Connect with us

Articles

ഉനയിലെ സ്വാതന്ത്ര്യ സമര പ്രഖ്യാപനം

Published

|

Last Updated

മഹാത്മാഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നാണ് ഹരിജനങ്ങളുടെ ഐതിഹാസികമായ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വന്നിരിക്കുന്നത്. ഒരിക്കല്‍ മഹാത്മാ ഗാന്ധി ഇപ്രകാരം പറഞ്ഞിട്ടുണ്ട്. “ഞാന്‍ പുനര്‍ജന്മം ആഗ്രഹിക്കുന്നില്ല. എന്നാല്‍ വീണ്ടും ജനിക്കുകയാണെങ്കില്‍ ഒരു ഹരിജനായി, ഒരു അയിത്തക്കാരനായി ജനിച്ചാല്‍ കൊള്ളാമെന്ന് ഞാന്‍ ആശിക്കുന്നു. അങ്ങനെയായാല്‍ ഈ ജനവിഭാഗങ്ങളുടെ മേല്‍ കുന്നുകൂടിയിട്ടുള്ള അപമാനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായി നിരന്തര സമരം നയിക്കുവാന്‍ എനിക്ക് കഴിയും”.

ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 15, 16, 17 എന്നിവ സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ ശക്തമായ നിയമവ്യവസ്ഥയാണ്. ഭരണഘടനയിലെ 17ാം വകുപ്പ് ജാതീയമായ അയിത്തം നിര്‍ത്തലാക്കുകയും ഏതെങ്കിലും വിധത്തിലുള്ള അയിത്താചരണം നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. അയിത്ത കുറ്റനിയമം 1955 ജൂണില്‍ നിലവില്‍ വന്നു. ഒരര്‍ഥത്തില്‍ അത് ഭരണഘടനയുടെ 15ാം വകുപ്പിന്റെ വിപുലീകരണമാണെന്ന് പറയാവുന്നതാണ്. പട്ടിക ജാതിക്കാര്‍ക്ക് അവശതയുണ്ടാക്കുന്ന ഏതെങ്കിലും ഒരു നടപടിയുടെ പ്രയോഗം നിയമവിരുദ്ധമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ നിയമം.
ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലും അവഗണിക്കപ്പെട്ട വിഭാഗക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ട്. ജനങ്ങളില്‍ അവശ്യവിഭാഗങ്ങളുടേയും, പ്രത്യേകിച്ച് പട്ടികജാതിക്കാരുടേയും, പട്ടികവര്‍ഗക്കാരുടേയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങളെ സവിശേഷ ശ്രദ്ധയോടുകൂടി പ്രാവര്‍ത്തികമാക്കണമെന്ന് 46ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം നടപ്പിലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശക തത്വങ്ങളില്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
ഇത്തരം എല്ലാ പരിരക്ഷകളെയും കാറ്റില്‍ പറത്തി ദളിത് സമൂഹത്തിന്റെ ജീവിതം ദുസ്സഹമാക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമാണെന്ന വസ്തുതയാണ് നാള്‍ക്കു നാള്‍ തെളിഞ്ഞ് വരുന്നത്. ദളിത് ജനവിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ഗുജറാത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലും പശുവിന്റെ പേരിലുമാണ് ഇപ്പോള്‍ ഈ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ ഹിന്ദു സവര്‍ണ വിഭാഗം അഴിച്ചുവിട്ടിട്ടുള്ളത്. നിലനില്‍പ്പിനുവേണ്ടിയുള്ള വന്‍ പ്രക്ഷോഭമാണ് ദളിത് വിഭാഗങ്ങള്‍ ആ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്.
സവര്‍ണ ഫാസിസം അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മോദിയുടെ സ്വന്തം മണ്ണില്‍ ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നിരിക്കുകയാണ്. 10 ദിവസം നീണ്ടു നിന്ന ദളിത് അസ്മിത യാത്രയ്ക്ക് സമാപനം കുറിച്ച് ഗുജറാത്തിലെ ഉനയിലാണ് രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
ദളിതര്‍ക്ക് നീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഗുജറാത്തിലെ ദളിത് സമൂഹം ദശദിന മഹാറാലി നടത്തിയത്. ഇതിന് സമാപനം കുറിച്ച് ഉനയിലെ എച്ച് ഡി ഹൈസ്‌കൂള്‍ മൈതാനമാണ് രാജ്യം ഇതിനുമുമ്പ് കാണാത്ത മഹാ സംഗമത്തിന് വേദിയായത്. പ്രായഭേദമന്യേ പതിനായിരങ്ങള്‍ ആണ് ചരിത്രം കുറിച്ച സ്വാഭിമാനത്തിന്റെ പുതിയ പ്രഖ്യാപനം നടത്താന്‍ ഉനയിലേക്ക് എത്തിച്ചേര്‍ന്നിരുന്നത്. റാലിയില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് മുമ്പില്‍ രോഹിത് വെമൂലയുടെ അമ്മ രാധികാ വെമൂല ദേശീയ പതാക ഉയര്‍ത്തിയത് ആവേശകരവും വികാരപരവുമായ ഒന്നായിരുന്നു. ഇനി ചത്ത മൃഗങ്ങളെ സംസ്‌കരിക്കുകയില്ലെന്നും പരമ്പരാഗതമായി ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച എല്ലാ വൃത്തികെട്ട ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അംബേദ്കര്‍ പ്രതിമയെ സാക്ഷിനിര്‍ത്തി അവര്‍ പ്രതിജ്ഞയെടുത്തു. ഇതൊരു പുതിയ തുടക്കമാണ് ഞങ്ങളുടെ ജീവിതത്തില്‍ – ഭാവ്‌നഗര്‍ ജില്ലയില്‍ നിന്ന് ജാഥയില്‍ പങ്കെടുക്കാനായി ഉനയിലെത്തിയ 55 കാരനായ വാല്‍ജി ചൗഹാന്‍ പറഞ്ഞു. ദളിതനായതുകാരണമാണ് തന്റെ മകന്‍ ആത്മഹത്യചെയ്യേണ്ടിവന്നതെന്ന്‌രോഹിത് വെമൂലയുടെ അമ്മ രാധികാ വെമൂല പറഞ്ഞു. ദളിത് പ്രക്ഷോപം മൂലം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബന്‍ രാജിവയ്ക്കാന്‍ നിര്‍ബ്ധിതമായത് ശുഭസൂചനയാണെന്ന് അവര്‍ പറഞ്ഞു.
കൃത്യമായ ലക്ഷ്യം മുന്നില്‍ വെച്ച് തുടര്‍ അജന്‍ഡകള്‍ നിശ്ചയിച്ചാണ് സമരം മുന്നോട്ട് പോകുന്നത്. അല്ലാതെ ഒരു ആവേശത്തിന് കത്തിജ്വലിച്ച് പിന്നീട് കെട്ടടങ്ങുന്ന ഒന്നാകരുത് പ്രക്ഷോഭമെന്ന് ഈ ദളിത് മുന്നേറ്റത്തിന്റെ നേതാക്കള്‍ വ്യക്തമാക്കുന്നു. ഓരോ കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമിയടക്കമുളള തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരു മാസത്തിന് ശേഷം റെയില്‍വേ ഉപരോധ സമരവുമായി മുന്നോട്ടുപോകുമെന്നും ദളിത് നേതാവ് ജിഗ്നേഷ് മെവാനി മുന്നറിയിപ്പ് നല്‍കി.
സംഘപരിവാര്‍ ഭീഷണികാരണം നിശ്ചയിച്ച വഴികള്‍ മാറ്റി സഞ്ചരിച്ചാണ് അസ്മിതാ യാത്ര ഉനയിലെത്തിയത്. യാത്ര സമാപിച്ചതിന് പിന്നാലെ ഗുജറാത്തില്‍ പലയിടത്തും ദളിത് വിഭാഗക്കാര്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായി. ഡസന്‍ കണക്കിന് പ്രവര്‍ത്തകര്‍ പരുക്കേറ്റ് ആശുപത്രിയിലാകുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ആറ് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ നാല് പോലീസുകാര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. ഉന സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗോ രക്ഷാ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും സാംപ്തര്‍ ഗ്രാമവാസികള്‍ ആയിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തെത്തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്തില്‍ ദളിതുകളെ ആകെ ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റി എന്നതു മാത്രമായിരുന്നില്ല ദുരന്തം. അവരെ മുസ്‌ലിംകള്‍ക്കെതിരായ തങ്ങളുടെ കുടിപ്പക രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കി ഉപയോഗിക്കുകയും ചെയ്തു സവര്‍ണ്ണ വര്‍ഗം. 2002 ലെ വംശഹത്യ ദളിതുകളെ ഉപയോഗിച്ചാണ് സംഘപരിവാര്‍ നടപ്പിലാക്കിയത്. മുസ്‌ലിംകള്‍ക്കെതിരെ ദളിതുകളെ അവര്‍ അസ്ത്രങ്ങളായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഉനയിലെ റാലി ആ രാഷ്ട്രീയ തന്ത്രത്തേയും പൊളിക്കുന്നതായിരുന്നു. റാലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി മുസ്‌ലിം സംഘടനകള്‍ രംഗത്തു വന്നു. ദളിത് നേതാക്കളോടൊപ്പം മുസ്‌ലിം നേതാക്കളും വേദി പങ്കിട്ടു. ബഡേ മാസേ കീ ബാത് ഹെ, ദളിത് മുസ്‌ലിം സാത് ഹെ എന്ന മുദ്രാവാക്യം അവിടെ തടിച്ചുകൂടിയവര്‍ ഉച്ചത്തില്‍ മുഴക്കി. രാഷ്ട്രീയ ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ മുദ്രാവാക്യം. പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ വിളംബരമാണ് അത്.
മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ഹരിജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം എന്ന കുപ്രസിദ്ധി നേടിയിട്ട് കാലമേറെയായി. ഗുജറാത്തിലെ ഓരോ ഗ്രാമങ്ങളും ദളിത് പീഡനത്തിന്റെ ക്രൂരനിലങ്ങളാണ്. അതോടൊപ്പം ജാതി വിവേചനങ്ങളും ഇവിടെ പാരമ്യത്തിലാണ്. 90 ശതമാനം ക്ഷേത്രങ്ങളിലും ദളിതര്‍ക്ക് പ്രവേശനമില്ല. പകുതിയിലേറെ സ്‌കൂളുകളിലും ദളിത് വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. വിദ്യാലയങ്ങളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ നിയോഗിക്കുന്നത് ദളിത് വിദ്യാര്‍ഥികളെയാണ്. തൊഴില്‍ മേഖലകളിലും ഈ വിവേചനം ശക്തമാണ്. മറ്റ് ജാതികളില്‍ പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് 176 രൂപ ദിവസ വേതനം ലഭിക്കുമ്പോള്‍ ദളിതര്‍ക്ക് കിട്ടുന്നത് 50 മുതല്‍ 60 രൂപ വരെ മാത്രമാണ്. ദളിത് സംവരണമുള്ള തസ്തികകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെക്കാലമായി നിയമനം നടക്കുന്നില്ല. 64000 ദളിത് സംവരണ തസ്തികകള്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ദളിതര്‍ വിവേചനം നേരിടുന്ന മറ്റൊരു മേഖല വിദ്യാഭ്യാസ മേഖലയാണ്. വിദ്യാഭ്യാസമേഖലയില്‍ സാര്‍വത്രികമായി നടന്ന സ്വകാര്യവത്കരണം ഉപരിപഠനം ദളിതര്‍ക്ക് അപ്രാപ്യമാക്കി. വന്‍ തോതിലുള്ള ഫീസ് വര്‍ധന ദളിത് വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. ഇന്ത്യയില്‍ ഭൂപരിഷ്‌കരണനിയമം ഏറെയൊന്നും നടപ്പാക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്. ഇത് ദളിതരെ കൃഷിഭൂമിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഭൂമിയില്‍ അധ്വാനിക്കാനല്ലാതെ ഭൂമിയുടെ ഉടമകളാകാനുള്ള ഭാഗ്യം ഇവര്‍ക്കില്ല. അതുകൊണ്ടാണ് ഉനയിലെ ദളിത് സംഗമത്തിന്റെ പ്രധാന ആവശ്യം ദളിതര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നായത്.
ഗോ സ്‌നേഹത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ ഉടുപ്പിയില്‍ ഒരു ബി ജെ പി പ്രവര്‍ത്തകനെ തന്നെ വളരെ നിഷ്ഠൂരമായി പശുക്കളെ കടത്തിയെന്നാരോപിച്ച് കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളാകെ നമ്മുടെ രാജ്യത്ത് ഏറ്റവും ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമാക്കിയിരിക്കുന്നത്. എന്തായാലും മോദിയുടെ ഗുജറാത്ത് മോഡലിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. അവിടെ ബി ജെ പിക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും വളരെ സങ്കീര്‍ണ്ണമായി മാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ബി ജെ പി- സംഘ്പരിവാര്‍ സംഘടനകള്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ രാജിയൊന്നും ബി ജെ പിക്കെതിരായി ആ സംസ്ഥാനത്ത് ശക്തമായി ഒഴുകിപ്പാഞ്ഞുവരുന്ന വന്‍ ജനരോഷത്തെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമാകുമെന്ന് തോന്നുന്നില്ല. ഭരണഘടനാപരമായ അവകാശങ്ങളാകെ ഗുജറാത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ദളിതര്‍ക്ക് നിക്ഷേധിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ഉനയില്‍ നിന്ന് കൊളുത്തിയ പ്രക്ഷോഭത്തീ രാജ്യത്താകെ പടരേണ്ടിയിരിക്കുന്നു. ശക്തമായ ചെറുത്തു നില്‍പ്പിന്റെ സന്ദേശമാണ് ഉന പ്രഖ്യാപനം മുന്നോട്ട് വെക്കുന്നത്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest