മെഡിക്കല്‍ പ്രവേശനം; ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാര്‍ , മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്

Posted on: August 21, 2016 12:03 pm | Last updated: August 22, 2016 at 9:28 am

kk shailajaതിരുവനന്തപുരം:  സ്വാശ്രയ മേഖലയിലെ മെഡിക്കല്‍ഡെന്റല്‍ സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. എന്നാല്‍ മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത് മാനേജുമെന്റുകളാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ സീറ്റുകളിലെ ഫീസ് ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജ്‌മെന്റുകളുമാണ് ഹരജി നല്‍കുക. അതേസമയം, സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. സീറ്റുകള്‍ ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവ് ദുരന്തമാണെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഏകപക്ഷീയമായി ആരോഗ്യ മന്ത്രിക്ക് തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാറിലെ പാളിച്ചകള്‍ എന്താണെന്ന് സര്‍രക്കാര്‍ വ്യക്തമാക്കണമെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയവും മാനേജ്‌മെന്റുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അതേ സമയം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ്ുകളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളജുകളും കല്‍പ്പിത സര്‍വകലാശാലകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ സീറ്റുകളിലെയും പ്രവേശനമാണു സര്‍ക്കാര്‍ ഏറ്റെടുത്തത്. മെരിറ്റിലെ 50 ശതമാനം സീറ്റുകള്‍ സംസ്ഥാന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നികത്തും. ബാക്കിയുള്ള െ്രെപവറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നു നികത്താനും നിര്‍ദേശിച്ചു. പ്രവേശന നടപടികളും ഫീസ് ഘടനയും സംബന്ധിച്ചു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.