Connect with us

Gulf

ദുബൈയില്‍ 3,700 നിര്‍മാണ പദ്ധതികള്‍; ചെലവഴിക്കപ്പെടുന്നത് 40,000 കോടി ഡോളര്‍

Published

|

Last Updated

ദുബൈ:ദുബൈയില്‍ നിര്‍മാണത്തിലിരിക്കുന്നത് ചെറുതും വലുതുമായ 3,700ലേറെ പദ്ധതികള്‍. 40,000 കോടി ഡോളറാണ് ചെലവഴിക്കപ്പെടുന്നതെന്നും ദി ബിഗ് ഫൈവ് കണ്‍സ്ട്രക്ഷന്‍ ട്രേഡ് ഷോ ഡയറക്ടര്‍ ജോസൈന്‍ ഹീജ്മാന്‍സ് ചൂണ്ടിക്കാട്ടി.

പദ്ധതികളില്‍ ഏറെയും അന്തിമഘട്ടത്തിലാണ്. 10,000 കോടി ഡോളറിന്റെ പദ്ധതികളാണിവ. അഞ്ചിലൊന്ന് പദ്ധതികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ദുബൈ വാട്ടര്‍ കനാല്‍, ജുവല്‍ ഓഫ് ദി ക്രീക്കിലെ പുതിയ ഇന്റര്‍ചേഞ്ചുകള്‍, ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷന്‍ ദീര്‍ഘിപ്പിക്കല്‍ എന്നിവ വലിയ പദ്ധതികളില്‍ ഉള്‍പെടും. ഇതിനിടെ സുഗമമായ ഗതാഗതത്തിന് 36 പാലങ്ങള്‍ പണിയുന്നു.
2020ഓടെ ദുബൈയുടെ ഗതാഗത രംഗത്ത് 25 ശതമാനം സ്മാര്‍ടോ, ഡ്രൈവര്‍ രഹിതമോ ആയ സംവിധാനങ്ങള്‍ വേണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കിയിട്ടുണ്ട്. അതിനുവേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഇപ്പോഴേ തുടങ്ങി.
എണ്ണ വിലയിടിവ് യു എ ഇയില്‍ നിര്‍മാണ മേഖലയെ തകര്‍ത്തിട്ടില്ല. സഊദി അറേബ്യ, ഖത്വര്‍ എന്നിവിടങ്ങളില്‍ നിന്ന് ഭിന്നമാണ് യു എ ഇയിലെ സാഹചര്യം.
നിര്‍മാണ കമ്പനികള്‍ക്ക് തിരക്കു പിടിച്ച നാളുകളാണിതെന്ന് കനേഡിയന്‍ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്‍സി മേധാവി ബ്രണ്ടന്‍ യംഗ് വ്യക്തമാക്കി. ശിന്ദഗയില്‍ പുതിയ പാലം, ദുബൈ വാട്ടര്‍ കനാലിന് സമീപം പുതിയ ഡോക്ക് എന്നിവയുടെ നിര്‍മാണം താമസിയാതെ ദ്രുതഗതിയിലാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

Latest