രാജ്യത്ത് പെട്രോളിയം ആവശ്യം റെക്കോര്‍ഡ് ഉയരത്തില്‍

Posted on: August 19, 2016 9:24 pm | Last updated: August 19, 2016 at 9:26 pm

petrolദോഹ :രാജ്യത്തെ എണ്ണയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചു. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതും ലോകകപ്പിനു വേണ്ടി നടക്കുനന നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പെട്രോളിയം ആവശ്യം ഉയരാന്‍ കാരണം. എണ്ണവിലിയിടിവിനെത്തുടര്‍ന്ന് മേഖലയിലാകെ സാമ്പത്തക മാന്ദ്യം നേരിടുകയും പെട്രോളിന്റെ ഉപയോഗ വളര്‍ച്ച നേരിയ തോതില്‍ മാത്രം രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖത്വറില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പടുത്തുന്നത്. ബി എം ഐ റിസര്‍ച്ചിന്റെതാണ് കണ്ടെത്തല്‍.
ഗ്യാസോലൈന്‍, ജെറ്റ് ഫ്യൂയല്‍, മറ്റു പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ പ്രതിദിനം 228,000 ബാരലിന്റെ ഉപയോഗമാണ് രാജ്യത്ത് നടക്കുന്നത്. ഈ വര്‍ഷം ആദ്യ അഞ്ചു മാസത്തെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2011ലെ ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്. അതേസമയം ലോകത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യില്‍ പതിറ്റാണ്ടില്‍ ആദ്യമായി എണ്ണ ഉപയോഗം കുറഞ്ഞു. എന്നാല്‍ ഒമാനിലെ ആവശ്യം ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യ നാലു മാസത്തെ കണക്കനുസരിച്ചാണിത്. കഴിഞ്ഞ ദശകത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 9.6 ശതമാനം ആയിരുന്നു.
ഖത്വറില്‍ ഇതു രണ്ടാം വര്‍ഷമാണ് തുടര്‍ച്ചയായി 734,00 കോടി റിയാലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ലോകകപ്പിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനത്തിനായാണ് ഈ പദ്ധതികള്‍. എട്ടു സ്റ്റേഡിയങ്ങള്‍, 3,500 കോടി ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ദോഹ മെട്രോ റയില്‍, ദോഹയില്‍ രണ്ടു ലക്ഷം പേര്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ സിറ്റി പദ്ധതി എന്നിവക്കു പുറമേ ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് രണ്ടു വര്‍ഷത്തിനിടെ 29 പുതിയ വിമാനങ്ങളാണ് സ്വന്തമാക്കി സര്‍വീസ് വികസിപ്പിച്ചത്. ലോകകപ്പ് സൗകര്യവികസനംകൂടി പരിഗണിച്ചാണ് വിമാന കമ്പനിയും നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മണ്ണെണ്ണയുടെ ആവശ്യവും ഇരട്ടിയായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 113,000 ബാരല്‍ മണ്ണെണ്ണയാണ് ഈ വര്‍ഷം ആദ്യ അഞ്ചു മാസ രാജ്യത്തു വേണ്ടി വന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സഊദി, യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് നാടുകളില്‍ ഇന്ധന സബ്‌സിഡി കുറക്കുന്നതിനോ എടുത്തു കളയുന്നതിനോ സന്നദ്ധമായിരുന്നു. ഗവണ്‍മെന്റ് ചെലവുകള്‍ കുറക്കുന്നതിന്റെ ഭാഗമായായിരുന്നു നീക്കം. എന്നാല്‍ ലോകത്തെ മുന്‍നിര പ്രകൃതിവാതക കയറ്റുമതി രാജ്യമായ ഖത്വര്‍ ആഭ്യന്തര വിപണിയില്‍ എണ്ണ വില ഉയര്‍ത്താന്‍ സന്നദ്ധമായി. ബജറ്റ് കമ്മി നികത്തുന്നതിനുള്ള നടപടികളുടെ ഭാഗമായായിരുന്നു തീരുമാനം.
രാജ്യത്തെ പര്‍ച്ചേസിംഗ് ശേഷി ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വില ഉയര്‍ന്നിട്ടും എണ്ണ ഉപയോഗത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ എകണോമിക് റിസര്‍ച്ച് ഡയറക്ടര്‍ ജോണ്‍ സ്ഫാകിയനാകിസ് പറഞ്ഞു. ഏവിയേഷന്‍ മേഖലയിലെ വളര്‍ച്ചയും അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളും എണ്ണയിതര മേഖലയിലെ ധനരംഗം വളരുന്നതിനിടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യ ജൂണ്‍ 30 വരെയുള്ള കണക്കില്‍ 2.48 ദശലക്ഷം ആയിരുന്നു. മുന്‍ വര്‍ഷം ഇത് 2.34 ദശലക്ഷം ആയിരുന്നു. 2011ല്‍ ജനസംഖ്യ 1.71 ദശലക്ഷം മാത്രമായിരുന്നു. ഈ വര്‍ഷം 3.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് പ്രവചിക്കുന്നു.