ഡോ. നിസാറിന്റെ പല്ല് ശേഖരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്

Posted on: August 20, 2016 2:51 pm | Last updated: August 30, 2016 at 8:14 pm
teeth
ഡോ. നിസാര്‍ അബ്ദുര്‍റഹ്മാനും ഭാര്യ ഡോ. സിമി നിസാറും ശേഖരിച്ച പല്ലുകളുമായി

അബുദാബി: ബനിയാസ് അഹല്യ ആശുപത്രിയിലെ ദന്ത ഡോക്ടര്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശി നിസാര്‍ അബ്ദുര്‍റഹ്മാന്റെ പല്ലു ശേഖരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്.
ഏഷ്യന്‍ രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ പല്ല് ശേഖരമുള്ള വ്യക്തി എന്ന ബഹുമതിയാണ് നിസാര്‍ അബ്ദുര്‍റഹ്മാന്‍ കരസ്ഥമാക്കാന്‍ പോകുന്നത്. നിലവില്‍ തമിഴ്‌നാട് മധുര, മീനാക്ഷി മിഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍ ഡെന്റല്‍ സര്‍ജന്‍ ഡോ. ജിബ്രീല്‍ ഒയ്‌സുലാണ് ഈ ബഹുമതിക്കര്‍ഹന്‍.
2011 ജനുവരി മുതലാണ് പഠന, ഗവേഷണ ആവശ്യങ്ങള്‍ക്കുമായി പല്ലുകള്‍ ശേഖരിക്കാന്‍ ഡോ. ജിബ്രീല്‍ ഒയ്‌സുല്‍ തുടങ്ങിയത്. 10,000പല്ലുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. പഠനത്തിന്റെ ഭാഗമായി ഇദ്ദേഹം ബുധനാഴ്ചകളില്‍ ക്യാമ്പുകള്‍ നടത്തി പരിശോധിച്ചു പല്ലുകളുടെ ന്യൂനതകള്‍ കണ്ടെത്തി പഠന വിധേയമാക്കി. പതിനായിരത്തിന് മുകളില്‍ പല്ലുകളുടെ ശേഖരമുള്ള വ്യക്തികള്‍ക്ക് പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ സാധിക്കും.
ഡോ. നിസാര്‍ അബ്ദുര്‍റഹ്മാന്റെ ശേഖരത്തിലുള്ള പല്ലുകളുടെ നിലവിലെ എണ്ണം 10,000 കവിഞ്ഞിരിക്കുകയാണ്. ഇവ വ്യത്യസ്ത രാജ്യത്തില്‍ നിന്നുള്ളവരുടേതായതുകൊണ്ട് പല്ലുകള്‍ക്ക് നിരവധി വ്യത്യാസങ്ങളുണ്ട്. സാധരണ പല്ലുകള്‍ക്ക് മൂന്ന് വേരുകളാണുള്ളതെങ്കില്‍ നിസാറിന്റെ ശേഖരത്തിലുള്ള പല്ലുകള്‍ക്ക് നാലും അഞ്ചും വേരുകളുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പല്ലുകള്‍ക്ക് മൂന്ന് വേരുകളുണ്ടാകുമ്പോള്‍ ആഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലുള്ള ചിലരുടെ പല്ലുകള്‍ക്ക് നാലും അഞ്ചും വേരുകള്‍ കാണാറുണ്ടെന്ന് ഡോ. നിസാര്‍ വ്യക്തമാക്കി.
15 വര്‍ഷം മുമ്പ് 25-ാം വയസില്‍ ആദ്യമായി അല്‍ ഐനില്‍ ജോലിചെയ്യുമ്പോഴാണ് ഡോ. നിസാര്‍ പല്ലു ശേഖരണം തുടങ്ങിയത്.
പല്ലുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗികളുടെ സംശയം ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ആദ്യമായി ഡോ. നിസാര്‍ പല്ലുകള്‍ ശേഖരിച്ചു തുടങ്ങിയത്. പിന്നീട് ഇത് ഒരു ഹോബിയാക്കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് തന്നെ തന്റെ ശേഖരത്തില്‍ പല്ലുകളുടെ എണ്ണം 10,000 കവിഞ്ഞിരുന്നുവെന്ന് നിസാര്‍ വ്യക്തമാക്കി. എന്നാല്‍ അജ്മാനിലെ ദന്തല്‍ മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്ന വിദ്യര്‍ഥികളുടെ പഠനത്തിന് ആവശ്യമായ പല്ലുകള്‍ നല്‍കിയതാണ് ശേഖരത്തിലെ എണ്ണം കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് പോകുന്ന നിസാര്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ്.
ഭര്‍ത്താവിന്റെ പാതയില്‍ ഭാര്യയും അബുദാബി അല്‍ സലാമ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ സിമി നിസാറും പല്ല് ശേഖരണം തുടങ്ങിയിട്ടുണ്ട്.