Connect with us

Alappuzha

നെല്‍കര്‍ഷക സബ്‌സിഡി കാലാനുസൃതമായി കൂട്ടും

Published

|

Last Updated

ആലപ്പുഴ: ഉത്പാദന ബോണസടക്കം നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആലപ്പുഴ എസ് ഡി വി സെന്റിനറി ഹാളില്‍ ചിത്തരകായല്‍ നെല്‍കൃഷിയുടെ ലാഭവിഹിത വിതരണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. അടുത്ത ചിങ്ങം ഒന്നുവരെയുള്ള ഒരു വര്‍ഷം നെല്ലുവര്‍ഷമായി ആചരിക്കും.
“നമ്മുടെ നെല്ല്, നമ്മുടെ അന്നം” എന്നതാണ് മുദ്രാവാക്യം. നെല്‍കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയേ മുന്നോട്ടുപോകാനാകൂ. കാര്‍ഷിക മേഖലയുടെ വികസനത്തിലൂടെ അല്ലാതെ കേരള വികസനം സാധ്യമല്ല. ആറന്മുള പോലെ നെല്‍വയലുകള്‍ നികത്തിയുള്ള പദ്ധതികള്‍ക്കൊന്നും സര്‍ക്കാര്‍ അനുമതി നല്‍കില്ല. ഏതു സാഹര്യത്തിലും ഒരിഞ്ചു വയല്‍ നികത്താന്‍ അനുവദിക്കില്ല. 365 ദിവസവും അരിയാഹാരം കഴിക്കുന്ന നാട്ടിലെ നെല്‍കൃഷി രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയായി കുറഞ്ഞു.
വയല്‍ നികത്തല്‍ മൂലം ഭൂഗര്‍ഭജല നിരപ്പുവരെ താഴ്ന്നു. മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്നതിനുള്ള പദ്ധതിക്ക് ഭരണ-സാങ്കേതിക അനുമതിയടക്കം ലഭിച്ച് വെള്ളം വറ്റിച്ചു തുടങ്ങിയപ്പോള്‍ തുരങ്കം വയ്ക്കുന്നതിനായി കള്ളക്കേസുമായി ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മത്സ്യപ്രജനനം നടക്കില്ലന്ന പേരിലാണ് രംഗത്തുവന്നിരിക്കുന്നത്. ഇതിനു പിന്നില്‍ ആരാണെന്നും ഉദ്ദേശ്യവും വ്യക്തമായി അറിയാം. അവരുടെ ഉദ്ദേശം നടക്കില്ല.നെല്ല് സംഭരിച്ചാലുടന്‍ വില നല്‍കാനുള്ള സംവിധാനം നടപ്പാക്കും. റാണി കായലില്‍ ഉടന്‍ കൃഷിയിറക്കും. കര്‍ഷകരുടെയടക്കം അഭിപ്രായം സ്വരൂപിച്ച് രൂപീകരിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി കുട്ടനാട് പാക്കേജിനെ കേന്ദ്രസഹായത്തോടെ പുതിയ രൂപത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വര്‍ഷങ്ങളായി തരിശുകിടന്ന പാടശേഖരം കൃഷിയോഗ്യമാക്കി ആറായിരം രൂപ വീതം കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. തോമസ് ചാണ്ടി എം എല്‍ എ ആധ്യക്ഷ്യത വഹിച്ചു.