തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ ആക്രമണം; 30 മരണം

Posted on: August 21, 2016 10:33 am | Last updated: August 21, 2016 at 5:57 pm

turkeyഅങ്കാറ: തുര്‍ക്കിയില്‍ വിവാഹ ചടങ്ങില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി സിറിയ അതിര്‍ത്തിയിലെ ഗാസിയന്‍ടെപ് നഗരത്തിലാണ് ആക്രമണം നടന്നത്. കുര്‍ദിഷ് വിപ്ലവകാരികളോ ഇസില്‍ തീവ്രവാദികളോ ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കുര്‍ദ്ദുകള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ സഹിന്‍ബേ ജില്ലയിലാണ് ഗാസിയന്‍ടെപി നഗരം സ്ഥിതി ചെയ്യുന്നത്. സിറിയന്‍ അതിര്‍ത്തിക്കു സമീപമുള്ള ടര്‍ക്കിഷ് നഗരമായ ഗാസിയാന്‍ടെപിലാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണു സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയില്‍ യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ പ്രധാന അഭയകേന്ദ്രമായി കാണുന്ന സ്ഥലമാണ് തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാസിന്‍ടെപ് നഗരം.

സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടുമെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. കുര്‍ദ് തീവ്രവാദികള്‍ അങ്കാറയില്‍ നടത്തിയ വന്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു. ഇസ്താംബുളില്‍ ഇസില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിദേശികളും കൊല്ലപ്പെട്ടിരുന്നു.