കേരളത്തില്‍ നിന്ന് ചില പാഠങ്ങള്‍

Posted on: August 19, 2016 5:34 am | Last updated: August 19, 2016 at 12:34 am

കു്‌റച്ചുമുമ്പ് സര്‍ക്കാര്‍ പുറത്തുവിട്ട സെന്‍സസ് ഡാറ്റയില്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ തുറന്നു കാട്ടുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങി ഒരു ദശകം പിന്നിട്ടിട്ടും നിലനില്‍ക്കുന്ന ഭീകരമായ അവഗണകളെ തുറന്നു കാട്ടുന്ന ഈ റിപ്പോര്‍ട്ടുകള്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും വാര്‍ത്തയായില്ല. ഇന്ത്യയിലുള്ള നാല് ലക്ഷത്തോളം വരുന്ന യാചകരില്‍ നാലിലൊരു ഭാഗവും ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ജോലി ചെയ്യാത്ത 72.89 കോടി ജനങ്ങളില്‍ 25 ശതമാനവും യാചകരാണത്രെ. അവരില്‍ 25 ശതമാനവും മുസ്‌ലിം സമുദായത്തില്‍ നിന്നും.
സാമൂഹിക സമത്വത്തിലൂന്നി നിലകൊള്ളുന്ന ഒരു രാജ്യം അതിന്റെ 70ാം പിറന്നാള്‍ ആഘോഷിച്ചപ്പോഴും 700 കൊല്ലം രാജ്യം ഭരിച്ചവരുടെ പിന്മുറക്കാര്‍ ഇത്രയും വലിയ അസമത്വങ്ങള്‍ അനുഭവിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ദാരിദ്ര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും സാക്ഷരതയില്‍ ഏറ്റവും താഴ്ന്ന നിരക്കും മുസ്‌ലിം സമുദായത്തിലാണെന്ന് 2006ലെ സച്ചാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ആ അവസ്ഥക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഈയിടെ പുറത്തുവിട്ട നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടും കേന്ദ്ര പട്ടിക വിഭാഗ മന്ത്രാലയം പ്രസിദ്ധീകരിച്ച ഓള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എജ്യൂക്കേഷനും തെളിയിക്കുന്നത്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് പ്രസിദ്ധീകരിച്ച Employment and Unemployment situation among major religious groups in India എന്ന റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം സമുദായത്തില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാരിലെ സാക്ഷരതാ നിരക്ക് 81 ശതമാനം മാത്രമാണ്. ഇതര സമുദായങ്ങളില്‍ ഇതേ സാക്ഷരതാ നിരക്ക് 91 ശതമാനവും 94 ശതമാനവും ഉള്ളപ്പോള്‍ തന്നെയാണിത്.
ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഹൈന്ദവര്‍ക്ക് 24.2 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 36.9 ശതമാനവും സിക്കുകാര്‍ക്ക് 28 ശതമാനവും പ്രാതിനിധ്യമുള്ളപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം 13.8 ശതമാനം മാത്രമാണ്. സേജ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 2015 വര്‍ഷത്തെ ഹയര്‍ എജ്യൂക്കേഷന്‍ സര്‍വേ പരിശോധിക്കുമ്പോള്‍, സ്വന്തമായി ഒരു രാജ്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടും മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ തങ്ങളില്ലെന്ന ഉറച്ച തീരുമാനമെടുത്ത സ്വതന്ത്രാനന്തര മുസ്‌ലിംകളുടെയും ത്യാഗ ജീവിതങ്ങള്‍ വൃഥാവിലായിരുന്നോ എന്ന് ചിന്തിച്ചു പോകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി വിഭാഗം പോലും 13.4 ശതമാനം എന്റോള്‍മെന്റ് നടത്തുമ്പോള്‍ മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള വരവ് 4.4 ശതമാനമേയുള്ളൂ. 23.6 ശതമാനം ദേശീയ ശരാശരിയുള്ള ഒരു രാജ്യത്താണിത്. ബിരുദ തലത്തിലേക്കുള്ള പ്രവേശനം പട്ടിക ജാതിക്കാരില്‍; മുതിര്‍ന്നവര്‍ ഒന്നും പുതുതലമുറക്കാര്‍ രണ്ടും എന്ന അനുപാത്തില്‍ നില്‍ക്കുമ്പോള്‍, മുസ്‌ലിംകളില്‍ അത് ഒന്നും രണ്ടും മാത്രമാണ്. കണക്കുകള്‍ പ്രകാരം രാജ്യത്തെ മുസ്‌ലിം ജനസംഖ്യയിലെ അഞ്ചിനും 29നുമിടയില്‍ പ്രായമുള്ളവരില്‍ 50.4 ശതമാനവും സ്‌കൂളുകളിലേക്കോ കോളജുകളിലേക്കോ പോകാത്തവരാണ്. അതായത് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സൂചികകളില്‍ ഭൂരിഭാഗത്തിലും മുസ്‌ലിംകള്‍ പട്ടികജാതിക്കാരേക്കാള്‍ താഴെയാണ് വരുന്നത്.
അതേ സമയം കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുസ്‌ലിംകളെ മറ്റു പിന്നാക്ക വിഭാഗം എന്ന കാറ്റഗറിയില്‍ പെടുത്തിയതിലൂടെ വലിയ പുരോഗതി നേടിയതും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ അസമത്വങ്ങള്‍ അനുഭവിക്കുന്നതും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ യൂനിവേഴ്‌സിറ്റി തലത്തിലേക്കുള്ള പ്രവേശത്തിന്റെ ഏഴ് ഇരട്ടിയിലധികമാണ് ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏര്‍പ്പെടുത്തിയ സംവരണങ്ങളും സാമൂഹിക സംഘടനകളുടെ സജീവ സാന്നിധ്യവും ഇതിനു കാരണമായി പറയുന്നുണ്ട്.
സാമ്പത്തികമായും സാമൂഹികമായും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മറ്റു വിഭാഗങ്ങളേക്കാള്‍ വളരെ പരിതാപകരമാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലും കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായത്. തിരഞ്ഞെടുപ്പിന്റെ വേളകളില്‍ പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകള്‍ കേവലം വാചകക്കസര്‍ത്തുകളെന്നതിലപ്പുറം ഇതര സമുദായങ്ങളില്‍ നിന്ന് അപശബ്ദങ്ങള്‍ ഉയരാനുമിടയാക്കി.
കഴിഞ്ഞ 10 വര്‍ഷമായി സിവില്‍ സര്‍വീസ് പരീക്ഷക്കിരിക്കുന്ന മുസ്‌ലിംകളില്‍ നിന്ന് മൂന്ന് ശതമാനമേ തിരഞ്ഞെടുക്കപ്പെടുന്നുള്ളൂ. ന്യൂനപക്ഷങ്ങളുടെ പേരിലുള്ള അധര സേവക്കപ്പുറം അവരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നതാണിവയെല്ലാം വിളിച്ചോതുന്നത്. മുസ്‌ലിംകള്‍ക്ക് പുരോഗതി വേണമെങ്കില്‍ അവര്‍ സ്വയം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ മേഖലകളില്‍ സമുദായത്തിന്റെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ളവരില്ലെന്നതാണ് യാഥാര്‍ഥ്യം.
വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത് പോലെ ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും കേരളത്തില്‍ മുസ്‌ലിം സമുദായം കൈവരിച്ച നേട്ടങ്ങള്‍ എന്തു കൊണ്ട് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അന്യമായി എന്നത് പഠിക്കേണ്ടതുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറായിരുന്ന സയ്യിദ് ഇഖ്ബാല്‍ ഹസനൈനി തന്റെ “Muslims in North India: Frozen in the past എന്ന പുസ്തകത്തില്‍ ഈ വൈരുധ്യങ്ങളെ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ത്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുസ്‌ലിംകളേക്കാള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും പരിതസ്ഥിതിയിലാണ് ബീഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, ഹരിയാന എന്നിവിടങ്ങളിലെ മുസ്‌ലിംകളെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രാദേശിക മുസ്‌ലിം സംഘടനകളും നേതാക്കളും മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചതിന്റെ ഫലങ്ങളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേട്ടങ്ങളെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
മാര്‍കണ്ഡേയ കട്ജു നിരീക്ഷിച്ച പോലെ കേരളീയരില്‍ നിന്ന് മറ്റുള്ളവര്‍ ഒത്തിരി പഠിക്കേണ്ടതുണ്ട്. ജാതിമത വര്‍ഗ വ്യത്യാസങ്ങളില്ലാതെ, പരസ്പര സഹകരത്തോടെ, മത ധര്‍മങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, സൂഫീ പണ്ഡിത നേതൃത്വത്തിന്റെ കീഴില്‍ അണിനിരന്നുവെന്നതാണ് കേരളീയരെ ഔന്നിത്യത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ളത്. നിരവധി കാരണങ്ങളാല്‍ ഇന്നും പീഡിതരായി കഴിയുന്ന ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിംകള്‍വിദ്യാഭ്യാസ പരമായും സാമൂഹികമായും സാമ്പത്തികമായും ദിശാബോധം കൈവരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമ്പല്‍ സമൃധമായ ഒരു രാജ്യത്തെ കെട്ടിപ്പടുക്കാന്‍ സര്‍വ മനുഷ്യരുടെയും നന്മക്കും പുരോഗതിക്കും വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സാമൂഹിക സംഘടനകളില്‍ നിന്നെന്ന പോലെ ഗവണ്‍മെന്റുകളില്‍ നിന്നും ഉണ്ടാവേണ്ടത്.