പ്രകൃതി വിരുദ്ധ പീഡനത്തിന് പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് അറസ്റ്റില്‍

Posted on: August 21, 2016 3:23 pm | Last updated: August 21, 2016 at 3:23 pm

raksha dalചണ്ഡീഗഡ്: പ്രകൃതി വിരുദ്ധ പീഡനത്തിന് പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് അറസ്റ്റിലായി. സതീഷ് കുമാറാണ് കന്നുകാലി വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. പട്യാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തന്നെ മര്‍ദ്ദിക്കുകയും പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തില്‍ എത്തിച്ച് തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു. മര്‍ദ്ദനത്തിനു ശേഷം തന്നെ ബലമായി മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വ്യാപാരി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ മൊഴി നല്‍കി.
ഈ മാസം ആറാം തീയതിയാണ് സതീഷ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിനു പുറമെ കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, വര്‍ഗീയ ലഹള എന്നീ കുറ്റങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സതീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സതീഷ് കുമാറിനെതിരെ സമാനമായ പരാതികളുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.