ഭാരതീയതയുടെ മൂവര്‍ണ കാഴ്ചകള്‍

Posted on: August 20, 2016 3:21 pm | Last updated: August 20, 2016 at 3:21 pm

gulf kaazchaസ്വരാജ്യസ്‌നേഹത്തിന്റെ മൂവര്‍ണ കാഴ്ചകള്‍, കഴിഞ്ഞയാഴ്ച പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ എമ്പാടും കാണാനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഓരോരുത്തരിലും നാട്ടില്‍ നില്‍ക്കുമ്പോഴുള്ളതിനേക്കാള്‍ ദേശഭക്തി, മറുരാജ്യത്തായിരിക്കുമ്പോഴാണെന്ന് തെളിഞ്ഞു.
ഗള്‍ഫില്‍ പലയിടങ്ങളി ലും ഒറ്റയ്ക്കും തെറ്റയ്ക്കും ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലോകത്തെവിടെ പോയാലും, ഏത് മതത്തില്‍ പെട്ടവനായാലും ഭാഷ ഏതെന്നില്ലാതെ, ഇന്ത്യ ഒരു വികാരമായി ഭാരതീയനില്‍ പടര്‍ന്നു കയറുന്നുണ്ട്. ബഹുസ്വരതയുടെ വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ ഒന്നും അടര്‍ന്നു വീണിട്ടില്ലെന്നും എന്തൊക്കെ തിരിച്ചടികളുണ്ടെങ്കിലും മതനിരപേക്ഷ ചിന്തകള്‍ പ്രബലമാണെന്നും ഏവരും കരുതുന്നുണ്ട്. അതിന്റെ അടയാളങ്ങള്‍ ആഘോഷങ്ങളില്‍ കണ്ടു. എന്നാലും സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷം പിന്നിട്ടിട്ട് എന്തു നേടി എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നു. അനേകം ഭാഷകളും സംസ്‌കാരങ്ങളും ജാതി മതങ്ങളും കലപില കൂട്ടിയിട്ടും ഇന്ത്യ ഒരൊറ്റ ഗാത്രമായി നില്‍ക്കുന്നത് കാണുന്നില്ലേയെന്നാണ് ഉത്തരം. സിറിയയിലെയും യമനിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും അവസ്ഥയേക്കാള്‍ എത്രയോ ഭേദമില്ലേ, നമ്മുടേത്.
ആയുധബലം കൊണ്ട് അധീശത്വം നേടിയ അമേരിക്കയുമായോ ഏക മുഖ സംസ്‌കാരത്തിന്റെ പിന്‍ബലമുള്ള ചൈനയുമായോ, ഇന്ത്യയെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ഇന്ത്യ വേറിട്ട അനുഭവമാണ്. ഇത്രയധികം ജനങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമായിരുന്നു എങ്കില്‍ അമേരിക്കയുടെയും ചൈനയുടേയും അവസ്ഥ എന്താകുമായിരുന്നു? ഏറെക്കുറെ ഒരേ ഭാഷ ആയിരുന്നിട്ടും വ്യത്യസ്ത ഭൂപ്രകൃതിയും സംസ്‌കാരവും ആയിരുന്നതിനാല്‍, സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായത് ലോകം കണ്ടതാണ്.
ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാക്കാന്‍ ഒരു വിഭാഗം കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ഇനിയും പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊറുതിമുട്ടി, ഇന്ത്യന്‍ ജനത കോണ്‍ഗ്രസ് പോലുള്ള മതേതര ശക്തികളെ മാറ്റിനിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ജനങ്ങളുടെ തിരിച്ചടി ഭയന്ന് പിന്നോക്കം പോയിരിക്കുന്നു.
ഇതിനിടയിലാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മറവില്‍, വൈദേശിക സംസ്‌കൃതിയുടെ മഹത്വം ചിലര്‍ ഉദ്‌ഘോഷിക്കുന്നത്. സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലിയും ജര്‍മനയില്‍ ഉയിര്‍കൊണ്ട ദേശീയതയുടെ കെട്ടുകാഴ്ചകള്‍ അവതരിപ്പിച്ചും മേധാവിത്വം നേടാന്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷെന്ന പോലെ സംസ്‌കൃതവും അധിനിവേശ ഭാഷയാണ്.
ക്രിസ്തുവിന് 1800 വര്‍ഷം മുമ്പ് ഹിന്ദുക്കഷ് പര്‍വതം കടന്ന് ആര്യന്മാര്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍, കൂടെക്കൊണ്ടുവന്നതാണ് സംസ്‌കൃതത്തെ. അതേപോലെ, മുഗളന്മാരോടൊപ്പം ഉറുദുവും ബ്രിട്ടീഷുകാരോടൊപ്പം ഇംഗ്ലീഷും വന്നു. ഉറുദുവിനും ഇംഗ്ലീഷിനും ഉള്ള പ്രാധാന്യം മാത്രമേ സംസ്‌കൃതത്തിനും ലഭിക്കൂ. ഇന്ത്യയില്‍ ഉത്ഭവം കൊണ്ടത് ഹിന്ദി, തമിഴ്, മലയാളം, ആസാമീസ്, ബംഗാളി തുടങ്ങിയ ഭാഷകളാണ്. എന്നാല്‍ ഈ ഭാഷകളെ അവഗണിച്ച് അധിനിവേശ ഭാഷകളില്‍ അഭിരമിക്കുന്നത്, രാജ്യസ്‌നേഹമല്ല. സ്വാതന്ത്ര്യ ദിനത്തിലും ഔദ്യോഗിക ചടങ്ങുകളില്‍ ഇംഗ്ലീഷിലായിരന്നു പ്രഭാഷണങ്ങള്‍. ചില അതി ദേശീയവാദികള്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ഉദ്ധരിച്ചു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലുള്ള ചടങ്ങുകളിലെങ്കിലും പ്രഭാഷണങ്ങള്‍ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയിലാകേണ്ടതുണ്ട്. പൊതുവ്യവഹാര ഭാഷ എന്ന നിലക്കാണെങ്കിലും ഹിന്ദിയാണ് നല്ലത്. ഗള്‍ഫില്‍ കേരളീയര്‍ക്ക് പോലും ഹിന്ദി നന്നായി വഴങ്ങും. അറബ് സമൂഹത്തിലെ ഭൂരിപക്ഷം പേര്‍ക്കും ഹിന്ദി മനസ്സിലാകും. പ്രാദേശിക ഭാഷയില്‍ പ്രഭാഷണം നടത്തുന്നതും കുറച്ചിലല്ല. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനം. ബ്രാഹ്മണര്‍ക്കും ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റും വെവ്വേറെ വ്യക്തിത്വമാണെങ്കിലും ഭാരതീയത അവരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നു. ഇതില്‍, ഏതെങ്കിലും വിഭാഗം സൂത്രപ്പണികളിലൂടെ മറ്റുള്ളവരില്‍ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുന്നത് സംഘര്‍ഷത്തിന് വഴിമരുന്നിടും. നിര്‍ബന്ധിത മതപരിവര്‍ത്തനവും അന്യന്റെ അടുക്കളയില്‍ കയറി ഭക്ഷണം മണത്തു നോക്കുന്നതും ഇതിന് ആക്കംകൂട്ടും.
മധ്യപൗരസ്ത്യ ദേശത്തെ, ചില രാജ്യങ്ങളിലെ സലഫിസത്തെ ഇന്ത്യയിലേക്ക് കടത്തി, സമൂഹത്തില്‍ അരക്ഷിതത്വം സൃഷ്ടിച്ചതും ഇക്കൂട്ടത്തില്‍ പെടുത്തണം. സിറിയയിലോ യമനിലോ കറകളഞ്ഞ ഇസ്‌ലാമിക സമൂഹം ഉണ്ടെന്ന മിഥ്യാ ധാരണയില്‍ നിന്നാണ് ചിലര്‍ ഇന്ത്യയെ തള്ളിപ്പറഞ്ഞ് നാടുവിടുന്നത്. വാസ്തവത്തില്‍, മികച്ച ഇസ്‌ലാമിക സമൂഹവും ഹിന്ദു സമൂഹവും ഉള്ളത്, കേരളത്തിലാണെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്തും തുറന്നുപറയുന്ന ജസ്റ്റിസ് കട്ജു ഈയിടെ അതിന് അടിവരയിട്ടിട്ടുണ്ട്. ഏത് സംസ്‌കാരത്തേയും ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ള ഇന്ത്യയുടെ, ഇപ്പോഴത്തെ മികച്ച പരിച്ഛേദം കേരളമാണെന്ന് ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടി. അത്തരമൊരു നാട്ടില്‍ നിന്നാണ്, തലയറുക്കലും ബോംബ് വര്‍ഷവും നിരന്തരം നടക്കുന്ന, രാജ്യങ്ങളിലേക്ക് ഭാര്യമാരേയും കുട്ടികളെയും കൂട്ടി പലരും പോയത്. ഗള്‍ഫ് രാജ്യങ്ങള്‍ പോലും ഭീകര പ്രസ്ഥാനമായി മുദ്രകുത്തിയ ദായിഷിനെയും മുസ്‌ലിം ബ്രദര്‍ ഹുഡിനെയും മനസില്‍ ഉള്‍കൊണ്ടത്. ഇത്തരം ചിന്തകളില്‍ പെട്ടവരാണ് ചാവേറുകളായി പരിണമിക്കുന്നത്. ഇവര്‍ ജയ്ഹിന്ദ് എന്ന് എത്ര ഉറക്കെ വിളിച്ചാലും രാജ്യസ്‌നേഹമാകില്ല.
ചെറിയ വരുമാനമുള്ള ജോലി ചെയ്യാന്‍ തയ്യാറായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഗള്‍ഫിലെത്തിയിട്ടും ഇന്ത്യക്കാരോടുള്ള ആദരവ് അറബ് സമൂഹത്തില്‍ കുറഞ്ഞിട്ടില്ല. സഹനസമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മതേതരത്വത്തിന്റെയും മഹത്തായ പാത ലോകത്തിന് കാണിച്ചുകൊടുത്തവര്‍ എന്ന നിലയിലാണ് ഇന്ത്യക്കാര്‍ക്ക് അറബ് സമൂഹത്തിന്റെ അംഗീകാരം. സന്ദര്‍ശനത്തിനായി പണ്ട് ഇന്ദിരാഗാന്ധി വന്നപ്പോഴും കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി വന്നപ്പോഴും ഒരേ ആവേശത്തോടെ അവര്‍ സ്വീകരിച്ചു. ഭാരതീയ സംസ്‌കാരത്തിനുള്ള അംഗീകാരമാണത്. അതിന് മാറ്റം വരുന്ന നിലയില്‍ ഇന്ത്യയുടെ സാമൂഹിക രംഗം ആരും കലുഷിതമാക്കരുത്.
സംസ്‌കൃതവും ഇംഗ്ലീഷും അടിച്ചേല്‍പ്പിക്കരുത്. തൊഴില്‍ നേടാന്‍ ഉപയോഗിക്കുന്നത് പോലെയല്ല, ഇന്ത്യന്‍ ആഘോഷ ചടങ്ങുകളില്‍ ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കുന്നത്. ഭാഷ എന്നാല്‍ സംസ്‌കാരത്തിന്റെ പതാക വാഹകനാണ്. മാതൃദേശത്തിന്റെ ഭാഷ തന്നെ അത്തരം ചടങ്ങുകളില്‍ വേണം. ഈയിടെയായി സംസ്‌കൃതത്തോട് ചിലര്‍ക്ക് ഇഷ്ടം കൂടിയിട്ടുണ്ട്. വേദങ്ങളും ഉപനിഷത്തുകളും എഴുതപ്പെട്ട, പൗരാണിക ഭാഷ എന്നതിനപ്പുറം മഹത്വം സംസ്‌കൃതത്തിനില്ല. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്ന് സ്പഷ്ടം. ഇത്തരം പ്രകടനപരതകള്‍, വിദേശികള്‍ക്കിടയില്‍ ഇന്ത്യക്കാരെ പരിഹാസ്യ പാത്രമാക്കും.