Connect with us

Articles

ഹാജിമാര്‍ പുറപ്പെടുമ്പോള്‍

Published

|

Last Updated

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമുള്ള കര്‍മമാണ് ഹജ്ജും ഉംറയും. അത് കുറ്റമറ്റതാകണം. മറ്റു കര്‍മങ്ങള്‍ നിര്‍ബന്ധമായതേ ഖളാഅ് വീട്ടേണ്ടതുള്ളൂ. എന്നാല്‍ ഹജ്ജ് സുന്നത്താണെങ്കില്‍ പോലും അതില്‍ പ്രവേശിച്ച ശേഷം അസാധുവായാല്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. അതിനാല്‍ ചെയ്യുന്നത് കുറ്റമറ്റതാകണം.
എന്നാല്‍, ഹജ്ജിന്റെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. കാരണം ഹജ്ജില്‍ കൂടുതല്‍ ഒന്നും പഠിക്കാനില്ല. നിര്‍ബന്ധമായൊരു ദിക്‌റും ചൊല്ലാനുമില്ല. കുറഞ്ഞ പ്രവര്‍ത്തനം മാത്രമാണുള്ളത്. അറിയേണ്ട കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും മനസ്സിലാക്കുക. ഹജ്ജിന്റെ അമലുകള്‍ വായിച്ചാല്‍ മനസ്സിലാകും. വായിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്. മലയാളത്തിലുള്ള ഹജ്ജ് കൃതികളില്‍ ഏറ്റവും ലളിതവും സമ്പൂര്‍ണവും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാല്‍ എഴുതിയ “അല്‍ ഹജ്ജ്” ആണ്. പുസ്തകങ്ങളും ക്ലാസുകളും പണ്ഡിതന്മാര്‍ക്കും അമീറുമാര്‍ക്കുമാണ് കൂടുതല്‍ ഉപകരിക്കുക. സാധാരണക്കാര്‍ക്ക് വിശ്വസ്തനായ പണ്ഡിതനേയോ നേരത്തെ ഹജ്ജ് ചെയ്ത അറിവുള്ള ആളുകളെയോ അവലംബിക്കാം.
ത്വവാഫ്, സഅ്‌യ്, കല്ലെറിയല്‍, മുടിയെടുക്കല്‍, ഇഹ്‌റാമിലെ നിബന്ധനകള്‍ എന്നിവയിലാണ് പല ഹാജിമാര്‍ക്കും അബദ്ധം സംഭവിക്കാറുള്ളത്. ഒരു വിമാനത്തില്‍ പോകുന്ന ഹാജിമാര്‍ മിക്കവാറും ഒരു സ്ഥലത്താണ് മക്കയിലും മദീനയിലും മിനായിലും താമസിക്കുക. ആ കൂട്ടത്തില്‍ നേരത്തെ ഹജ്ജ് ചെയ്ത് പരിചയമുള്ള പണ്ഡിതനെയോ പരിചയക്കാരെയോ കണ്ടെത്തുക. അത്തരം പണ്ഡിതന്മാരും പരിചയക്കാരും സാധാരണക്കാര്‍ക്ക് ക്ലാസ് നല്‍കിയാല്‍ അവര്‍ക്ക് ഈ ഹാജിമാരുടെ കര്‍മങ്ങളുടെ പ്രതിഫലത്തില്‍ പങ്കാളികളാകാം. സര്‍ക്കാര്‍ ഹജ്ജ് സംഘത്തില്‍ പോകുന്ന ഓരോ പണ്ഡിതനും ഈ സൗഭാഗ്യം ഉപയോഗപ്പെടുത്താന്‍ തയ്യാറാകണം. പണ്ഡിതന്മാര്‍ക്ക് യാത്ര തിരിച്ച് തിരിച്ചെത്തുന്നത് വരെ സേവനം ചെയ്യാം. 500 പേര്‍ക്ക് ഒരാളെന്ന നിലയില്‍ സര്‍ക്കാര്‍ വളണ്ടിയര്‍മാരെ നിയമിക്കാറുണ്ട്. അവര്‍ പോലീസുകാരോ അതുപോലെ ഉദ്യോഗസ്ഥരോ ആകും. അവര്‍ മറ്റു സേവനങ്ങള്‍ക്കുള്ളവരാണ്. ഇത്തരം സേവനങ്ങള്‍ക്ക് കൂട്ടത്തിലുള്ള ചെറുപ്പക്കാരായ സഹോദരന്മാരും സഹോദരിമാരും തയ്യാറായാല്‍ പ്രായം ചെന്ന ഹാജിമാരെയും ഹജ്ജുമ്മമാരെയും അപകടങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും സംരക്ഷിക്കാം. ക്ലാസുകളെന്ന പേരില്‍ കടന്നുവരുന്ന നവീന ആശയക്കാരുണ്ട്. അവരെ ശ്രദ്ധിക്കുകയും വേണം. അവര്‍ മദീന യാത്ര, ഒന്നിലധികമുള്ള ഉംറ തുടങ്ങിയ കാര്യങ്ങളെയും മറ്റും വിമര്‍ശിക്കുകയും മുമ്പ് കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളും പറയുകയും ചെയ്‌തേക്കാം.
ഹജ്ജിനെ കുറിച്ചുള്ള ഒരു ലഘു കൃതി കൈവശം വെക്കുന്നത് നന്നാകും. ഹജ്ജിനു മുമ്പ് അപകട സാധ്യതയുള്ള യാത്രകള്‍ ഒഴിവാക്കുക. വല്ല പരുക്കുകളുമേറ്റാല്‍ അത് കര്‍മങ്ങളുടെ പൂര്‍ത്തീകരണത്തെ ബാധിക്കും. നല്ലവരെ കണ്ട് ദുആ ചെയ്യിപ്പിക്കുക. അനാരോഗ്യമുള്ളവര്‍ വൈദ്യോപദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ആഹാരങ്ങളിലും ജീവിത ശൈലിയിലും മറ്റും ചിട്ട പാലിക്കുക. ഉപദ്രവകാരികളായ ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കുകയും വേണം. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ദിക്ര്‍, ദുആ, തൗബ എന്നിവ വര്‍ധിപ്പിക്കുക.
വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ലഗേജ് തയ്യാറാക്കുക. നിരോധന വസ്തുക്കള്‍ ബാഗില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തുക. എത്ര സ്വന്തക്കാരായാലും മറ്റുള്ളവര്‍ തരുന്ന കവറുകളോ, സാധനങ്ങളോ അവരില്‍ നിന്ന് പരിശോധിക്കാതെ ബാഗില്‍ വെക്കരുത്. പലപ്പോഴും മറ്റുള്ളവരെ കൂടി സഹായിക്കാന്‍ ആവശ്യമായതിനാല്‍ നമ്മുടെ ബാഗ് കഴിയുന്നത്ര ലഘൂകരിക്കുക. എണ്ണയും കൊഴുപ്പും വാസനയും വരുന്ന ഭക്ഷ്യ സാധനങ്ങള്‍ ബാഗില്‍ നിന്ന് ഒഴിവാക്കുക.
സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പോകുന്നവരാണെങ്കില്‍ ക്യാമ്പില്‍ എത്തേണ്ട സമയം കൃത്യമായും പാലിക്കണം. കാരണം ബോര്‍ഡിംഗ് അടക്കമുള്ള എല്ലാ കാര്യങ്ങളും ക്യാമ്പ് ഹാളില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. റോഡുകളിലെ തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ സമയം റോഡ് യാത്രക്ക് കാണണം. റോഡ് യാത്രക്ക് ശേഷം ക്യാമ്പിലെ നടപടികള്‍ക്ക്് മുമ്പ് കുറച്ച് ഹാജിമാര്‍ വിശ്രമിക്കേണ്ടി വരും. കാരണം മലബാറില്‍ നിന്നുള്ളവരാണ് 80 ശതമാനം ഹാജിമാരും. അവരില്‍ 90 ശതമാനവും 60-70 കളിലുള്ള വൃദ്ധന്മാരും വൃദ്ധകളുമാണ്. യാത്രയയപ്പിന്റെ ഭാഗമായി ധാരാളം ഉറക്കമൊഴിച്ചവരാണ് ഇവര്‍.
ക്യാമ്പിലേക്ക് ഹാജിയെ ഏല്‍പ്പിക്കാന്‍ ഉത്തവാദിത്തപ്പെട്ട ഒന്നോ രണ്ടോ പേര്‍ പോയാല്‍ മതി. ഒന്നിലധികം വാഹനങ്ങള്‍ പോകുന്നതും കൂടുതല്‍ ആളുകളുണ്ടാകുന്നതും സമയം വൈകാനും ഹാജിക്ക് യാത്രാ ക്ഷീണം വര്‍ധിക്കാനും കാരണമാകും. ക്യാമ്പിലെത്തിയാല്‍ ബാഗും മറ്റു സാധനങ്ങളും സഹിതം ഹാജിയെ ഏല്‍പ്പിച്ചു കൊടുത്താല്‍ പിന്നീട് ഹാജിയെ സ്വതന്ത്രമാക്കണം. തുടര്‍ നടപടികളും ആവശ്യമായ വിശ്രമവും നിര്‍ദേശങ്ങളും മറ്റും ശ്രവിക്കലും തടസ്സപ്പെടുത്തുന്ന രൂപത്തില്‍ നേരിട്ടോ ഫോണ്‍ ചെയ്‌തോ ശല്യം ചെയ്യരുത്.
നേരിട്ട് മക്കയിലേക്കാണ് യാത്രയെങ്കില്‍ ക്യാമ്പില്‍ നിന്ന് ഇഹ്‌റാം ചെയ്തിട്ടാണ് ഹാജിമാര്‍ വിമാനത്തിലേക്ക് നീങ്ങുക. സഊദി റിയാലും പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും നിക്ഷേപിക്കാവുന്ന ബാഗുകള്‍ കിട്ടുമ്പോള്‍ എല്ലാം ഒരു രൂപത്തിലായതിനാല്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട്. അതിന് വലിയ ഫോട്ടോകളോ മറ്റു അടയാളങ്ങളോ നല്ലതായിരിക്കും. ക്യാമ്പ് മുതല്‍ മക്കയിലെത്തുന്നത് വരെ പാസ്‌പോര്‍ട്ട് നമ്മുടെ കൈയിലായിരിക്കും. അത് പരിശോധനാ സമയം ഓരോ യാത്രക്കാരുടെ കൈയില്‍ തന്നെ ഏല്‍പ്പിക്കണം. എന്നാല്‍ കൂടെയുള്ളവര്‍ അത് മറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തിരിച്ച് പോരാനുള്ള ബോര്‍ഡിംഗ് പാസ് നഷ്ടപ്പെട്ടുപോകാത്ത സ്ഥാനത്തേക്ക് മാറ്റുന്നത് നല്ലതാണ്.
ഹജ്ജ് യാത്രക്കാരുടെ ആദ്യകവാടമാണ് ക്യാമ്പ് ഹാള്‍. അവിടെയുള്ള പരിമിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രാഥമിക കാര്യങ്ങളും ആരാധനാ കര്‍മങ്ങളും നിര്‍വഹിക്കണം. തുടര്‍ന്നുള്ള യാത്രാ കേന്ദ്രങ്ങളിലേക്കുള്ള പരിശീലനം കൂടിയാണിത്. ബാത്ത് റൂമിലും ഭക്ഷണ ശാലയിലും മറ്റും സമയം കുറക്കുക. പ്രായം ചെന്നവര്‍ക്ക് മുന്‍ഗണന നല്‍കുക. വെള്ളം മിതമായി മാത്രം ഉപയോഗിക്കുക. ഏത് കാര്യത്തിലും സ്വാര്‍ഥത മാറ്റി മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ പരിശീലിക്കുക. ഇതെല്ലാം ക്യാമ്പില്‍ നിന്ന് തന്നെ പരിശീലിക്കുക.
ഇഹ്‌റാമില്‍ വുളൂഅ് നിര്‍ബന്ധമില്ലാത്തതിനാല്‍ യാത്രക്കിടെ വുളൂഅ് മുറിഞ്ഞാല്‍ പുതുക്കേണ്ടതില്ല. ദുല്‍ഖഅ്ദിലും ദുല്‍ഹജ്ജിന്റെ ആദ്യദിവസങ്ങളിലും പോകുന്നവര്‍ ഉംറക്കാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഇഹ്‌റാമിന്റെ കുളിയും വസ്ത്ര ധാരണയും കഴിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഇഹ്‌റാമിന്റെ സുന്നത് നിസ്‌കരിച്ച് നിയ്യത്തിനും തസ്‌കിയത്തിനും തയ്യാറായി കാത്തിരിക്കണം.
നിയ്യത്തോടെയാണ് ഇഹ്‌റാമില്‍ പ്രവേശനം. മക്കയിലെത്തി മുടിയെടുത്ത് തഹല്ലുല്‍ ആകുന്നത് വരെ ഹാജിമാര്‍ ഇഹ്‌റാമില്‍ ആണ്. നിയ്യത്ത് ചെയ്താല്‍ പിന്നെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടേയിരിക്കല്‍ സുന്നത്താണ്.
പലരും ആദ്യമായി വിമാനം കയറുന്നവരായിരിക്കും. വിമാനത്തില്‍ നിന്ന് ലഭിച്ചേക്കാവുന്ന സുഗന്ധമുള്ളതും എണ്ണയുള്ളതുമായ വസ്തുക്കള്‍ ഇഹ്‌റാമില്‍ ഉപയോഗിക്കരുത്. എയര്‍പോട്ടിലെ ബാത്ത് റൂം കഴിയുന്നത്ര ഉപയോഗിച്ചാല്‍ വിമാനത്തിലെ ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാതെ നോക്കാം. വിമാനത്തിലേത് സാധാരണക്കാര്‍ക്കും ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ക്കും പക്വമാകില്ല. വിമാനത്തിലെ നിര്‍ദേശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കണം. അറിയില്ലെങ്കില്‍ ചോദിച്ച് അറിയണം. വെള്ളമോ പുതപ്പോ മറ്റു അടിയന്തിര കാര്യങ്ങളോ ആവശ്യമെങ്കില്‍ ജീവനക്കാരെ അറിയിച്ചാല്‍ മതി.
പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴും എഴുന്നേറ്റ് നടക്കാതെ സീറ്റ് ബെല്‍റ്റിട്ടിരിക്കണം. വിമാനത്തിലും കഴിയുന്നത്ര തല്‍ബിയത്ത് ചൊല്ലണം. വാഹനത്തിലും യാത്രയിലും പതിവാക്കേണ്ട ദിക്‌റുകള്‍ അവസരങ്ങള്‍ക്കനുസരിച്ച് ചെയ്യണം. ജിദ്ദ എയര്‍പോട്ടില്‍ ഇറങ്ങിയാല്‍ ആവശ്യമെങ്കില്‍ ബാത്ത് റൂം കണ്ടെത്തി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുക. പാസ്‌പോര്‍ട്ടുകള്‍ കവര്‍ ലീഡര്‍ വാങ്ങിയിട്ടുണ്ടെങ്കിലും പാസ്‌പോര്‍ട്ട് അതാത് പേരുടെ കൈയിലാണ് വേണ്ടത്. ലഗേജ് സമയം അറിയിക്കുമ്പോള്‍ അതിന്റെ കേന്ദ്രത്തിലെത്തുക. അവിടെ ചെറുപ്പക്കാരും പരിചയ സമ്പന്നരും മറ്റുള്ളരെ കഴിയുന്നത്ര സഹായിക്കണം. തുടര്‍ന്ന് ലഗേജുമായി ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കഴിയുന്നത്ര എല്ലാവരും സഹകരിക്കണം. നിസ്‌കാരം യാത്രക്കനുസരിച്ച് ജംഅ് ആക്കേണ്ടതും അവസരം കിട്ടുന്നതിനനുസരിച്ച് നിര്‍വഹിക്കുകയും വേണം. മക്കത്തെത്തുമെന്ന് കരുതി ജിദ്ദയില്‍ നിന്ന് നിസ്‌കരിക്കാന്‍ മടിക്കരുത്.
വിശുദ്ധ മക്ക ലക്ഷ്യമാക്കി നമ്മുടെ വാഹനങ്ങള്‍ ചീറിപ്പായും. പക്ഷേ മക്കയോടടുക്കും തോറും തിക്കും തിരക്കും കൂടും. മുതവ്വിഫിന്റെയും മറ്റു ചെക്കു പോസ്റ്റിന്റെയും നടപടി ക്രമങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ എത്തുന്നത് താമസ സ്ഥലത്തേക്കായിരിക്കും. അപ്പോഴേക്കും മണിക്കൂറുകള്‍ മാറിമാറിപ്പോകും. കൈയില്‍ വെള്ളം എപ്പോഴും കരുതുന്നത് നല്ലതാണ്.
താമസ സ്ഥലത്തെത്തി റൂം കണ്ടെത്തുകയും ലഗ്ഗേജ് അവിടെ എത്തുകയും ചെയ്താല്‍ കിട്ടിയ വല്ലവെള്ളമോ ലഘു ഭക്ഷണങ്ങളോ കഴിച്ച് ക്ഷീണം മാറ്റി ഉംറയുടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുക. ഇഹ്‌റാമോടെ കേരളത്തില്‍ നിന്ന് ഉംറയില്‍ പ്രവേശിച്ച നാം ഇപ്പോള്‍ അതിന്റെ മറ്റു കര്‍മങ്ങള്‍ കഴിഞ്ഞാല്‍ മോചിതരാവും. കുറഞ്ഞ സമയം കൊണ്ട് തീര്‍ക്കാവുന്ന കാര്യമാണ് ഉംറ. അത് വലിയ സംഭവമായി കാത്തിരിക്കരുത്. കൂടെയുള്ള മുന്‍ ഹാജിമാര്‍, പ്രവാസികള്‍, പണ്ഡിതന്മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരില്‍ ആരെയെങ്കിലും കൂട്ടി ഉംറക്ക് പുറപ്പെടുക. അത് പൂര്‍ത്തിയാക്കിയാല്‍ ആരോഗ്യവും സമയവും അനുകൂലമായാല്‍ ഉംറയോ ത്വവാഫ് മാത്രമോ വര്‍ധിപ്പിക്കാം.
താമസ സ്ഥലത്തും ശുചീകരണ സ്ഥലങ്ങളിലും വളരെ സൂക്ഷ്മതയും വിനയവും പരസ്പര സഹകരണവും ഉള്‍ക്കൊള്ളണം. സ്ത്രീകള്‍ ത്വവാഫിനല്ലാതെ പള്ളിയില്‍ പോകണമെന്നില്ല. അവിടുത്തെ പണ്ഡിതന്മാര്‍ തന്നെ അക്കാര്യം വ്യക്തമാക്കാറുണ്ട്. ദുല്‍ഹജ്ജ് ഏഴ് വരെ നമ്മുടെ ജീവിതം ഈ പുണ്യഭൂമിയെ ആദരിക്കാനാവണം. അനാദരിക്കാനാവരുത്.

 

Latest