കലാപകാരികള്‍ക്ക് പുറമെ നിന്ന് പണം

Posted on: August 19, 2016 6:00 am | Last updated: August 19, 2016 at 12:37 am
SHARE

SIRAJകാശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പുറമെ നിന്ന് വന്‍ തോതില്‍ പണം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം ഒദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ജൂലൈ എട്ടിന് ബുര്‍ഹാനുല്‍ വാനിയെ സൈനികര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 24 കോടി രൂപ കാശ്മീരിലേക്ക് ഒഴുകിയിട്ടുണ്ടത്രെ. വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം 40 ദിവസം പിന്നിട്ടു. താഴ്‌വരയിലെ സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. കലാപത്തില്‍ നിരവധി പേര്‍ വധിക്കപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗത്തില്‍ മാരക പരുക്കേറ്റ് കാഴ്ചശക്തി നഷ്ടപ്പെട്ടവരും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുമാണ് ഇവരില്‍ നല്ലൊരു പങ്കും.
രാജ്യത്ത് കുഴപ്പവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ തീവ്രവാദി, വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് പുറത്ത് നിന്ന് പണമെത്തുന്നുണ്ടെന്നത് ഒരു രഹസ്യമല്ല. വി എച്ച് പിയും ആര്‍ എസ് എസും ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പണമെത്തുന്ന കാര്യം ഇതു സംബന്ധിച്ചു പഠനം നടത്തിയ എസ് എഫ് എച്ചിന്റെ വിശദമായ റിപ്പോര്‍ട്ട് സഹിതം ‘ഫ്രണ്ട് ലൈനി’ല്‍ വന്നതാണ്. അമേരിക്കന്‍ കോര്‍പറേറ്റുകളില്‍ നിന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ കോടിക്കണക്കിന് ഡോളറുകള്‍ കൈപ്പറ്റുന്നതായും അതുപയോഗിച്ചാണ് രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയും ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ഗുജറാത്ത് ഭൂകമ്പത്തിന്റെ പേരില്‍ ബ്രിട്ടനിലെ സഹൃദയര്‍ സ്വരൂപിച്ചു നല്‍കിയ രണ്ട് മില്യന്‍ പൗണ്ടിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ആര്‍ എസ് എസിന്റെ പോഷക സംഘടനയായ സേവാഭാരതി വഴിയായിരുന്നു. ആര്‍ എസ് എസിന്റെ രഹസ്യ സാങ്കേതങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പിലാക്കാനാണ് അത് വിനിയോഗിച്ചതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സൗത്ത് ഏഷ്യന്‍ വാച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
ഇതു പോലെ കാശ്മീരിലെ സംഘടനകള്‍ക്കും പണമെത്തുന്നുണ്ടായിരിക്കണം. എങ്കില്‍ ആരായിരിക്കും അത് നല്‍കുന്നത്? സ്വാഭാവികമായും പാകിസ്ഥാന്‍ ഭരണകൂടത്തിലേക്കാണ് ആദ്യമായി സംശയത്തിന്റെ മുന നീളുന്നത്. അതിനപ്പുറം രാഷ്ട്രങ്ങള്‍ക്കിടിയില്‍ ഭിന്നത സൃഷ്ടിച്ചു, പരസ്പരം പോരടിപ്പിച്ചും ആയുധ വിപണി കണ്ടെത്തുന്ന ദുശ്ശക്തികളുടെയും ഇന്ത്യയുടെ മുന്നേറ്റം തടയിടാന്‍ ശ്രമിക്കുന്ന വല്യേട്ടന്‍ രാജ്യങ്ങളുടെയും പങ്കും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. അമേരിക്ക, ഇസ്‌റാഈല്‍, റഷ്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ നല്ലൊരു പങ്കും ആയുധക്കച്ചവടത്തില്‍ നിന്നുള്ളതാണ്. ഈ വരുമാന സ്രോതസ്സിന് ഇടിവ് സംഭവിക്കാതിരിക്കാന്‍ ലോകത്ത് യുദ്ധവും സംഘര്‍ഷവും നിലനില്‍ക്കേണ്ടതുണ്ട്. യുദ്ധങ്ങളും കലാപങ്ങളും സൃഷ്ടിക്കാനും നിലനിര്‍ത്താനും ഏതറ്റം വരെയും അവര്‍ പോയെന്നിരിക്കും. മാരകായുധങ്ങള്‍ കൈവശമുണ്ടെന്ന് ആരോപിച്ചു ഇറാഖിന അക്രമിച്ച അമേരിക്കയുടെ ലക്ഷ്യം എണ്ണയും ആയുധ വില്‍പനയുമായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടതാണ്. സദ്ദാമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമായിരുന്നുവെന്ന സത്യവും പുറത്തുവന്നു. ശ്രീലങ്കയിലെ ആഭ്യന്തര വഴക്കില്‍ ഇസ്‌റാഈലിന് പങ്കുള്ളതായും പുലികള്‍ക്ക് സൈനിക പരിശീലനം നല്‍കിയത് മൊസാദാണെന്നും വാര്‍ത്തയുണ്ടായിരുന്നു.
കാശ്മീര്‍ പ്രശ്ത്തില്‍ അമേരിക്കക്കുള്ള കച്ചവട താത്പര്യം ബോധ്യപ്പെട്ടതാണ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയെ അനുകൂലിച്ചു പ്രസ്താവന നടത്തുന്ന യു എസ് നേതാക്കള്‍ പാകിസ്ഥാനിലെത്തിയാല്‍ അവര്‍ക്ക് സഹായകമായ നിലയിലും സംസാരിക്കും. അതിര്‍ത്തിയില്‍ ഇടക്കിടെ ഏറ്റുമുട്ടുന്ന ഇന്ത്യക്കും പാകിസ്ഥാനും ഒരു പോലെ ആയുധം നല്‍കി സംഘര്‍ഷത്തിന് മുര്‍ച്ച കൂട്ടൂന്ന നയമാണ് അവരുടേത്. മോദി സര്‍ക്കാര്‍ വന്ന ശേഷം ഇന്ത്യയുമായി കൂടുതല്‍ അടുപ്പവും സൗഹൃദവും നടിക്കുന്നുണ്ട് യു എസ്. അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതിയും ഇതോടെ ഉയര്‍ന്നിട്ടുണ്ടെന്നത് ഈ സൗഹൃദത്തിന്റെ പിന്നാമ്പുറ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനുമായുള്ള ബന്ധം സജീവമാക്കി അവിടെയും വന്‍തോതില്‍ ആയുധം വിറ്റഴിക്കുന്നുണ്ട്. ഈ ആയുധക്കച്ചവടം നിര്‍ബാധം തുടരണമെങ്കില്‍ കാശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്.
ആയുധപ്പന്തയത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും നഷ്ടമാകുന്നത് വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രപുനഃനിര്‍മിതിക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മറ്റും ചിലവിടേണ്ട സഹസ്ര കോടികളാണ്. ഓരോ വര്‍ഷവും വന്‍തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെയും പാകിസ്ഥന്റെയും പ്രതിരോധ ബജറ്റ് വിഹിതം. തമ്മിലടിപ്പിച്ചു ചോരകുടിക്കുന്നവരുടെ ദുഷ്ടലാക്ക് കണ്ടറിഞ്ഞു അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനുള്ള വിവേകം ഇന്ത്യാ, പാക് ഭരണ നേതൃത്വങ്ങള്‍ പ്രകടിപ്പിച്ചെങ്കില്‍.

LEAVE A REPLY

Please enter your comment!
Please enter your name here