Connect with us

Business

പ്രാദേശിക വിപണികളില്‍ എണ്ണക്കും കൊപ്രക്കും വില കുതിച്ചു

Published

|

Last Updated

കൊച്ചി: നാളികേരോത്പന്നങ്ങളുടെ വില ഉയര്‍ന്നു. കൊപ്ര സംഭരിക്കാന്‍ മില്ലുകാര്‍ ഉത്സാഹിച്ചത് വെളിച്ചെണ്ണ വില ഉയര്‍ത്തി. ഓണ വേളയില്‍ കൊപ്രക്ക് ബംബര്‍ വില ഉറപ്പ് വരുത്താനാകുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഇടപാടുകാര്‍. താഴ്ന്ന വിലക്ക് നേരത്തെ ശേഖരിച്ച കൊപ്ര മില്ലുകാരില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നിട്ടും പലരും വില്‍പ്പനക്ക് ഇറക്കിയില്ല. ഒരാഴ്ച്ച കൂടി ചരക്ക് പിടിച്ചാല്‍ 6500 രൂപക്ക് മുകളില്‍ വില ലഭിക്കുമെന്നാണ് ചില സ്‌റ്റോക്കിസ്റ്റുകളുടെ വിലയിരുത്തല്‍. വാരാന്ത്യം കൊച്ചിയില്‍ വെളിച്ചെണ്ണ 9300-9600ലും കൊപ്ര 6300-6400 രൂപയിലുമാണ്. ഓണം അടുത്ത സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വെളിച്ചെണ്ണക്ക് ആവശ്യം വര്‍ധിക്കും.
ആഭ്യന്തര വിപണിയില്‍ നിന്നും കയറ്റുമതി മേഖലയില്‍ നിന്നുള്ള അതിശക്തമായ ഡിമാന്‍ഡില്‍ ഏലക്ക കിലോ 1495 രൂപ വരെ കയറി. രണ്ട് വര്‍ഷത്തിനിടയില്‍ ഏലത്തിന് ലഭിക്കുന്ന ഏറ്റവും ആകര്‍ഷകമായി വില. ഉത്സവ സീസനായതിനാല്‍ പ്രദേശിക തലത്തിലും ഉത്തരേന്ത്യയിലും സ്‌റ്റോക്ക് നില പരുങ്ങലിലാണ്. കര്‍ഷകരുടെ കൈവശവും കാര്യമായി ഏലക്കയില്ല. ഉത്സവ ഡിമാന്‍ഡ് മുന്‍ നിര്‍ത്തി വാരമധ്യം അന്തര്‍സംസ്ഥാന വ്യാപാരികള്‍ വന്‍തോതില്‍ ചരക്ക് എടുത്തു.
കാലാവസ്ഥ വിലയിരുത്തിയാല്‍ ചിങ്ങം രണ്ടാം പകുതിയില്‍ വിളവെടുപ്പ് ഊര്‍ജിതമാകും. ഏലത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ അന്വേഷണങ്ങളുണ്ട്. ഉത്പന്ന വില ലേല കേന്ദ്രങ്ങളില്‍ ഉയര്‍ന്നത് കണ്ട് അറബ് രാജ്യങ്ങള്‍ പുതിയ അന്വേഷണങ്ങളുമായി രംഗത്ത് ഇറങ്ങി.
കുരുമുളക് വിപണിയെ ബാധിച്ച നിര്‍ജീവാവസ്ഥ തുടരുന്നു. ആഭ്യന്തര വിദേശ വ്യാപാര രംഗം തളര്‍ച്ചയിലാണ്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്ക് നീക്കവും ചുരുങ്ങി. സാര്‍വദേശീയ വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 10,900-11,150 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,000 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 72,000 രൂപയിലുമാണ്. മറ്റ് ഉത്പാദന രാജ്യങ്ങള്‍ ഇന്ത്യന്‍ നിരക്കിനെക്കാള്‍ താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. അടുത്ത സീസനില്‍ ബംബര്‍ ഉത്പാദനം വിയറ്റ്‌നാമില്‍ പ്രതീക്ഷിക്കുന്നു. ഇത് വിലയെ ബാധിക്കാന്‍ ഇടയുണ്ട്.
പുതിയ റബ്ബര്‍ ഷീറ്റ് ഉയര്‍ന്ന അളവില്‍ വില്‍പ്പനക്ക് എത്തിയത് കണ്ട് ടയര്‍ ലോബി ഷീറ്റ് സംഭരണം കുറച്ചു. കൊച്ചിയില്‍ നാലാം ഗ്രേഡ് 14,200 രൂപയില്‍ നിന്ന് 13,800 ലേക്ക് ഇടിഞ്ഞു. ആഭരണ വിപണികളില്‍ സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് പവന്റെ വില 23,240 രൂപയില്‍ നിന്ന് 23,480 ലേക്ക് കയറി. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1341 ഡോളറിലാണ്.

Latest