Connect with us

Kannur

ഭൂമിയില്ലാത്ത ബി പി എല്ലുകാര്‍ക്ക് ഇനി സര്‍ക്കാര്‍ വക ഫ്‌ലാറ്റ്‌

Published

|

Last Updated

കണ്ണൂര്‍:സംസ്ഥാനത്തെ ഭൂരഹിതരായ ബി പി എല്‍ കുടുംബങ്ങള്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്ന പരിപാടിയുടെ ഭാഗമായാണ് ഭൂരഹിതരായവരെ അധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ നടപടികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ 75,000 കുടുംബങ്ങള്‍ക്കാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസ സൗകര്യമൊരുക്കുന്നത്.

ഇതോടൊപ്പം ഭൂമി സ്വന്തമായുള്ള ബി പി എല്ലില്‍ ഉള്‍പ്പെട്ടതും താഴ്ന്ന വരുമാനമുള്ളതുമായ കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കിക്കൊണ്ടുള്ള ഉദാര ഭവനവായ്പകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വായ്പയില്ലാതെ സഹായം അനുവദിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഹൗസിംഗ് ബോര്‍ഡും ലക്ഷ്യമിടുന്നുണ്ട്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുഖാന്തരം ഒരു വാര്‍ഡില്‍ ഒരു വീട് പദ്ധതി പ്രകാരം 22,000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ കര്‍മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഫിഷറീസ്, പട്ടികജാതി- വര്‍ഗ്ഗം, വനം എന്നീ വകുപ്പുകള്‍ വഴിയായിരിക്കും ഭൂരഹിതരായവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുക. ഇതിന് അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ ഹൗസിംഗ് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി എല്ലാ കേന്ദ്ര പദ്ധതികളെയും പരാമവധി പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് വീട് നിര്‍മിച്ചു നല്‍കുക. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി എസ് സി, എസ് ടി വകുപ്പും പഌന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി വനം വകുപ്പിന് കീഴിലെ വനം ഫെഡറേഷനുമായിരിക്കും പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങളുണ്ടെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 2,91,396 ആണ്. ലാന്‍ഡ് റവന്യൂ കമ്മീഷന്റെ കണക്കുപ്രകാരം ഭൂമിയില്ലാത്ത ഭവനരഹിതരുടെ എണ്ണം 1.79 ലക്ഷമാണ്. എന്നാല്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 2,42,980 പേരാണ് അപേക്ഷ നല്‍കിയത്. ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഇടുക്കിയിലും കുറവ് കാസര്‍കോട്ടുമാണ്.

ഇടുക്കിയില്‍ 36732 കുടുംബങ്ങളാണ് താത്കാലിക ഷെഡിലും മറ്റും കഴിയുന്നത്. 12,525 കുടുംബങ്ങള്‍ക്ക് ഇവിടെ ഭൂമിയും വീടുമില്ല. കാസര്‍കോട്ട് ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 9097 മാത്രമാണ്. ഭൂരഹിതരുടെ എണ്ണം 5342. എറണാകുളത്ത് ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ 34,746 ആണ്. ഇവിടെ ഭൂമിയും വീടുമില്ലാത്തത് 15084 പേര്‍ക്കാണ്. തിരുവനന്തപുരത്ത് ഭൂമിയും വീടുമില്ലാത്തവര്‍ 33,229 ആണ്. കൊല്ലത്ത് 16,776, കണ്ണൂര്‍- 4746, ആലപ്പുഴ- 8329, കോഴിക്കോട്- 6222, വയനാട്- 5866, പത്തനംതിട്ട- 6727, കോട്ടയം- 10,186, തൃശൂര്‍- 11146, പാലക്കാട്- 32,505, മലപ്പുറം- 9627 എന്നിങ്ങനെയുമാണ് ഭൂമിയും വീടുമില്ലാത്തവരുടെ എണ്ണം. ഇതില്‍ പാലക്കാട്, വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഏറെപ്പേരും പട്ടിക വര്‍ഗ മേഖലകളിലുള്ളവരാണ്. ഇവരില്‍ത്തന്നെ പ്രാക്തന ഗോത്രവര്‍ഗങ്ങളിലുള്ളവരുമുണ്ട്. സര്‍ക്കാറിന്റെ പുതിയ പദ്ധതികള്‍ പ്രകാരം ഇത്തവണ ഇവര്‍ക്കെല്ലാം ഭൂമിയും വീടും നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ തന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി