മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

Posted on: August 21, 2016 6:39 pm | Last updated: August 22, 2016 at 9:27 am

vellapallyതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എംബിബിഎസ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ കീഴിലുള്ള കോളേജുകളില്‍ ഇത് ആദ്യം നടപ്പിലാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തുല്യനീതി നടപ്പിലാക്കാന്‍ പുതിയ തീരുമാനം സഹായിക്കും. കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണം. പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ഫീസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു .

സംസ്ഥാനത്തെ സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റുകളിലേക്കും പ്രവേശനപ്പരീക്ഷ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേക്കടക്കം അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.