യുവതിയുടെ ദുരൂഹ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Posted on: August 19, 2016 1:04 am | Last updated: August 19, 2016 at 1:04 am

alp arrest ajeeshആലപ്പുഴ: യുവതി ഭര്‍തൃവിട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരണപെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചിറയില്‍ വീട്ടില്‍ എച്ച് ബി പാടത്ത് പരേതനായ അഷ്‌റഫിന്റെ മകള്‍ ആമിന(21) ഭര്‍തൃ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നഗരസഭ വലിയമരം വാര്‍ഡ് നടുവിലെ പറമ്പില്‍ അജീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ നാലിനായിരുന്നു ആമിനയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആമിനക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സഹോദരനും പിതാവും ഭര്‍തൃവീട്ടിലെത്തിയപ്പോഴേക്കും ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആമിന മരിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും മൃതദേഹവുമായി കടക്കാന്‍ ഭര്‍ത്താവ് അജീഷും കുടുംബവും ശ്രമിക്കുകയായിരുന്നു. പിന്നീട് ആമിനയുടെ സഹോദരന്റെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങി പോസ്റ്റ്‌മോര്‍ട്ടത്തിന് സമ്മതിച്ചു. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം കൂടുതല്‍ ശക്തമാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റുണ്ടായത്.