റിയോ നഗരത്തിലെ പതിനാറായിരം കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ഖത്വര്‍

Posted on: August 21, 2016 4:54 pm | Last updated: August 21, 2016 at 4:54 pm

rioദോഹ: ഒളിംപിക്‌സിന്റെ ആരവങ്ങള്‍ക്കിടിയിലും അറിവിന്റെ മൗലിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്ന പദ്ധതിയുമായി ഖത്വര്‍. ഒളിംപിക്‌സിനു വേദിയാകുന്ന ബ്രസീലിലെ റിയോ നഗരത്തില്‍ 16,239 കുട്ടികളെ എജുക്കേറ്റ് എ ചൈല്‍ഡ് പദ്ധതിയുടെ ഭാഗമാക്കിയാണ് ഖത്വര്‍ ഒളിംപിക്‌സ് കമ്മിറ്റി കേന്ദ്രമായ റിയോയിലെ ബൈത്ത് ഖത്വറില്‍ കഴിഞ്ഞ ദിവസം ആഘോഷം നടന്നത്. ‘എജുക്കേഷന്‍ എബവ് ആള്‍’ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് ‘എജുക്കേറ്റ് എ ചൈല്‍ഡ്’.

റിയോ നഗരത്തിന്റെ ചേരികളില്‍ ജീവിക്കുന്ന പാവപ്പെട്ട കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമാക്കി അറിവിന്റെ ലോകത്തേക്ക് ഖത്വര്‍ കൈ പിടിച്ചുയര്‍ത്തുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്കു നല്‍കുക. അസോസിയേഷന്‍ അപ്രന്റീസ് സ്‌കൂള്‍ സിറ്റി, മുനിസിപ്പല്‍ സെക്രട്ടറി ഓഫ് എജുക്കേഷന്‍ ഓഫ് റിയോ എന്നിവയുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. റിയോ നഗരത്തിലെ ചേരി പ്രദേശങ്ങളിലെ തിങ്ങിപ്പാര്‍ക്കുന്ന സമൂഹം വലിയ വെല്ലുവിളികള്‍ നേരിടുന്നവരാണെന്നും ഇവിടെ തൊഴിലില്ലായ്മയോടൊപ്പം അനിഷ്ട സംഭവങ്ങള്‍ പതിവായി അരങ്ങേറുന്ന പ്രദേശവുമാണെന്ന് ഫൗണ്ടേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവിടുത്തെ ജനതയുടെ ശരാശരി ആയുസ്സ് 48 വയസ്സാണ്. ആയിരക്കണക്കിനു കുട്ടികള്‍ ഈ ചേരിയില്‍ വളരുന്നുണ്ട്. വിദ്യാഭ്യാസം മാത്രമാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള പോംവഴിയെന്നും പ്രസ്തവാന പറയുന്നു.

ഫൗണ്ടേഷന്‍ ആഭിമുഖ്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി അപ്രന്റിസ് നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയങ്ങള്‍ വികസിപ്പിക്കും. നിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനാണ് പദ്ധതി. ഗുണഭോക്താക്കളായ ഏതാനും കുട്ടികള്‍ ബൈത് ഖത്വറില്‍ നടന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കലാ, സംഗീത, നൃത്ത പരിപാടികളോടെയായിരുന്നു ആഘോഷം. ഖത്വറിന്റെയും ബ്രസീലിന്റെയും സാംസ്‌കാരിക അടയാളങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാനുള്ള അവസരംകൂടിയായിരുന്നു ഇത്. കുട്ടികള്‍ക്ക് മികച്ച ഭാവി നല്‍കുന്നതിനായി ഖത്വറും ബ്രസീലും കൈകോര്‍ത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

പദ്ധതി പ്രധാനമായും മൂന്നു കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുക. സ്‌കൂള്‍ വിദ്യാഭ്യാസം അന്യമായ കുട്ടികളുടെ വിവരശേഖരണം, ദാരിദ്ര്യത്തില്‍ വളരുന്ന കുട്ടികള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രാദേശിക ഗവണ്‍മെന്റുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം എന്നിവയാണവ. ഈ പദ്ധതി വിജയകരമായാല്‍ ഈ വര്‍ഷം തന്നെ പുതിയ 5000 കുട്ടികള്‍ക്കുകൂടി ഗുണകരമായ രീതിയില്‍ വികസിപ്പിക്കും. ഇതോടെ ആകെ 21,000 കുട്ടികള്‍ പദ്ധതിയുടെ ഭാഗമാകും. ബ്രസീലിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന്‍ സി ഇ ഒ ഫഹദ് അല്‍ സുലൈത്വി പറഞ്ഞു.