വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് ജി സി സി ഏകീകൃത ഫീസ് വേണമെന്ന് നിര്‍ദേശം

Posted on: August 18, 2016 7:09 pm | Last updated: August 18, 2016 at 7:09 pm

ദോഹ: ജി സി സി രാഷ്ട്രങ്ങളില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റിന് ഏകീകൃത ഫീസ് നിരക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി രാജ്യത്തെ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഭാരിച്ച ചെലവ് വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫ് റിക്രൂട്ട്‌മെന്റ് ഏജന്‍സീസ് (ഒക്‌റ) മുമ്പാകെ സമര്‍പ്പിക്കാന്‍ ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്.
തൊഴിലാളികളുടെ രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കുള്ള അധികാരം കുറക്കുകയെന്നതും ഇത്തരമൊരു നീക്കത്തിന്റെ പിന്നിലുണ്ട്. വിദേശ ഏജന്‍സികളെ ലക്ഷ്യംവെച്ചുള്ളതാണ് ഇതെന്ന് പ്രമുഖ് റിക്രൂട്ട്‌മെന്റ് ഏജന്‍സി മാനേജര്‍ റാഇദ് അല്‍ ദാം പറഞ്ഞു. വിദേശ ഏജന്റുമാര്‍ വലിയ ഫീസ് ആണ് ഈടാക്കുന്നത്. നേരായ ദിശയില്‍ റിക്രൂട്ട്‌മെന്റ് നടത്താറുമില്ല. ഉയര്‍ന്ന ഫീസ് പറയുകയും അത് നിരസിക്കുകയും ചെയ്താല്‍, ഖത്വര്‍ ഉയര്‍ന്ന ഫീസ് അടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് അവര്‍ മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തെ സമീപിക്കും. ആ രാജ്യത്ത് നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള തന്ത്രമാണിത്. വീട്ടുജോലിക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ ജി സി സിതല സംവിധാനം വേണമെന്ന് നിര്‍ദേശത്തിലുണ്ട്. വീട്ടുജോലിക്കാര്‍ക്ക് ഗള്‍ഫ്തല വിസ സമ്പ്രദായം കൊണ്ടുവന്നാല്‍ ഓടിപ്പോകുന്ന തൊഴിലാളികള്‍ക്ക് മറ്റൊരു ഗള്‍ഫ് രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല.
സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഓടിപ്പോകുന്നവരില്‍ നിന്നും കാലാവധിക്ക് മുമ്പ് കരാര്‍ റദ്ദാക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ വീട്ടുജോലി കരാറില്‍ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകോപനം ആവശ്യമാണ്. കാലാവധിക്ക് മുമ്പ് കരാര്‍ റദ്ദാക്കുകയാണെങ്കില്‍ സ്‌പോണ്‍സര്‍ക്ക് വലിയൊരു തുക നഷ്ടപരിഹാരമായി തൊഴിലാളി നല്‍കണമെന്ന വ്യവസ്ഥ ചേര്‍ക്കണമെന്നാണ് നിര്‍ദേശം.
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജി സി സി ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ സമയബന്ധിത യോഗം ചേരാറുണ്ട്.