പാക്കേണ്ട ഏജന്‍സികളുടെ കൈകളാല്‍ വധിക്കപ്പെട്ട ആഫ്രിക്കന്‍ അമേരിക്കക്കാരുടെ എണ്ണം 1,134 ആണെന്ന് ഗാര്‍ഡിയന്‍ നടത്തിയ പഠനം പറയുന്നു. ഈ കൊലകളില്‍ 15 ശതമാനവും പൊലീസ് മാരക പ്രഹര ശേഷി ഉപയോഗിച്ചതിന്റെ ഫലമാണെന്നും. പല മേഖലകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന, മനുഷ്യാവകാശത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് വീമ്പിളക്കുന്ന സമൂഹവും ഭരണകൂടവും നിലനില്‍ക്കുന്ന ഇടത്താണ് വര്‍ണവെറിയുടെ വലുപ്പം വ്യക്തമാക്കുന്ന കണക്കുകള്‍. ഇതിങ്ങനെ തുടരുമ്പോഴും ഭൂമിയുടെ ഇതര ഭാഗങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, വംശീയാധിക്ഷേപങ്ങളെക്കുറിച്ച്, വര്‍ണവെറിയെക്കുറിച്ച് ഒക്കെ അമേരിക്കന്‍ സമൂഹവും ഭരണകൂടവും ജാഗരൂകരാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും സഖ്യരാഷ്ട്രങ്ങളെ അത് പിന്തുടരാന്‍ പ്രേരിപ്പിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക മടിക്കാറില്ല.
യു എസ് ഭരണകൂടം നിശ്ചയിച്ച കോടതി, ഇറാഖിന്റെ പ്രസിഡന്റ് സദ്ദാം ഹുസൈന് തൂക്കുകയര്‍ വിധിച്ചതിന്റെ കാരണങ്ങളിലൊന്ന് അവിടുത്തെ ന്യൂനപക്ഷമായ കുര്‍ദുകള്‍ക്കുമേല്‍ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണമായിരുന്നു. ഇറാഖ് അധിനിവേശത്തിന് കാരണമായി അമേരിക്കയും സഖ്യശക്തികളും ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ കെട്ടിച്ചമച്ചതായിരുന്നുവെന്നും അതില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് (സി ഐ എ) വലിയ പങ്കുണ്ടായിരുന്നുവെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തമായിട്ടുണ്ട്. ആയിരക്കണക്കിന് ഇറാഖികളെ കൊന്നൊടുക്കിയ, പതിനായിരക്കണക്കിന് ഇറാഖികളെ അഭയാര്‍ഥികളാക്കിയ, ശേഷിച്ച സമൂഹത്തെ ഭിന്നിപ്പിച്ച് പരസ്പരം കൊല്ലാന്‍ പ്രേരിപ്പിച്ച അധിനിവേശം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ സമൂഹത്തിന് തോന്നുന്നേയില്ല. മറ്റേതെങ്കിലും രാജ്യമായിരുന്നുവെങ്കില്‍ മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചതിന്, അവര്‍ക്കുമേല്‍ അശനിപാതം നടത്തിയതിന് ഒക്കെ അതിന്റെ നേതാക്കളെ അന്താരാഷ്ട്ര കോടതിക്കു മുന്നില്‍ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമായിരുന്നു അമേരിക്ക.
സമ്പത്തുകൊണ്ടും ആയുധ ബലം കൊണ്ടും വന്‍ശക്തിയായി അവകാശപ്പെടുന്ന രാജ്യത്തിന് സ്വന്തം മണ്ണിലെ വര്‍ണവെറിയോ അതിന്റെ പേരിലുള്ള കൊലകളോ വലിയ കാര്യമാകില്ല. കെട്ടിച്ചമച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു രാജ്യത്തെ ചുട്ടെരിച്ചത് കുറ്റമായി തോന്നുകയില്ല. ആധിപത്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചും സാമ്പത്തിക – ആയുധ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ പുതിയ അധിനിവേശങ്ങള്‍ ആസുത്രണം ചെയ്യുന്നതിനെക്കുറിച്ചുമായിരിക്കും ചിന്ത. അതിന് പിന്തുണ ഉറപ്പാക്കും വിധത്തിലുള്ള സാമ്പത്തിക – വാണിജ്യ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരിക്കും അവര്‍ ചെയ്യുക.
ബലൂചിസ്ഥാനെയും ഗില്‍ജിത്തിനെയും പാക് അധീന കശ്മീരിനെയും കുറിച്ച് സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ പരാമര്‍ശിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയും ഏറെക്കുറെ അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ഭാഷയെ സ്വീകരിക്കുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം സൃഷ്ടിച്ച്, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനകള്‍ നല്‍കി രാജ്യത്തിനകത്ത് ആധിപത്യത്തിന്റെയും വിവിധ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്താനിടയുള്ള അധിനിവേശത്തിന്റെയും രാഷ്ട്രീയം വ്യവഹരിക്കുന്ന നേതാവ്, അതിര്‍ത്തിക്കപ്പുറത്തേക്കും നയം അതാണെന്ന് പറയാതെ പറയുകയാണ്. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണക്കുള്ള മറുപടിയായി ബലൂചിസ്ഥാനിനെ ഉയര്‍ത്തിക്കാട്ടുക വഴി, കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയാണെന്നും അത് രാജ്യത്തിന് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, അയല്‍ക്കാരന് മുതലെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതാണോ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ എത്ര വലുതായാലും അതിലും വലുത് അയല്‍ക്കാരന്റെ വീട്ടിലുണ്ടെന്ന് പ്രഘോഷിച്ച് ഹര്‍ഷം കൊള്ളുന്നതാണോ മികവ് എന്നത് രാഷ്ട്ര നേതാക്കള്‍ ആലോചിക്കേണ്ടതാണ്, അവരെ നിശ്ചയിക്കുന്ന ജനങ്ങളും.
നൂറ്റാണ്ട് പിന്നിട്ട അധിനിവേശത്തിനും ചൂഷണത്തിനുമൊടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിടുമ്പോള്‍ ബലൂചിസ്ഥാന്‍ (പാക്കിസ്ഥാനില്‍പ്പെട്ട ബലൂചിനെ കലാട്ട് എന്നാണ് വിളിച്ചിരുന്നത്) സ്വതന്ത്ര പരാമാധികാര രാഷ്ട്രമായിരുന്നു. 1948ലാണ് പാക്കിസ്ഥാന്‍ ബലൂചിനെ രാജ്യത്തിന്റെ ഭാഗമാക്കുന്നത്. കലാട്ടിനെ സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യയും ബ്രിട്ടനും മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ, തങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. പ്രദേശത്തെ പാക്കിസ്ഥാന്റെ ഭാഗമാക്കുന്നതിന്, അന്ന് കലാട്ടിന്റെ പരമാധികാരിയായിരുന്ന മിര്‍ അഹ്മദ് യാര്‍ ഖാനുമായി, പലകുറി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ബല പ്രയോഗത്തിലൂടെ പാക്കിസ്ഥാനോട് ചേര്‍ത്തുവെന്നും ഔദ്യോഗിക ചരിത്രം. തടങ്കലിലാക്കുമെന്ന് യാര്‍ ഖാനെ ഭീഷണിപ്പെടുത്തിയാണ് കലാട്ടിനെ കൂട്ടിച്ചേര്‍ത്തത് എന്ന് ബലൂചുകാര്‍ പറയുന്നു. പരമാധികാരം സംരക്ഷിക്കുന്നതിന് ബലൂചുകാര്‍ നടത്തിയ ശ്രമങ്ങളെ അടിച്ചമര്‍ത്തിയെന്നും. അതേ അടിച്ചമര്‍ത്തല്‍ ഇപ്പോഴും തുടരുകയാണെന്നാണ് അവരുടെ പക്ഷം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിയമവിരുദ്ധ നടപടികളെത്തുടര്‍ന്ന് കാണാതായവരുടെ എണ്ണം കാല്‍ ലക്ഷമാണെന്നാണ് വിമതര്‍ പറയുന്നത്.
സ്വാതന്ത്ര്യം തേടുന്ന ജനതക്കു മേല്‍ (അത്തരം വാഞ്ഛകളെ വിഘടനവാദമായാണ് ഔദ്യോഗിക ഭരണകൂടങ്ങള്‍ വിശേഷിപ്പിക്കുക) ബോംബ് വര്‍ഷിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തെയാണ് ബലൂചിസ്ഥാനെ പരാമര്‍ശിച്ചപ്പോള്‍ നരേന്ദ്ര മോദി വിമര്‍ശിച്ചത്. അവിടെ നിന്നുള്ളവര്‍ തന്നെ നന്ദി അറിയിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് വിടുതല്‍ നേടി സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാനുള്ള ബലൂചികളുടെ ഇംഗിതത്തെ നാം പിന്തുണക്കുന്നുണ്ട് എന്ന് തന്നെയാണ് അര്‍ഥം.
കശ്മീരിലേക്ക് വന്നാല്‍, ആ ഭൂവിഭാഗത്തെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം വാഗ്ദാനം ചെയ്തിരുന്നു നമ്മുടെ നേതാക്കള്‍. ആ വാഗ്ദാനം പാലിക്കാതിരിക്കുകയും കശ്മീരിനെ യൂനിയന്റെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അനുവദിച്ച പ്രത്യേക അധികാരാവകാശങ്ങളൊക്കെ വെട്ടിക്കുറക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തോട് എതിര്‍പ്പുണ്ടാകുക സ്വാഭാവികമാണ്. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയത്തിന് അവസരമുണ്ടായാല്‍ ആ പ്രദേശം തങ്ങളുടെ ഭാഗത്തേക്ക് എത്തുമെന്ന് വിശ്വസിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടം ഇത്തരം എതിര്‍പ്പുകളെ സജീവമാക്കി നിര്‍ത്താനോ ആയുധവും പണവും പ്രദാനം ചെയ്ത് രൂക്ഷമാക്കാനോ ശ്രമിക്കുന്നു. സൈന്യമോ രഹസ്യാന്വേഷണ വിഭാഗമോ പരിശീലിപ്പിച്ച തീവ്രവാദികളെ അതിര്‍ത്തി കടത്തിവിട്ട് ആക്രമണങ്ങള്‍ നടത്തി അരക്ഷിതമാണ് കശ്മീരെന്ന് വരുത്താനും യത്‌നിക്കുന്നു. ഇതില്ലാതാക്കണമെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്. അതിന് മുന്‍കൈയെടുക്കാത്തവര്‍ക്ക് (അത് ബി ജെ പിയും നരേന്ദ്ര മോദിയും മാത്രമല്ല) സ്വയം പഴിച്ചതിന് ശേഷമേ അന്യനെ കുറ്റപ്പെടുത്താന്‍ അവകാശമുള്ളൂ.
ബലൂചികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു, അവര്‍ക്കു മേല്‍ പാക് സൈന്യം ബോംബുകള്‍ വര്‍ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ കശ്മീരില്‍ ഒഴുക്കിയ ചോര കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് മറുപുറത്ത് നിന്ന് വാദമുയരാം. 13 ലക്ഷം പെല്ലറ്റുകള്‍ ജനങ്ങള്‍ക്കു നേര്‍ക്ക് ഉതിര്‍ത്തത് (ബുള്ളറ്റുകളുടെയും അത് പൊഴിച്ച ജീവനുകളുടെയും കഥ വേറെ) നേട്ടമായി കാണുകയും സമാധാനപാലനത്തിന് ഇനിയും അത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരെയാണ് ബലൂചിന് മേല്‍ പറക്കുന്ന പോര്‍ വിമാനങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നത് എന്ന് മറു ചോദ്യമുയര്‍ന്നാല്‍ എന്തു പറായാനാകും? വിഘടനവാദത്തിലെ പങ്കാളിത്തമോ തീവ്രവാദികളുമായുള്ള ബന്ധമോ ആരോപിച്ച് പാക് സൈന്യം കസ്റ്റഡിയിലെടുതുത്തതിന് ശേഷം കാണാതായ 25,000 പേരുടെ കഥ ബലൂചുകാര്‍ പറയുമ്പോള്‍ ഇങ്ങനെ കാണാതായ പതിനായിരങ്ങളുടെ കഥ കശ്മീരിലുമുണ്ടെന്ന് മറക്കരുത്. കശ്മീരില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ഒടുങ്ങിയവര്‍ ആരൊക്കെ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും. ഇവ്വിധം വാദങ്ങളൊന്നുമില്ലാത്ത ഗുജറാത്തിലെ മണ്ണില്‍, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സൃഷ്ടിക്കപ്പെട്ട ഏറ്റുമുട്ടല്‍ കൊലകളില്‍ ഒടുങ്ങിയവരെത്ര എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും.
സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ മാരകായുധങ്ങള്‍ പ്രയോഗിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നവര്‍, മണിപ്പൂരിലും നാഗാലന്‍ഡിലും അസമിലുമൊക്കെ ഏതു വിധത്തിലാണ് സൈന്യത്തെ ഉപയോഗിച്ചത് എന്ന് ആലോചിക്കണം. അവിടെ ഉയര്‍ന്ന ആവശ്യങ്ങള്‍ ഭരണകൂടത്തിന്റെ ഭാഷയില്‍ വിഘടനവാദവും ജനങ്ങളുടെ ഭാഷയില്‍ സ്വാതന്ത്ര്യ വാദവുമാണല്ലോ. നാഗ വിഭാഗങ്ങളുടെ പരമാധികാരമെന്ന ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കരാറില്‍ ഒപ്പിട്ട നാഗ സംഘടനയുടെ നേതാവ് പറഞ്ഞിട്ട് വര്‍ഷമാകുന്നതേയുള്ളൂ. ബലൂചിലെ ജനങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുകയും അവരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഭരണ സംവിധാനം ഈ ജനതയോട് എന്ത് സമീപനമാണ് സ്വീകരിക്കുക? സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കി, കൊലക്കും ബലാത്സംഗത്തിനും സ്വാതന്ത്ര്യം നല്‍കിയത് തെറ്റായിപ്പോയെന്ന് തുറന്ന് പറയുമോ? അത്തരം നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പറയുമോ? 1528 ജീവനുകളെ സൈന്യം നിഷ്‌കരുണം ഇല്ലാതാക്കി, ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിക്കും?
വാഗ്ദാന ലംഘനം, അമിത ബലപ്രയോഗം, കൊല, ബലാത്സംഗം ഒക്കെ നമ്മുടേതാകുമ്പോള്‍ ന്യായീകരിക്കാവുന്ന, അവകാശ ലംഘനങ്ങളൊന്നുമില്ലാത്ത, അവകള്‍ ചൂണ്ടിക്കാട്ടുന്നവരെ ദേശക്കൂറില്ലാത്തവരായി ചിത്രീകരിക്കാവുന്ന വഹകളാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ കുറ്റം, മനുഷ്യാവകാശങ്ങളുടെ ഹീനമായ ലംഘനം, വേണ്ടി വന്നാല്‍ ആയുധ പ്രയോഗത്തിലുടെ ഇല്ലാതാക്കേണ്ട ഭരണകൂട ഭീകരത. അതാണ് അധിനിവേശത്തിന്റെ ഭാഷ. അതിന്റെ പ്രയോഗം ലോകം പലകുറി കണ്ടതാണ്. ആ പ്രയോഗത്തെ, ലജ്ജാലേശമില്ലാതെ ന്യായീകരിക്കുന്നതും. അവിടേക്ക് ഇന്ത്യന്‍ യൂനിയനുമെത്തണമെന്നാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ലോക പര്യടനം നടത്തി, വന്‍ശക്തികളുടെ പട്ടികയില്‍ ഞങ്ങളുമുണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ പരാമര്‍ശങ്ങളെ കാണാന്‍. അതിനെ രാജ്യം കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് മാറുന്നുവെന്നും എതിരാളിയെ അവന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ആക്രമിക്കാന്‍ കരുത്തുകാട്ടുന്നുവെന്നും വ്യാഖ്യാനിക്കാം. സ്വയം സൃഷ്ടിച്ച പുണ്ണുകള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ മിഴിവോടെ തുറന്ന് കാട്ടുന്നുണ്ട് ഈ തന്ത്രം എന്ന മറുപുറം കൂടി അതിനുണ്ട്. അത് തുറന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാകില്ലെന്ന പ്രതീക്ഷയില്‍.