Connect with us

Gulf

വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനാകാതെ ദോഹയില്‍

Published

|

Last Updated

ദോഹ: വിമാനത്തില്‍ യാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ദോഹയില്‍ തുടരുന്നു. രേഖകള്‍ ശരിയാകാത്തതാണ് കാരണം. ഏതാനും ദിവസങ്ങളായി മരിച്ചയാളുടെ കുടുംബം ഇതിനു പിറകേയാണ്.

ഹൈദരാബാദ് സ്വദേശിയായ പ്രേം പ്രസാദ് തുമ്മല(75)യാണ് ആഗസ്ത് 15ന് ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വെച്ച് മരിച്ചത്. വാഷിംഗ്ടണില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കുടുംബം.
വിമാന കമ്പനിയുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണ മരണമായതിനാല്‍ പെട്ടെന്ന് മൃതദേഹം വിട്ടുതരാന്‍ വലിയ തടസങ്ങളുണ്ടാകേണ്ടതില്ലെന്ന് അവര്‍ പറയുന്നു. കുടുംബത്തെ സന്ദര്‍ശിക്കാനാണ് പ്രേംപ്രസാദും ഭാര്യ അരുണയും അമേരിക്കയിലേക്കു പോയത്. ആറു മാസത്തിന് ശേഷം ആഗസ്ത് 14നാണ് വാഷിംഗ്ടണ്‍ ഡള്ളസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുവരും ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കയറിയത്. ആഗസ്ത് 15ന് പുലര്‍ച്ചെ അഞ്ചിന് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാണ് ഇവര്‍ക്ക് ഹൈദരാബാദിലേക്ക് യാത്ര തുടരേണ്ടിയിരുന്നത്. എന്നാല്‍, വിമാനം ഡള്ളസില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം പ്രേം പ്രസാദ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാന ജീവനക്കാര്‍ മൃതദേഹം വിമാനത്തിന്റെ പ്രത്യേക ഭാഗത്തേക്കു മാറ്റുകയും ഭാര്യയോട് സീറ്റില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹമദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അരുണയോട് ഇന്ത്യയിലേക്കുള്ള യാത്ര തുടരാന്‍ ആവശ്യപ്പെട്ട വിമാന അധികൃതര്‍ ബിസിനസ് ക്ലാസിലേക്ക് ടിക്കറ്റ് മാറ്റി നല്‍കി. മൃതദേഹം ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ഖത്വറില്‍നിന്ന് മൃതദേഹം പുറത്തേക്കു കൊണ്ടു പോകണമെങ്കില്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാര്‍ഗോ ഫീസ്, ശവപ്പെട്ടിയുടെ ചെലവ്, ഹോസ്പിറ്റല്‍ മോര്‍ച്ചറി ചെലവ് എന്നിവയിലേക്ക് ഒരു കുടുംബ സുഹൃത്ത് ഖത്വര്‍ എയര്‍വേയ്‌സിന് 4,460 റിയാല്‍ നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ ശരിയാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പോലിസ് ക്ലിയറന്‍സ് കിട്ടുന്നതിനുമുള്ള ഫീസും ഇതില്‍ ഉള്‍പ്പെടും.
ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് ഹമദില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ഇന്ത്യന്‍ എംബസി അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സ്വരൂപ് സിങ് പറഞ്ഞു. അതിന് ശേഷം മാത്രമേ ഇന്ത്യന്‍ എംബസിക്ക് ഇടപെട്ട് ഡെത്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമാകൂ എന്ന് അദ്ദേഹം വിശദീകരിച്ചു. കുടുംബം മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കയാണെന്ന് ഖത്വര്‍ എയര്‍വെയ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം, ഇത് ലഭിക്കുന്നതിന് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ പോലിസ് ക്ലിനിക്കില്‍ നിന്ന് മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ എംബസി പി ആര്‍ ഒ മുഹമ്മദ് ഖോല പറയുന്നു.

Latest