മറ്റാരുമല്ല, ആശാനാണ് താരം !

Posted on: August 20, 2016 12:15 am | Last updated: August 20, 2016 at 9:50 pm

aലണ്ടനില്‍ സൈന നെഹ്‌വാളും റിയോയില്‍ പി വി സിന്ധുവും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന നക്ഷത്രങ്ങളായി. സൈനയെ സൂപ്പര്‍ സൈന എന്ന് ഇന്ത്യന്‍ കായിക ലോകം വിശേഷിപ്പിച്ചു. ഇപ്പോഴിതാ, പി വി സിന്ധു മറ്റൊരു ഒളിമ്പിക് സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുന്നു. സൈനയെ കോര്‍പറേറ്റുകള്‍ തേടി വന്നതു പോലെ സിന്ധുവിന്റെ വിപണിമൂല്യവും വരും നാളുകളില്‍ കുതിച്ചുയരുന്നത് നമുക്ക് കാണാന്‍ സാധിക്കും. അപ്പോഴും, എല്ലാ വാണിജ്യതാത്പര്യങ്ങളില്‍ നിന്നും വിപണിയുടെ പുത്തന്‍ സാധ്യതകളില്‍ നിന്നും സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ മടിച്ച് മാറി നില്‍ക്കുന്ന ഒരാളെ കാണാന്‍ സാധിക്കും. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ്. സൈനയെ സൂപ്പര്‍ സൈനയാക്കിയ കോച്ച്. റിയോയില്‍ സിന്ധുവിനെ ചരിത്രതാരമാക്കി മാറ്റിയ കോച്ച്. ഇന്ത്യന്‍ ബാഡ്മിന്റണിന് കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും ലോകമേല്‍വിലാസമുണ്ടാക്കിയ സൂപ്പര്‍ കോച്ചാണ് ഗോപിചന്ദ്.

ഗോപിചന്ദിനൊപ്പം കുഞ്ഞ് സിന്ധു
ഗോപിചന്ദിനൊപ്പം കുഞ്ഞ് സിന്ധു

ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ സ്വന്തം പേരില്‍ ബാഡ്മിന്റണ്‍ അക്കാദമി നടത്തുന്ന ഗോപിചന്ദ് നിസ്വാര്‍ഥ സേവനമാണ് വിഭാവനം ചെയ്യുന്നത്. ബാഡ്മിന്റണില്‍ പ്രതിഭയുടെ വെട്ടമുള്ള താരത്തെ കണ്ടെത്തുക, വളര്‍ത്തിയെടുക്കുക. ഗോപിചന്ദ് രാവും പകലുമില്ലാതെ കഠിനാധ്വാനം തുടരുകയാണ്. സൈനയും സിന്ധുവും മാത്രമല്ല, ലോക ബാഡ്മിന്‍ണ്‍ ഇതിഹാസം ലിന്‍ ഡാനെ ഒരിക്കല്‍ ഫൈനലില്‍ തോല്‍പ്പിക്കുകയും റിയോ ഒളിമ്പിക്‌സില്‍ ഇഞ്ചോടിഞ്ച് പൊരുതി വിറപ്പിച്ചു വിടുകയും ചെയ്ത കിദംബി ശ്രീകാന്തും പി കശ്യപും എല്ലാം ഗോപിചന്ദിന്റെ കണ്ടെത്തലുകള്‍.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന വെങ്കലമെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചപ്പോഴും മാധ്യമശ്രദ്ധയില്‍ നിന്ന് മാറിനില്‍ക്കാനാണ് ഗോപിചന്ദ് പരമാവധി ശ്രമിച്ചത്. സൈന പതിയെ സെലിബ്രിറ്റിയാകുകയും ഫാഷന്‍ റാംപുകളില്‍ എത്തുകയും ചെയ്തപ്പോള്‍ പരിശീലകന്‍ എന്ന നിലയില്‍ ഗോപിചന്ദ് അസ്വസ്ഥനായി. കളിയില്‍ ശ്രദ്ധപോകും എന്ന ഉപദേശം നല്‍കി. പരസ്യക്കമ്പനികളുടെ ചുഴിയില്‍പ്പെട്ടു പോയ സൈന തന്റെ നിയന്ത്രണത്തില്‍ നിന്നും അകന്നുപോയെന്ന തിരിച്ചറിവിലാണ് ഗോപിചന്ദ് പി വി സിന്ധുവിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നിയത്. ഇതാണ് ഗോപിചന്ദിന്റെ ശിഷ്യത്വം അവസാനിപ്പിച്ച് തന്റെ മുന്‍ പരിശീലകനായ വിമല്‍ കുമാറിന്റെ അടുത്തേക്ക് മടങ്ങാന്‍ സൈനയെ പ്രേരിപ്പിച്ചത്.
തന്റെ ശിഷ്യന്‍മാര്‍ കളിവിചാരം വിട്ട് മറ്റ് തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിനെ ഗോപിചന്ദ് നഖശിഖാന്തം എതിര്‍ത്തിരുന്നു. ഇപ്പോള്‍ തന്നെ നോക്കൂ. റിയോയില്‍ സിന്ധു അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ അതിന്റെ രഹസ്യങ്ങളില്‍ ഒന്ന് പുറത്തുവന്നു. സത്യമാണോ എന്നറിയില്ലെങ്കിലും വിശ്വസിക്കാതിരിക്കാന്‍ വയ്യ. രണ്ട് മാസമായി സിന്ധു സെല്‍ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നതാണ് ആ രഹസ്യം. ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍മീഡിയ ബന്ധങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കാന്‍ സിന്ധുവിന് ഗോപിചന്ദ് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് ഇത് സംബന്ധിച്ചു വന്ന ഒരു റിപ്പോര്‍ട്ട്.
ഗോപിചന്ദിന്റെ പ്രകൃതം അറിയാവുന്നവര്‍ അത് ശരിവെക്കും. കാരണം, ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന കാലത്തും ഗോപിചന്ദ് സ്വയം ചില നിഷ്‌കര്‍ഷകള്‍ പാലിച്ചിരുന്നു. അതില്‍ പ്രധാനം മാധ്യമ ഹൈപ്പുകളില്‍ വീഴാതെ നോക്കുക, പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതായിരുന്നു.
1996 ല്‍ ആദ്യമായി ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായ ഗോപി തുടരെ അഞ്ച് വര്‍ഷം ആ പട്ടം നിലനിര്‍ത്തി. രണ്ട് തവണ സാര്‍ക് ബാഡ്മിന്റണ്‍ ചാമ്പ്യനായ ഗോപിചന്ദ് 1998 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിയും ഫ്രാന്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലെ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കുകയും ചെയ്തതോടെ താരപ്പകിട്ടിലേറി.
2001 ല്‍ ബാഡ്മിന്റണിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ആള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. അന്നത്തെ ലോക ഒന്നാം നമ്പര്‍ പീറ്റര്‍ ഗ്രാഡെയെ സെമിയില്‍ തുരത്തിയ ഗോപിചന്ദ് ഫൈനലില്‍ ചൈനയുടെ സൂപ്പര്‍ താരം ചെന്‍ ഹോംഗിനെ തോല്‍പ്പിച്ചു. പ്രകാശ് പദുകോണിന് ശേഷം (1980) ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന ഖ്യാതിയും ഗോപിചന്ദിന് സ്വന്തമായി. ഇതോടെ, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനുള്ള വിപണമൂല്യം ഗോപിചന്ദിനും കൈവന്നു. കൊക്ക കോളയുടെ ബ്രാന്‍ഡ് അംബാസഡറാകാനും പരസ്യത്തില്‍ അഭിനയിക്കാനും ബിഗ് ഓഫര്‍. ഗോപിചന്ദ് സ്‌നേഹപൂര്‍വം നിരസിച്ചു. എന്റെ നാട്ടിലെ കുട്ടികള്‍ ഇത്തരം എനര്‍ജിഡ്രിങ്കുകള്‍ കഴിക്കേണ്ടതില്ല എന്നതായിരുന്നു നിലപാട്.
ഇങ്ങനെ എന്നും ഉറച്ച നിലപാടുകള്‍ എടുത്ത വ്യക്തിയാണ് ഹൈദരാബാദുകാരന്‍. തന്റെ ബാഡ്മിന്റണ്‍ അക്കാദമിയിലുള്ള 150 ലേറെ താരങ്ങളോടും ഒരേ ഉത്തരവാദിത്വവും പരിഗണനയും നല്‍കുന്ന ഗോപിചന്ദ് 2006 മുതല്‍ ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്റെ റോളിലുണ്ട്. സൈനയുടെ ഫിറ്റ്‌നെസിനെ ഒരിക്കല്‍ മാത്രം വിമര്‍ശിച്ച ഗോപിചന്ദ് ഇത്തവണ തന്റെ നിയന്ത്രണത്തിലുള്ള സിന്ധുവിനും ശ്രീകാന്തിനും സൂപ്പര്‍ സ്റ്റാമിന നിര്‍ബന്ധമാക്കിയിരുന്നു. അതിന് വേണ്ടി വിദഗ്ധ വെയിറ്റ് ട്രെയ്‌നറെയും ഫിസിക്കല്‍ ഫിറ്റ്‌നെസ് കോച്ചിനെയും ഏര്‍പ്പാടാക്കിയിരുന്നു. ലിന്‍ഡാനെതിരെ ശ്രീകാന്ത് പുറത്തെടുത്ത മികവും സിന്ധുവിന്റെ ഫൈനല്‍ പ്രവേശവും ഗോപിയുടെ പരിശീലനമുറകള്‍ ശരിവെക്കുന്നു.
സൈന നെഹ്‌വാളിന്റെ വളര്‍ച്ചയില്‍ ഗോപിചന്ദിന്റെ ഫിറ്റ്‌നെസ് മുറകള്‍ക്കും ഡയറ്റ് നിര്‍ദേശങ്ങള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. സൈനയുടെ ഭക്ഷണക്കിറ്റുകളും റഫ്രിജറേറ്ററും ഗോപിയുടെ മിന്നല്‍പരിശോധനക്ക് വിധേയമായിരുന്നു. പന്ത്രണ്ട് വര്‍ഷം ഈ ഗുരു-ശിഷ്യ ബന്ധം തുടര്‍ന്നു. 2014 ല്‍ നിയന്ത്രണങ്ങളുടെ കെട്ടുപാടുകള്‍ പൊട്ടിച്ച് സൈന മറ്റൊരു ഗുരുവിനെ തേടി.
എന്നാല്‍ സിന്ധുവിലൂടെ പുതിയ താരോദയം ഗോപിചന്ദ് ലക്ഷ്യമിട്ടു. ചോക്കളേറ്റുകളും ഹൈദരബാദി ബിരിയാണിയും ഇഷ്ടപ്പെട്ട സിന്ധുവിന് അതെല്ലാം ഗോപിചന്ദിന്റെ പരിശീലനത്തിന് കീഴില്‍ അന്യമായി. ശ്രീകാന്തിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. പുറമെ നിന്നുള്ള ഭക്ഷണം മാത്രമല്ല കുടിവെള്ളം പോലും കോച്ച് വിലക്കി. ക്ഷേത്രത്തില്‍ നിന്നുള്ള മധുരപ്രസാദം പോലും ഈ വിലക്കില്‍പ്പെട്ടു ! കഠിനാധ്വാനം ചെയ്യുക ദൈവം പ്രസാദിക്കും എന്നതായിരുന്നു ഗോപിയുടെ പോളിസി.
ഒളിമ്പിക് സ്വര്‍ണം നേടുക എന്നത് ഗോപിചന്ദിന്റെ സ്വപ്‌നമായിരുന്നു. തനിക്ക് സാധിക്കാതെ പോയത് ശിഷ്യരിലൂടെ നേടിയെടുക്കുക എന്നതായി ഗോപിയുടെ ലക്ഷ്യം. സ്വന്തമായി ബാഡ്മിന്റണ്‍ അക്കാദമി തുടങ്ങുവാന്‍ തീരുമാനിച്ചു. ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായതിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ അഞ്ചേക്കര്‍ അക്കാദമിക്കുള്ള ഭൂമിയായി. എന്നാല്‍, അത് പോരായിരുന്നു. പതിമൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന വന്‍ പദ്ധതി.
മുമ്പ് തള്ളിപ്പറഞ്ഞ കോര്‍പറേറ്റുകളുടെ സഹായംതേടേണ്ടി വന്നു ഗോപിക്ക്. പക്ഷേ, അനുകൂല മറുപടി ലഭിച്ചില്ല. ഒടുവില്‍ താമസിക്കുന്ന വീടും സ്ഥലവും ചില സ്വത്തുക്കളും പണയം വെച്ച് പ്രാരംഭത്തിനുള്ള മൂന്ന് കോടി രൂപ കണ്ടെത്തി. ബാഡ്മിന്റണ്‍ താരത്തിന്റെ ആത്മാര്‍ഥപരിശ്രമം അറിഞ്ഞ് വ്യവസായി നിമ്മഗഡ്ഡ പ്രസാദ് അഞ്ച് കോടി സംഭാവന ചെയ്തു. ഇതിനൊപ്പം ചെറിയ ചെറിയ നിക്ഷേപങ്ങളും കൂടി വന്നതോടെ അക്കാദമി സ്വപ്‌നം പൂവണിഞ്ഞു. ഇന്നിപ്പോള്‍ ഹൈദരാബാദില്‍ രണ്ട് കെട്ടിടങ്ങളിലായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു അക്കാദമി. രാജ്യത്തിന് രണ്ട് ഒളിമ്പിക് ബാഡ്മിന്റണ്‍ മെഡലുകള്‍ സമ്മാനിച്ച അക്കാദമി എന്ന നിലയില്‍ പുല്ലേല ഗോപിചന്ദ് അക്കാദമിയുടെ പ്രസക്തി വര്‍ധിക്കുന്നു, പ്രശസ്തിയേറുന്നു.
ഗോപിചന്ദിന്റെ മകള്‍ ഗായത്രി അക്കാദമി പ്രൊഡക്ടാണ്. നാളെയുടെ ഒളിമ്പിക് മെഡല്‍. നിലവില്‍ അണ്ടര്‍ 13 ദേശീയ ചാമ്പ്യന്‍. മകള്‍ക്കുള്ള വാത്സല്യമല്ല, ശിഷ്യക്കുള്ള കര്‍ശന ചിട്ട മാത്രമാണ് പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നിന്ന് ഗായത്രിക്ക് ലഭിക്കുന്നത്.
അടുത്ത സൈനയോ സിന്ധുവോ ആകുവാന്‍ ആഗ്രഹിച്ച് ആരെങ്കിലും ഈ അക്കാദമിയിലേക്ക് പോകുവാന്‍ തുനിയുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക. കഠിനാധ്വാനം മാത്രമാണ് ഇവിടെ പഠിപ്പിക്കുന്നത്. ഈശ്വരപ്രസാദം അതിന്റെ ഫലമായി മാത്രമേ ലഭിക്കൂ. പരസ്യവിപണിയിലെ നക്ഷത്രമാകുവാന്‍ ഒരു പതിറ്റാണ്ട് മുമ്പ് തയ്യാറാകാതിരുന്ന ഗോപിചന്ദ് എന്ന പരിശീലകന്റെ കര്‍ശന ചിട്ടവട്ടങ്ങളാകും നിങ്ങളെ കാത്തിരിക്കുന്നത്. അതിനുള്ള മനസ്സുണ്ടെങ്കില്‍ ഒളിമ്പ്യനാകാം-മെഡലണിയാം !