Connect with us

Kerala

തെരുവുനായശല്യം; ജനങ്ങളുടെ ആശങ്കയകറ്റും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തെരുവുനായശല്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായശല്യം രൂക്ഷമാണ്. ഇതിനെ നേരിടാന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ചെമ്പകരാമന്‍തുറ കടപ്പുറത്ത് വീട്ടമ്മയെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുല്ലുവിള സ്വദേശി ശിലുവമ്മയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ പ്രതിനിധികളാരും വിവരമറിഞ്ഞ് സ്ഥലത്തെത്താത്തത് വന്‍ പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനും പഞ്ചായത്തിനും മൃഗസംരക്ഷണ വകുപ്പിനും നോട്ടീസ് അയച്ചു.

തീരപ്രദേശത്തെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. അക്രമകാരികളായ നായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതിന് കോടതി വിധിയില്‍ എതിര്‍പ്പില്ല. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെയാണ് കോടതി എതിര്‍ത്തിട്ടുള്ളത്. വന്ധ്യകരണ മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.