ഉര്‍ജിത് പട്ടേല്‍ പുതിയ ആര്‍ ബി ഐ ഗവര്‍ണര്‍

Posted on: August 20, 2016 7:05 pm | Last updated: August 21, 2016 at 3:46 pm
SHARE

URJITH PATELന്യൂഡല്‍ഹി:
രഘുറാം രാജന്റെ പിന്‍ഗാമിയായി റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ പദവിയില്‍ ഡോ. ഉര്‍ജിത് പട്ടേലിനെ നിയമിക്കുന്നതിന് നടപടികളായി. വാണിജ്യ ബേങ്കിംഗ് വിദഗ്ധനും ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണറുമായ ഡോ. ഉര്‍ജിത് പട്ടേലിന്റെ നിയമനം അപോയ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് (എ സി സി) അംഗീകരിച്ചു. രഘുറാം രാജന്‍ വിരമിക്കുന്ന അടുത്ത മാസം നാല് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്നും എ സി സിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരെ പിന്തള്ളിയാണ് രഘുറാം രാജന്റെ വിശ്വസ്തനായ ഉര്‍ജിത് പട്ടേല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ നിര്‍ണയിക്കുന്ന ബേങ്കിന്റെ അധിപനായെത്തുന്നത്.

1984ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണണോമിക്‌സില്‍ സാമ്പത്തിക ശസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം യേല്‍ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി. 1986ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഉര്‍ജിത് സാമ്പത്തിക ശാസ്ത്രത്തില്‍ എം ഫില്‍ നേടിയത്. രഘുറാം രാജനും യേല്‍ സര്‍വകലാശാലയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്.
രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നതിന് ഏതാനും മാസം മുമ്പാണ്് ഉര്‍ജിത് സെന്‍ട്രല്‍ ബേങ്കില്‍ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങള്‍ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു ഇദ്ദേഹം.
രഘുറാം രാജന് പിന്‍ഗാമിയായി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എത്തിയേക്കുമെന്നായിരുന്നു സൂചന. അരുന്ധതിയെക്കൂടാതെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോകര്‍ണ്, സാമ്പത്തിക വിദഗ്ധന്‍ രാകേഷ് മോഹന്‍, പാര്‍ഥസാരഥി ഷോം എന്നീ പേരുകളാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്.