ഗഫൂറിന്റെ തെങ്ങിന് ഇരട്ട തല, മാവില്‍ നിറയെ മാങ്ങ

Posted on: August 21, 2016 4:02 pm | Last updated: August 21, 2016 at 4:48 pm

gafoorഅബുദാബി: കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗഫൂറിന് കൃഷി എന്നാല്‍ എന്നും ജീവിതത്തിന്റെ ഭാഗമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പോത്തന്നൂര്‍ സ്വദേശിയായ ഗഫൂര്‍ 1997 ലാണ് പ്രവാസ ലോകത്തേക്ക് വരുന്നത്.

സാധാരണക്കാരില്‍ നിന്നും വ്യത്യസമായി ഗഫൂര്‍ നാട്ടില്‍ നിന്ന് ജോലി സ്ഥലമായ റാസല്‍ ഖൈമയിലേക്ക് കൊണ്ട് വന്നത് തെങ്ങും മാവുമായിരുന്നു. റാസല്‍ഖൈമ അല്‍ മതാഫ് ക്ലബ് സൂപ്പര്‍ വൈസറായിരുന്ന ഗഫൂര്‍ ആദ്യ യാത്രയില്‍ നാല് തെങ്ങും നാല് മാവുമാണ് കൊണ്ടുവന്നത്. ക്ലബ്ബ് പരിസരത്ത് തന്നെ നട്ട് വെള്ളം ഒഴിച്ച് പരിപാലിച്ച് വളര്‍ത്തി. എന്നാല്‍ വര്‍ഷം അഞ്ചു കഴിഞ്ഞപ്പോള്‍ ജോലിയുടെ മാറ്റവുമായി ബന്ധപ്പെട്ട് ഗഫൂര്‍ അബുദാബിയിലേക്ക് സ്ഥലം മാറി. ഇതിനിടയില്‍ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് മൂന്ന് തെങ്ങും മൂന്ന് മാവും നശിച്ചു പോയി. അവശേഷിക്കുന്ന മാവ് സാധാരണ വര്‍ഷങ്ങളില്‍ പൂക്കാറുണ്ടെങ്കിലും ഈ വര്‍ഷം മുഴുവനും പൂത്തു. ഇപ്പോള്‍ മാവ് നിറയെ മാങ്ങയുണ്ട്. സാധരണ തെങ്ങില്‍ നിന്നും വ്യത്യാസമുണ്ട് ഗഫൂറിന്റെ തെങ്ങിന്. ഈ തെങ്ങ് ഇരട്ട തലയുള്ള തെങ്ങാണ്. കേരളത്തില്‍ ഇത്തരം തെങ്ങുകള്‍ കാണാറുണ്ടെങ്കിലും ഗള്‍ഫില്‍ ആദ്യമാണ്. സ്ഥല സൗകര്യം ലഭിച്ചാല്‍ അബുദാബിയില്‍ ഒരു കൃഷി തോട്ടമുണ്ടാക്കാനാണ് ഗഫൂറിന്റെ ആഗ്രഹം.