Connect with us

International

അഞ്ച് ജില്ലകള്‍ കൂടി താലിബാന്‍ പിടിച്ചെടുത്തു; അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

Published

|

Last Updated

കാബൂള്‍: ദിവസങ്ങള്‍ നീണ്ട കനത്ത ആക്രമണ-പ്രത്യാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഖുന്തുസ് പ്രവിശ്യയിലെ അഞ്ച് ജില്ലകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. ഖുന്തുസിനെയും താക്കറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രദേശമായ ഖാന്‍ബാദ് ജില്ലയാണ് ആദ്യം താലിബാന്‍ പിടിച്ചടക്കിയതെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കിഴക്കന്‍ പ്രവിശ്യകളില്‍ ഇപ്പോഴും രൂക്ഷമായ ആക്രമണം തുടരുകയാണ്.

വിവിധ ഭാഗങ്ങളില്‍ നിന്ന് താലിബാന്‍ ആക്രമണമഴിച്ചു വിടുകയായിരുന്നു. മണിക്കൂറുകളോളം പ്രതിരോധം തീര്‍ത്തെങ്കിലും ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഖനബാധ് മേധാവി ഹയാത്തുല്ല അമീറി പറഞ്ഞു. ഖുന്തുസിന് നേരെയും പ്രവിശ്യയിലെ മറ്റു തന്ത്രപ്രധാന ജില്ലകളിലും താലിബാന്‍ കുറച്ചു നാളുകളായി നിരന്തരം ആക്രമണമഴിച്ചു വിടുകയാണ്. ഖുന്തുസ് പ്രവിശ്യ പിടിച്ചടക്കിയതിലൂടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ മേല്‍ക്കോയ്മ നേടാന്‍ താലിബാന് കഴിയുമെന്നും ഇത് ഈ പ്രദേശങ്ങളിലെ സുരക്ഷക്ക് ഭീഷണിയാകുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഭഗ്്‌ലാന്‍ പ്രവിശ്യയിലെ ഒരു ജില്ല പിടിച്ചടക്കിയതിന്റെ അഞ്ചാം ദിനത്തിലാണ് മറ്റൊരു ജില്ലയും താലിബാന്‍ ഭരണത്തിലേക്ക് പോകുന്നത് ശ്രദ്ധേയമാണ്. ഇവിടെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളും ആയുധങ്ങളും താലിബാന്‍ കൈക്കലാക്കിയിരുന്നു. ദഹ്്‌ന ഇ ഗോറി എന്ന ജില്ലയില്‍ ഈ മാസം 12ന് നടത്തിയ ആക്രമണം മൂന്ന് ദിവസം നീണ്ടുനില്‍ക്കുകയും 15ന് ഇവിടുത്തെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയുമായിരുന്നു.

താലിബാന് സ്വാധീനമുള്ള രാജ്യത്തിന്റെ തെക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് വടക്കന്‍ ഭാഗങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ അസ്ഥിരതയില്‍ വര്‍ധിച്ചു വരുന്ന സുരക്ഷാ ഭീഷണിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ അനുദിനം പരാജയപ്പെടുകയാണ്. അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും യുദ്ധവിമാനങ്ങള്‍ താലിബാന്‍ ഭീകരരെ നേരിടാന്‍ ഉതകുന്നില്ല. താലിബാന്‍ ഭീകരര്‍ ഉന്നത പരിശീലനം നേടിയാണ് വരുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഖുന്തുസ് സിറ്റിയില്‍ താലിബാന് കാലിടറിയത്. അഫ്ഗാന്‍ പ്രവിശ്യയിലും ഇപ്പോള്‍ സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഭഗ്്‌ലാന്‍, ഹെല്‍മന്ത്, എന്നീ പ്രവിശ്യകളെയാണ് താലിബാന്‍ അടുത്തതായി ഉന്നം വെക്കുന്നത്. 2001ല്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ സംയുക്ത സൈനിക ഓപ്പറേഷനിലൂടെയാണ് താലിബാന് അഫ്ഗാനില്‍ നിയന്ത്രണം നഷ്ടമായത്. 2014ല്‍ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യം ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടി തുടരുകയാണ്.

Latest