ശസ്ത്രക്രിയ: വിശദീകരണവുമായി ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍

Posted on: August 20, 2016 11:59 pm | Last updated: August 20, 2016 at 11:59 pm

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭാശയമുഴ നീക്കം ചെയ്ത ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. ഏകദേശം 1.5 കിലോഗ്രാം വരെ വലിപ്പമുള്ള ഗര്‍ഭാശയമുഴയാണ് നീക്കം ചെയ്തത്. ഈ മുഴ നീക്കം ചെയ്യാനുപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ ക്ലിപ്പിന്റെ ഭാഗത്തിന്റെ വലിപ്പം രണ്ട്- മൂന്ന് സെന്റീമീറ്ററാണ്. ശസ്ത്രക്രിയ നടക്കുമ്പോള്‍ തന്നെ ക്ലിപ്പ് ഒടിഞ്ഞുവീണത് തിരിച്ചറിഞ്ഞിരുന്നു.

ശസ്ത്രക്രിയ നടക്കുമ്പോള്‍ ഗര്‍ഭപാത്രം പിടിക്കുവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ ഉപകരണം മാത്രമാണുള്ളത്. ഒടിഞ്ഞ കഷണം നീക്കം ചെയ്ത ഗര്‍ഭപാത്രത്തിനുള്ളില്‍ ആയിരിക്കുമെന്ന പ്രതീക്ഷയില്‍ വയര്‍ അടക്കാതെ, നീക്കിയ ഗര്‍ഭപാത്രം ആശുപത്രി അറ്റന്ററുടെ കയ്യില്‍ കൊടുത്തുവിട്ട് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വയര്‍ കൂടുതല്‍ വിശദമായി പരിശോധിക്കുവാനായി സ്‌പൈനല്‍ അനസ്‌തേഷ്യയെ ജനറല്‍ അനസ്‌തേഷ്യയാക്കി മാറ്റി ഗൈനക് ഡോക്ടറും അവിടത്തെ സര്‍ജനും കൂടി വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല.
രോഗി അനസ്‌തേഷ്യയില്‍ നിന്നും പുറത്ത് വന്നതിനുശേഷം പുറത്തുളള ലാബില്‍ വിട്ട് ഡിജിറ്റല്‍ എക്‌സ്‌റേ പരിശോധന നടത്തി.

ഒടിഞ്ഞ ഭാഗം വയറ്റിനുളളില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. സി ആം എന്ന ഓപ്പറേഷന്‍ തിയേറ്ററിലെ തത്സമയ എക്‌സ്‌റേ ഉപകരണമില്ലാതെ ഇത് വീണ്ടും വയറ്റിനുളളില്‍ തിരയാന്‍ സാധ്യമല്ലാത്തതിനാല്‍ അതിനായി ആംബുലന്‍സ് വരുത്തി നഴ്‌സിനെയും തിയേറ്റര്‍ ടെക്‌നീഷ്യനെയും കൂട്ടി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ വിളിച്ചു പറഞ്ഞതിനു ശേഷം അങ്ങോട്ടയക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് നിന്നും വീഴ്ചയും സംഭവിച്ചിട്ടില്ലായെന്നും, രോഗിക്ക് വേണ്ട രീതിയിലുളള എല്ലാ പരിചരണങ്ങളും നല്‍കിയ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.