Connect with us

Palakkad

പ്രഭാകരന്‍ കൊലക്കേസ്: തുടരന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

പട്ടാമ്പി: ഒന്നര വര്‍ഷം മുമ്പ് കുലുക്കല്ലൂരില്‍ സദാചര ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ വധക്കേസ് തുടരാന്വേഷണം നടത്താന്‍ ഉത്തരവായി. ദളിത് ഫോറം ജില്ലാ പ്രസിഡന്റ് ചോലയില്‍ വേലായുധന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സൂപ്രണ്ട് തുടരാന്വേഷണത്തിന് ഉത്തരവിട്ടത്. ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി ആര്‍ സുനീഷ് കുമാറിനാണ് അന്വേഷണ ചുമതല.2015 ഫെബ്രുവരിയിലാണ് കുലുക്കല്ലൂര്‍ മൂത്തേപ്പടി പ്രഭാകരന്‍(55) സദാചാരഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 11 പേരെ ചെര്‍പ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി ഐ യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ കൊല്ലപ്പെട്ട പ്രഭാകരന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിട്ടു പോലും ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്താതെ പോലീസ് അന്വേഷണം നടത്തി എന്നായിരുന്നു പരാതി. ഇതിനെതിരെയാണ് ദളിത് ഫോറം ജില്ലാ പ്രസിഡന്റ് ചോലയില്‍ വേലായുധന്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. എസ് സി – എസ് ടി മോണിറ്ററിങ്ങ് കമ്മിറ്റിയും ഇതേക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരാന്വേഷണം.
പട്ടികജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം തടയില്‍ പ്രകാരമുള്ള വകുപ്പുകൂടി ചുമത്തിയാണ് തുടരാന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ പ്രതികളെ വീണ്ടും തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്ന് ഡി വൈ എസ് പി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു വിധ ആനുകൂല്യങ്ങളും പ്രഭാകരന്റെ കുടുംബത്തിന് ഇത് വരെ ലഭിച്ചില്ലെന്നും പരാതിയുണ്ട്. പ്രഭാകരന്റെ മരണത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്.