ജുഡീഷ്യറിയില്‍ വിശ്വാസം, കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷ: ലിന്‍സന്‍ തോമസ്

Posted on: August 18, 2016 4:35 pm | Last updated: August 18, 2016 at 4:35 pm
SHARE
linson thomas
കസ്റ്റഡിയില്‍ നിന്ന് മോചിതനായ ലിന്‍സന്‍ സലാലയിലെ താമസ സ്ഥലത്ത്‌

സലാല:119 ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം മോചിതനായ ലിന്‍സന്‍ തോമസിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ചേരണമെന്നതാണ്് ലിന്‍സന്റെ ഇപ്പോഴത്തെ വലിയ ആഗ്രഹം. ഭാര്യയെ കൊന്നവനെ പോലീസ് പിടികൂടുമെന്നു തന്നെയാണ് ലിന്‍സന്റെ പ്രതീക്ഷ.

ഒമാന്റെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ലിന്‍സന്‍ തോമസ് പ്രതികരിച്ചു. എന്റെ എല്ലാ കാര്യങ്ങളും പോലീസിന്റെ ഭാഗത്തു നിന്ന് സുതാര്യമായ സമീപനമാണ് ഉണ്ടായിരുന്നത്. തന്റെ ഭാര്യയെ കൊന്നവരെ പിടികൂടാന്‍ പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിന്‍സന്‍ പറഞ്ഞു. എന്നാല്‍, ലിന്‍സന് എപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിയും എന്നത് സംബന്ധമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാസ്‌പോര്‍ട്ട് അധികൃതരുടെ കൈവശം തന്നെയാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിതനായി സലാലയിലെ താമസ സ്ഥലത്തെത്തിയ ലിന്‍സനുള്ള സഹായങ്ങള്‍ ലിന്‍സന്റെ ബന്ധു അടക്കമുള്ളവര്‍ ഏര്‍പ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിലേക്കും ചിക്കു റോബര്‍ട്ടിന്റെ കുടുംബത്തിലേക്കും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ലിന്‍സന്‍ പറഞ്ഞു.

ലിന്‍സനെ മോചിപ്പിച്ചതില്‍ ഇരു കുടുംബങ്ങളും സന്തോഷം പങ്കുവെച്ചു. മകളുടെ കൊലയാളിയെ പോലീസിന് കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചിക്കു റോബര്‍ട്ടിന്റെ ബന്ധുക്കള്‍ പറഞ്ഞു. ലിന്‍സന്‍ ഉടന്‍ നാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരു കുടുംബാംഗങ്ങളും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here