നീനാഗോപാലിന്റെ പുസ്തകം വിവാദമാകുന്നു

Posted on: August 18, 2016 4:23 pm | Last updated: August 18, 2016 at 4:23 pm
SHARE

neena gopalദുബൈ:ദുബൈയില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകയായിരുന്ന നീനാ ഗോപാലിന്റെ പുസ്തകം വിവാദമാകുന്നു. ശ്രീലങ്കയിലെ എല്‍ടി ടി ഇയുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ രണ്ടാമനായിരുന്ന മഹാതിയ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അന്ത്യദിനങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്ന പുസ്തകമാണിത്. ദുബൈയില്‍ ഗള്‍ഫ് ന്യൂസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നീനാ ഗോപാല്‍ രാജീവ് ഗാന്ധിയെ സന്ദര്‍ശിച്ചത്. രാജീവ് കൊല്ലപ്പെടുമ്പോള്‍ ദൃക്‌സാക്ഷിയായിരുന്നു. പെന്‍ഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

‘രാജീവ് ഗാന്ധി വധം’ എന്ന പുസ്തകത്തില്‍ റോയും എല്‍ ടി ടി ഇയും തമ്മിലുള്ള ബന്ധം വിവരിക്കുന്നുണ്ട്. എല്‍ ടി ടി ഇയില്‍ 1989ലാണു റോ മഹാതിയയെ (ഗോപാല സ്വാമി മഹേന്ദ്രരാജ) പ്രതിഷ്ഠിക്കുന്നത്. പ്രഭാകരന്റെ രണ്ടാമനായി അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ റോയ്ക്കു കഴിഞ്ഞു.

വിചാരിച്ചതുപോലെ കാര്യങ്ങള്‍ പോയിരുന്നെങ്കില്‍ അദ്ദേഹം എല്‍ ടി ടി ഇ തലവനാകുമായിരുന്നു. എന്നാല്‍ 1993 ജനുവരിയില്‍ പ്രഭാകരന്റെ ബാല്യകാല സുഹൃത്തും ജാഫ്‌നയിലെ എല്‍ ടി ടി ഇ കമാന്‍ഡറുമായിരുന്ന കിട്ടുവിന്റെ മരണത്തിലേക്കു നയിച്ച സംഭവത്തിനു പിന്നിലെ തമിഴ്പുലികളുടെ കപ്പലിനെക്കുറിച്ച് ഇന്ത്യക്കു വിവരം ചോര്‍ത്തിയതു മഹാതിയയാണെന്ന് എല്‍ ടി ടി ഇക്കു സൂചനകിട്ടി. റോയുടെ ചാരനാണെന്ന സംശയത്തെ തുടര്‍ന്ന് അവര്‍ മഹാതിയയെ പിടികൂടി പീഡിപ്പിക്കുകയും 19 മാസങ്ങള്‍ക്കുശേഷം 1994 ഡിസംബറില്‍ വധിക്കുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായികളായിരുന്ന 257 പേരെയും എല്‍ ടി ടി ഇ തിരിച്ചറിഞ്ഞു പിടികൂടി വധിച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു.

ശ്രീപെരുംപുത്തൂരില്‍ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് രാജീവ് ഗാന്ധിയെ നീനാ ഗോപാല്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അടുത്തുവരുന്ന മരണത്തെക്കുറിച്ചു പ്രവാചകസ്വഭാവമുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതായും നീന ഗോപാല്‍ പുസ്തകത്തില്‍ വിവരിച്ചു. ദുബൈ ജീവിതം മതിയാക്കി ബംഗളൂരുവില്‍ ഡെക്കാന്‍ ക്രോണിക്കിളിന്റെ എഡിറ്ററായി മാറിയ നീന, ഇന്ത്യയിലും ശ്രദ്ധേയയായി. കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ നീന ബംഗളൂരുവിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here