ശ്രീകൃഷ്ണ, ചട്ടമ്പി സ്വാമി ജയന്തി ദിനം സി പി എം ആഘോഷിക്കും

Posted on: August 19, 2016 6:01 am | Last updated: August 19, 2016 at 12:49 am
SHARE

കണ്ണൂര്‍: ചട്ടമ്പിസ്വാമി ജയന്തി ദിനത്തില്‍ ഈ മാസം 24ന് സി പി എം നടത്തുന്ന ഘോഷയാത്രയുടെ ഭാഗമായി നാട്ടിലെമ്പാടും വര്‍ണ്ണക്കൊടികള്‍ ഉയര്‍ത്താന്‍ സി പി എം തീരുമാനം. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും പട്ടികജാതിക്കര്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മതഭ്രാന്തിന്റെ കൊടിക്കെതിരെ വിവിധ വര്‍ണ്ണക്കൊടികള്‍ നാട്ടിലെമ്പാടും ഉയര്‍ത്തുക. സാംസ്‌കാരിക സംഘടനകളും, വായനശാലകളും ക്ലബ്ബുകളുമെല്ലാമാണ് പ്രാദേശിക അടിസ്ഥാനത്തില്‍ സാംസ്‌കാരിക സംഗമങ്ങളും ഘോഷയാത്രകളും ഇക്കുറിയും സംഘടിപ്പിക്കുന്നത്. ഇത്തവണ ചട്ടമ്പിസ്വാമി ജയന്തിയും ശ്രീകൃഷ്ണജയന്തിയും ഒരേ ദിവസം തന്നെയാണെന്നതിനാല്‍ കൂടുതല്‍ പ്രവര്‍ത്തകരെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സി പി എം ലക്ഷ്യമിടുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 24 ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനമായ 28വരെ വര്‍ഗീയവിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ കണ്ണൂരില്‍ മാത്രമാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സി പി എം സമാന്തര പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത്തവണ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടത്താനാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുള്ളത്. കണ്ണൂരില്‍ മാത്രം 206 കേന്ദ്രങ്ങളിലാണ് ഘോഷയാത്ര നടത്തുന്നത്. ഇതിനായുള്ള പ്രാദേശിക സംഘാടക സമിതികള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കൃഷ്ണപ്പിള്ള ദിനമായ ഇന്ന് ഗൃഹസന്ദര്‍ശനം നടത്തി മുഴുവനാളുകളെയും പരിപാടികളിലേക്ക് നേരിട്ട് ക്ഷണിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം 134 കേന്ദ്രങ്ങളിലാണ് കണ്ണൂര്‍ ജില്ലയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടത്തിയത്. സംഘപരിവാര്‍നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 300 ശോഭായാത്രകളും നടത്തി.
ഹൈന്ദവ ആചാരങ്ങളും ആഘോഷങ്ങളും സംഘപരിവാര്‍ സംഘടനകള്‍ ഹൈജാക്ക് ചെയ്യുന്നത് പ്രതിരോധിക്കാനും ശ്രീകൃഷ്ണ ജയന്തി ഒരു വിഭാഗത്തിന്റെ ആഘോഷമാക്കി മാറ്റുന്നത് തടയാനും പാര്‍ട്ടി അനുഭാവികളുള്‍പ്പടെയുള്ളവരുടെ കുടുംബങ്ങളിലുള്ളവരെ ഇത്തരം ആഘോഷപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത് തടയുന്നതിനുമാണ് കണ്ണൂരില്‍ ഇത്തരം പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇത് വലിയ വിജയമായമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഭക്തിയുടെ പേരില്‍ സി പി എം കേന്ദ്രങ്ങളിലടക്കം സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചുവെന്നും വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിത്തന്നെയാണ് സംസ്ഥാനവ്യാപകമായി ഘോഷയാത്രകള്‍ നടത്താന്‍ ഇക്കുറി പാര്‍ട്ടി ആലോചിച്ചുറപ്പിച്ചത്. ശോഭായാത്രയുടെ ഭാഗമായി ആര്‍ എസ് എസ് നേതൃത്വത്തില്‍ നാട്ടിലെമ്പാടും കാവിക്കൊടിയുയര്‍ത്തുന്നതിനിടയിലാണ് വര്‍ണ്ണക്കൊടികളുമായി ഇത്തവണ സി പി എം രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here