തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു

Posted on: August 20, 2016 10:32 am | Last updated: August 20, 2016 at 7:05 pm

dog

തിരുവനന്തപുരം: തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുംകുളം ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മയാണ് (65) മരിച്ചത്. അമ്പതിലധികം നായ്ക്കളാണ് വൃദ്ധയെ ആക്രമിച്ചത്. പുല്ലുവിള കടപ്പുറത്ത് രാത്രി ഏഴരയ്ക്കാണ് സംഭവം. ബഹളം കേട്ട് സമീപവാസികള്‍ ചെന്നുനോക്കിയപ്പോള്‍ നായ്ക്കള്‍ കടിച്ചുകീറി ശീലുവമ്മയെ ഭക്ഷിക്കുന്ന ദാരുണകാഴ്ചയാണ് കണ്ടത്.

ശീലുവമ്മയെ കടിച്ചുകീറി ഒരു മണിക്കൂറിനകം ഡെയ്‌സി എന്ന വീട്ടമ്മയും തെരുവുനായ ആക്രമണത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ ഡെയ്‌സിയെ പുല്ലുവിളയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തെരുവ് നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലെന്ന് മുന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. നായ്ക്കളെ വളര്‍ത്തേണ്ടത് വീട്ടിനുള്ളിലാണ്, അല്ലാതെ തെരുവില്ലല്ല. മനുഷ്യന് ഭീഷണിയാകുന്നവയെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.