Connect with us

Kerala

പാര്‍ട്ടി അറിയാതെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

Published

|

Last Updated

കൊല്ലം: പാര്‍ട്ടി അറിയാതെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരാളെയും നിയമിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പേഴ്‌സണല്‍ സ്റ്റാഫിലുള്ള 25 പേരെയും പാര്‍ട്ടിയുടെ അറിവോടെയാണ് നിയമിച്ചിട്ടുള്ളതെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആരോപണവിധേയനായ അരുണ്‍ലാല്‍ദാസ് ഓഫീസില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ ജോലി ചെയ്യുന്നുണ്ട്. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട 25 പേരില്‍പ്പെട്ട ആളല്ല അദ്ദേഹം. വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഡയറക്ടറേറ്റില്‍ അയച്ച ജീവനക്കാരനാണ് അരുണ്‍ലാല്‍ദാസെന്നും ഇതില്‍ മന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നും വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഓഫീസില്‍ രാത്രി 11 മണിവരെ ജോലി ചെയ്യേണ്ട സാഹചര്യങ്ങളില്‍ അതിന് സന്നദ്ധമാകുന്ന ജീവനക്കാരെയാണ് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കുന്നത്. അതില്‍ പല പാര്‍ട്ടിക്കാരുമുണ്ടാകും. ഇത്തരത്തില്‍ ഡയറക്ടറേറ്റില്‍ നിന്നും വരുന്ന ജീവനക്കാര്‍ ഒരാഴ്ചയോ രണ്ടാഴ്ചയോ ഉണ്ടാകുകയുള്ളൂവെന്നും പിന്നീട് ജീവനക്കാര്‍ മാറിമാറി വരുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആര്‍ എസ് എസ് പ്രവര്‍ത്തകനായ അരുണ്‍ലാല്‍ദാസിനെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഓഫീസില്‍ നിയമനം നല്‍കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകരാരും തന്നോട് ഇതുവരെ ഒരുപരാതിയും പറഞ്ഞിട്ടില്ലെന്നും മന്ത്രി സിറാജിനോട് പറഞ്ഞു.
കൊല്ലം പോരുവഴി സ്വദേശിയായ അരുണ്‍ലാല്‍ദാസിനെ നിയമിച്ചതിനെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ശക്തമായി രംഗത്തെത്തുകയും സി പി ഐയുടെ മണ്ഡലം കമ്മിറ്റിക്കും മേല്‍ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Latest