Connect with us

Gulf

ഒമാനില്‍ ജോലി നഷ്ടപ്പെട്ട നഴ്‌സുമാര്‍ക്ക് ഗ്രാറ്റിവിറ്റി: ഇന്ത്യന്‍ എംബസി ഇടപെടുന്നു

Published

|

Last Updated

മസ്‌കത്ത്:സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണമായും ഗ്രാറ്റിവിറ്റി ലഭിക്കുന്നില്ലെന്ന നഴ്‌സുമാരുടെ പരാതിയില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നു. ഇത് സംബന്ധമായി അംബാസിഡറെ കാണാന്‍ 400ഓളം നഴ്‌സുമാര്‍ ഇന്നലെ എംബസി പരിസരത്തെത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ഇവരെ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എംബസി കോമ്പൗണ്ടിലേക്ക് പോകുന്നത് തടഞ്ഞെങ്കിലും അംബാസിഡര്‍ റോഡിലേക്കിറങ്ങി വന്ന് നഴ്‌സുമാരുമായി സംസാരിച്ചു. എംബസി ഓപണ്‍ ഹൗസ് ദിവസമായതിനാല്‍ മറ്റു പരാതിക്കാരും എത്തിയിരുന്നു.

ഈ മാസം 31 വരെയാണ് നഴ്‌സുമാര്‍ക്ക് രാജ്യത്ത് തങ്ങാന്‍ കഴിയുക. എന്നാല്‍ ഇതില്‍ ഭൂരിഭാകം പേര്‍ക്കും ഗ്രാറ്റിവിറ്റി പൂര്‍ണമായും ലഭിച്ചിട്ടില്ല. 25 വര്‍ഷം ജോലി ചെയ്തവര്‍ക്കും 12 വര്‍ഷത്തിന്റെ ആനുകൂല്യം മാത്രമാണ് ബേങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുള്ളത്. ഇവരില്‍ പലരും അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കുന്നവരാണ്. എന്നാല്‍, വിഷയത്തില്‍ എംബസി ഇടപെട്ട് ആനുകൂല്യം പൂര്‍ണമായി ലഭ്യമാക്കിത്തരണമെന്നാണ് ഇവരുടെ ആവശ്യം.

പെട്ടന്ന് ജോലി ന്ഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെ കടങ്ങളും മറ്റു ബാധ്യതകളും ചുമലിലായിരിക്കുകയാണെന്ന് മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ പറയുന്നു. ഇതില്‍ നിന്ന് മോചനം നേടുന്നതിന് ഗ്രാറ്റിവിറ്റി ലഭിക്കല്‍ അത്യാവശ്യമായിരിക്കുകയാണെന്നും ഇല്ലാത്ത പക്ഷം കടക്കാരനായും വെറും കൈയോടെയും വീട്ടിലേക്ക് തിരിച്ച് കയറിച്ചെല്ലേണ്ട സഹാചര്യം ഉണ്ടാകുമെന്നും നഴ്‌സുമാര്‍ പറയുന്നു. ഇവിടെയും ബേങ്ക് ലോണ്‍ അടക്കമുള്ള ബാധ്യതകളില്‍ അകപ്പെട്ടിരിക്കുന്നവരും നഴ്‌സുമാര്‍ക്കിടയിലുണ്ട്.
തൊളിലാളികളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെ വ്യക്തമാക്കി.

Latest