Connect with us

National

ഏറ്റുമുട്ടലല്ല; കാശ്മീരില്‍ അധ്യാപകനെ കൊലപ്പെടുത്തിയത് തന്നെയെന്ന് സൈന്യം

Published

|

Last Updated

KASHMIR

ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചര്‍ ശാബിറിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന സ്ത്രീകള്‍

ശ്രീനഗര്‍: നിശാ റെയ്ഡിനിടെ അധ്യാപകനെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൈന്യത്തിന്റെ കുറ്റ സമ്മതം. 32കാരനായ അധ്യാപകന്‍ ശബീര്‍ അഹ്മദ് മാംഗൂ പ്രക്ഷോഭകരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേ സൈനിക നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതിനെതിരെ പ്രക്ഷോഭം പടരുന്നതിനിടെയാണ് സൈന്യം കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകന്റെ കൊലപാതകം അസ്വീകാര്യവും നീതികരിക്കാന്‍ കഴിയാത്തതുമാണെന്ന് സൈനിക മേധാവി പറഞ്ഞു. “ഇത്തരം റെയ്ഡുകള്‍ അനുമതിയോടെ നടക്കുന്നവയല്ല. സൈനികരുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചുവെന്നത് സത്യമാണ്. ഇത് നീതീകരിക്കാനാകില്ല. ആര്‍ക്കും ഇതിനെ പിന്തുണക്കാനുമാകില്ല”- വടക്കന്‍ മോഖലാ കരസേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഖ്രൂ ഗ്രാമത്തില്‍ സൈനിക റെയ്ഡിനിടെ ശബീര്‍ അഹ്മദ് എന്ന കോളജ് അധ്യാപകനെ സൈന്യം ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. സൈന്യം തങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സര്‍വതും നശിപ്പിച്ചെന്നും ശബീറിനെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, സംഭവത്തെ കുറിച്ച് വിശദ അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലഫ്. ജനറല്‍ ഹൂഡ പറഞ്ഞു. സൈനിക ബറ്റാലിയനെതിരെ പ്രാദേശിക പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest